സ്വർണ വില 8000 വരെ ഉയർന്നേക്കും: പ്രവാസികള്‍ ഈ അവസരം മുതലെടുത്താല്‍ ലാഭം 5000 രൂപയോളം
ദുബായ്: ഒരു പവന് 280 രൂപ കുറഞ്ഞതോടെ രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സംസ്ഥാനത്ത് ഇന്നലെ സ്വർണ വില്‍പ്പന നടന്നത്. 44040 രൂപയായിരുന്നു വിപണി വില. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ കുറഞ്ഞ് 5505 എന്ന നിരക്കിലേക്കുമെത്തി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി ഈ മാസം 10 മുതല്‍ അഭ്യന്തര വിപണയിലും സ്വർണ വില തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയില്‍ മാത്രമല്ല, യുഎഇയിലും സമീപ ദിവസങ്ങളില്‍ സ്വർണ വിലയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1756 ദിർഹം (39,269 ഇന്ത്യന്‍ രൂപ) എന്ന നിരക്കിലാണ് ദുബായ് അടക്കമുള്ള പ്രമുഖ കേന്ദ്രങ്ങളിലെ വില്‍പ്പന. കേരളത്തിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 4771 രുപയുടെ വില വ്യത്യാസമാണ് യുഎഇ മാർക്കറ്റില്‍ സ്വർണത്തിനുള്ളത്.

വില കുറഞ്ഞതോടെ ദുബായ് ഗോള്‍ഡ് സൂക്കില്‍ ഉള്‍പ്പടെ സ്വർണം വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വർധനവുണ്ടായിട്ടുണ്ട്. സമീപ മാസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സ്വർണം വാങ്ങുന്നത് കൂടുതല്‍ ലാഭകരമാണെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്. കാരണം 2023 ന്റെ രണ്ടാം പകുതിയില്‍ സ്വർണ വില വലിയ തോതില്‍ ഉയരാനുള്ള സാധ്യതയും ഇവർ മുന്നില്‍ കാണുന്നു.
'നിലവില്‍ വിലക്കുറവ് ഉണ്ടായെങ്കിലും അത് സ്ഥിരമായി തുടരണമെന്നില്ല. 2023-ൽ സ്വർണം മറ്റ് നിക്ഷേപങ്ങളെക്കാൾ മികച്ച പ്രകടനം നടത്തുമെന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്നു. ഇത് ഏറെക്കുറെ സംഭവിക്കാനാണ് സാധ്യത. വർഷത്തിന്റെ രണ്ടാം പകുതിയിലായിരിക്കും റെക്കോർഡ് നിരക്കിലേക്ക് സ്വർണം ഉയരുക' ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രഷ്യസ് മെറ്റൽ റീട്ടെയിൽ അനലിസ്റ്റ് ജോർജിന എഫൽ പറഞ്ഞു.
2023-ൽ സ്വർണ്ണത്തിന് 10 ശതമാനം മുതൽ 15 ശതമാനം വരെ അല്ലെങ്കിൽ അതിലും കൂടുതലോ വില ഉയരുമെന്ന് നിരവധി വിശകലന വിദഗ്ധരും ഏജൻസികളും പ്രവചിക്കുന്നു. ഇത് 2024 ആകുമ്പോഴേക്കും ഗ്രാമിന്റെ വിലയയില്‍ ഏകദേശം 50 ദിർഹത്തിന്റെ (1,118 രൂപ) വർധനവ് ഉണ്ടാക്കിയേക്കുമെന്നാണ് പ്രതീക്ഷ. അതായത് പവന് ഒമ്പതിനായിരത്തോളം (8944) രൂപയുടെ വർധനവ് സ്വർണ നിരക്കിലുണ്ടായേക്കും.

പണപ്പെരുപ്പവും ഫെഡ് പലിശ നിരക്കുമാണ് ആഗോള രംഗത്ത് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. 'പലിശ നിരക്കുകൾ വർധിപ്പിക്കാതിരിക്കുമ്പോൾ നിക്ഷേപങ്ങളിലെ വരുമാനം കുറയാൻ തുടങ്ങും. ഈ സാഹചര്യത്തിൽ, ആളുകൾ കൂടുതലായി സ്വർണ്ണത്തിലേക്ക് തിരിയും. ഇത് സ്വർണത്തിന്റെ ഡിമാന്‍ഡും വിലയും വർധിപ്പിക്കും'- യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻവെസ്റ്റ്മെന്റ് മാനേജർ സുബൈർ ഷക്കീലിനെ ഉദ്ധരിച്ച് അറേബ്യന്‍ ബിസിനസ് റിപ്പോർട്ട് ചെയ്യുന്നു.
നാട്ടിലേക്ക് എത്ര സ്വർണം കൊണ്ടുവരാം
കേരളം കഴിഞ്ഞാല്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ സ്വർണം വാങ്ങുന്നത് യുഎഇയില്‍ നിന്നാണ്. നിലവിലെ നിരക്കില്‍ യുഎഇയില്‍ നിന്നും സ്വർണവാങ്ങുന്നവർക്ക് 5000 രൂപയ്ക്ക് അടുത്തുള്ള ഇളവാണ് ലഭിക്കുന്നത്. എന്നാല്‍ നികുതിയില്ലാതെ വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയുന്ന സ്വർണത്തിന് കേന്ദ്ര സർക്കാർ നിശ്ചിത പരിധി നിശ്ചയിട്ടുണ്ട്.
പരമാവധി 20 ഗ്രാം അല്ലെങ്കിൽ 50,000 രൂപവരെ മൂല്യമുള്ള സ്വർണാഭരണങ്ങളാണ് ഒരു വർഷത്തിൽ അധികം ദുബായിൽ കഴിഞ്ഞ പുരുഷന് നികുതി നൽകാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുക. സ്ത്രീകൾക്ക് പരമാവധി 40 ഗ്രാം അല്ലെങ്കിൽ ഒരു ലക്ഷം രൂപവരെ മൂല്യമുള്ള സ്വർണം നികുതിയില്ലാതെ കൊണ്ടുവരാന്‍ കഴിയും. നികുതിയില്ലാതെ കൊണ്ടു വരാവുന്ന അളവിൽ കൂടുതൽ ഉള്ള സ്വർണത്തിന് കസ്റ്റംസ് ഡ്യൂട്ടി അടക്കേണ്ടതായിട്ടുണ്ട്.
സ്വർണ കട്ടിക്ക് കസ്റ്റംസ് ഡ്യൂട്ടി 10 ഗ്രാമിന് 300 രൂപയും 3 % വിദ്യാഭാസ സെസുമാണ് നല്‍കേണ്ടത്. സ്വർണ നാണയം, ആഭരണങ്ങൾ എന്നിവക്ക് 10 ഗ്രാമിന് 750 രൂപയും 3 % വിദ്യാഭാസ സെസുമാണ് പരിധി. കൊണ്ടുവരുന്ന സ്വർണത്തിന്റെ അളവ് ഒരു കിലോഗ്രാമില്‍ അധികമാണെങ്കില്‍ 36.05 % കസ്റ്റംസ് ഡ്യൂട്ടി നൽകണം.












Click it and Unblock the Notifications