വമ്പന്‍ പ്രഖ്യാപനം; യുഎഇ, സൗദി, ഖത്തര്‍ യാത്രക്കാര്‍ക്ക് സന്തോഷിക്കാം... കൂടുതല്‍ വിമാനം വരുന്നു
ദുബായ്: പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ജിസിസി രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ തയ്യാറെടുക്കുന്നു. കേരളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള സര്‍വീസ് വര്‍ധിപ്പിക്കാനും ധാരണ. ഇതോടൊപ്പം കൂടുതല്‍ ജോലി സാധ്യതയും എയര്‍ ഇന്ത്യയില്‍ വരുന്നു.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംഡി അലോക് സിങ് ഖലീജ് ടൈംസിനോടാണ് പുതിയ നീക്കങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ചത്. കൂടുതല്‍ സര്‍വീസ്, കപ്പാസിറ്റി വര്‍ധിപ്പിക്കല്‍, റിക്രൂട്ട്‌മെന്റ് തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം വിശദീകരിച്ചത്. പ്രവാസികള്‍ക്ക് വളരെ സന്തോഷം നല്‍കുന്നതാണിത്. കണ്ണൂരിലേക്ക് സര്‍വീസ് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അറിയാം വിശദാംശങ്ങള്‍.

കേരളത്തിലേക്ക് മാത്രമല്ല, ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലെ മറ്റു ടയര്‍ 2, 3 നഗരങ്ങളിലേക്കും സര്‍വീസുകള്‍ വര്‍ധിപ്പിക്കാനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തീരുമാനം. സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്കും സര്‍വീസ് വര്‍ധിപ്പിക്കും. യുഎഇ-കേരള റൂട്ടുകളില്‍, പ്രത്യേകിച്ച് കണ്ണൂരിലേക്കുള്ള സര്‍വീസ് വര്‍ധിപ്പിക്കുന്നതും പരിശോധിക്കും.
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ആഴ്ചയില്‍ 105 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ദുബായ്, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ, അല്‍ഐന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളെല്ലാം ഇതില്‍പ്പെടും. ജിസിസിയിലേക്ക് മൊത്തമായി ആഴ്ചയില്‍ 308 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും അലോക് സിങ് പറഞ്ഞു. ചെലവ് കുറഞ്ഞ യാത്രയ്ക്ക് സൗകര്യമൊരുക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നത് യാത്രക്കാര്‍ക്ക് നേട്ടമാകും.
2022 ജനുവരിയിലാണ് എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതും കമ്പനി വീണ്ടും ടാറ്റ ഗ്രൂപ്പിന്റെ കൈവശമെത്തിയതും. ഈ വര്‍ഷം മാര്‍ച്ചില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ തുടങ്ങിയ അനുബന്ധ കമ്പനികളുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും പൂര്‍ത്തിയായിരുന്നു. ഇനി സര്‍വീസ് വര്‍ധിപ്പിക്കലും ജീവനക്കാരുടെ എണ്ണം ഉയര്‍ത്തലുമാണ് ലക്ഷ്യം.
കൂടുതല്‍ പൈലറ്റുമാരെയും വിമാന ജീവനക്കാരെയും റിക്രൂട്ട് ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ട്. മാത്രമല്ല, പുതിയ വിമാനങ്ങളