ആദ്യം കൂസലില്ലാതെ കണ്ട ഫൈസല്‍ ഫരീദ് എവിടെ? നമ്പര്‍ കുറച്ചത് മനപ്പൂര്‍വമോ, അടുപ്പക്കാരുടെ ഫൈസി...
ദുബായ്: തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ മൂന്നാം പ്രതിയാണ് ഫൈസല്‍ ഫരീദ്. ദുബായിലുള്ള തൃശൂര്‍ക്കാരന്‍ എന്നാണ് എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചത്. ആദ്യം എറണാകുളം സ്വദേശി എന്നാണ് എഫ്‌ഐആറില്‍ ഉണ്ടായിരുന്നത്. പിന്നീട് തൃശൂര്‍ എന്ന് തിരുത്തി.
മാധ്യമങ്ങളില്‍ പ്രതിയെന്ന പേരില്‍ കാണിക്കുന്ന ചിത്രം എന്റേത് തന്നെയാണെന്നും എന്നാല്‍ തനിക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമില്ലെന്നുമാണ് ഫൈസല്‍ ഫരീദ് ഞായറാഴ്ച മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞത്. പക്ഷേ, ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇദ്ദേഹത്തെ വിളിച്ചിട്ടു കിട്ടുന്നില്ലത്രെ. അടുപ്പക്കാര്‍ക്കിടയില്‍ ഫൈസി എന്നാണ് ഇയാളെ വിളിക്കാറ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഫൈസല്‍ ഫരീദ് പറഞ്ഞത്
മാധ്യമങ്ങളില്‍ പറയുന്ന പോലെ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി തനിക്ക് ബന്ധമില്ലെന്നും സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ പേരുകള്‍ ഇപ്പോഴാണ് താന്‍ കേള്‍ക്കുന്നതെന്നുമാണ് ഫൈസല്‍ ഫരീദ് ദിവസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമപരമായി പരിശോധിക്കുമെന്നും ഇയാള്‍ പറഞ്ഞിരുന്നു.
Recommended Video

ഫോണില്‍ കിട്ടുന്നില്ല
തിങ്കളാഴ്ച മുതല്‍ ഫൈസല്‍ ഫരീദിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നാണ് പറയുന്നത്. യുഎഇയിലെ മലയാളി മാധ്യമപ്രവര്‍ത്തകരെല്ലാം ഇയാളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. ചില സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്കും ഫൈസല്‍ ഫരീദ് എവിടെ എന്നറിയില്ല.

ഫൈസി എന്ന് വിളിക്കും
ദുബായിലെ മലയാളി കൂട്ടായ്മകളില്‍ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും ഫൈസല്‍ ഫരീദിനെ അറിയാമെങ്കിലും അത്ര അടുപ്പമില്ല. ഖിസൈസിലെ ദമസ്‌കസ് സ്ട്രീറ്റിന് അടുത്താണ് ഇയാളുടെ 5സി മോട്ടോര്‍ സ്‌പോര്‍ട്‌സ് എന്ന വര്‍ക്ക് ഷോപ്പ്. ഫൈസി എന്ന് ആളുകള്‍ ചുരുക്കി വിളിക്കുന്ന പേരാണ് തന്റെ സ്ഥാപനത്തിനും ഇട്ടിരിക്കുന്നത്.

വര്‍ക്ക് ഷോപ്പും ജിംനേഷ്യവും
ഈ വര്‍ക്ക് ഷോപ്പ് കുറച്ചുദിവസമായി തുറക്കാറില്ലത്രെ. കേസില്‍ പ്രതിയാണെന്ന വിവരം മാധ്യമങ്ങളില്‍ കണ്ടതോടെ പലര്‍ക്കും ആശ്ചര്യമുണ്ടായി. ഖിസൈസില്‍ തന്നെ ഇയാള്‍ക്ക് ഗോ ജിം എന്ന പേരില്‍ ഒരു ജിംനേഷ്യവുമുണ്ട്. ഇതില്‍ മറ്റു രാജ്യങ്ങളിലെ ചിലര്‍ക്കും പങ്കാളിത്തമുണ്ട് എന്നാണ് വിവരം.

താമശ തോന്നി
കഴിഞ്ഞ ഞായറാഴ്ച മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയ ഫൈസല്‍ ഫരീദ് തനിക്ക് ഇത്തരം ബന്ധങ്ങളില്ലെന്നും അന്വേഷണ സംഘം താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് പ്രതികരിച്ചത്. വാര്‍ത്ത കണ്ട് തനിക്ക് താമശ തോന്നിയെന്നും പോലീസുകാരല്ലാത്ത ചിലര്‍ തന്നെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഇയാളുടെ സുഹൃത്തുക്കള്‍ക്കും ഭയം നിറഞ്ഞിട്ടുണ്ട്.

റാഷിദിയ്യയിലെ വില്ല
റാഷിദിയ്യയിലെ വില്ലയിലായിരുന്നു ഫൈസല്‍ ഫരീദ് കുടുംബ സമേതം താമസിച്ചിരുന്നത്. സ്വര്‍ണം അയച്ച വിലാസത്തില്‍ അഞ്ചാം നമ്പര്‍ വില്ല എന്നാണ് കാണിച്ചത്. തെരുവിന്റെ പേരില്ലായിരുന്നു. അഞ്ചാം നമ്പര്‍ വില്ലകള്‍ ഇവിടെ വേറെയുമുണ്ട്. കൂടാതെ രേഖപ്പെടുത്തിയ യുഎഇ മൊബൈല്‍ നമ്പറില്‍ ഒരക്കം കുറവുമായിരുന്നു.

യുഎഇയും അന്വേഷിക്കുന്നു
യുഎഇ കാര്യാലയവുമായി ബന്ധപ്പെട്ട കേസായതിനാല്‍ യുഎഇയും അന്വേഷിക്കുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. ഫൈസല്‍ ഫരീദിന്റെ പേര് പരസ്യമായതിനാല്‍ യുഎഇ പോലീസ് ഇയാളെ ചോദ്യം ചെയ്‌തേക്കാം. കൂടാതെ എന്‍ഐഎ അന്വേഷണ സംഘം യുഎഇയിലെത്താനും സാധ്യതയുണ്ട്.

സാധ്യത ഇങ്ങനെ
യുഎഇയും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിന് കരാറുണ്ട്. ഫൈസല്‍ ഫരീദിനെതിരെ വാറണ്ട് പുറപ്പെടുവിച്ചതിനാല്‍ ഇയാളെ കേരളത്തിലെത്തിക്കും. ഒരു പക്ഷേ, അന്വേഷണ സംഘം ദുബായിലേക്ക് കൂടുതല്‍ തെളിവെടുപ്പിനും അന്വേഷണത്തിനുമായി പോകാനും സാധ്യതയേറെയാണ്.

സംഭവത്തിന്റെ തുടക്കം
ജൂലൈ 5ന് സ്വര്‍ണം പിടിച്ചതോടെയാണ് സ്വര്‍ണക്കടത്ത് പുറത്തായത്. യുഎഇ നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയത്. കസ്റ്റംസിന് സംശയം തോന്നിയതിനാല്‍ തടഞ്ഞുവച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ എംബസി അധികൃതരുടെ സാന്നിധ്യത്തില്‍ തുറന്നുപരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടത്.

അറസ്റ്റിന് തുടക്കം
യുഎഇ എംബസി പിആര്‍ഒ എന്ന പേരിലെത്തിയിരുന്ന സരിത്തിനെ കസ്റ്റംസ് ഉടന്‍ അറസ്റ്റ് ചെയ്തു. പിന്നീടാണ് സ്വപ്‌ന സുരേഷിന്റെയും സുഹൃത്ത് സന്ദീപ് നായരുടെയും പേര് പുറത്തുവന്നത്. ഇതോടെ ഇവരെ പിടിക്കാന്‍ ശ്രമം തുടങ്ങി. ഇരുവരും മുങ്ങിയിരുന്നു. എന്‍ഐഎ അന്വേഷണം ഏറ്റെടുത്തതോടെ ബെംഗളൂരുവില്‍ നിന്ന് ഇരുവരെയും പിടികൂടി.

കൂടുതല്‍ പേര്‍ വലയിലാകും
റമീസ് എന്ന മറ്റൊരാളെയും പിന്നീട് പിടികൂടി. പ്രതികളില്‍ ചിലരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് ചൊവ്വാഴ്ച ഒമ്പത് മണിക്കൂറുകളോളം ചോദ്യം ചെയ്തു വിട്ടയച്ചു. ഇയാളുടെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് വിവരം.












Click it and Unblock the Notifications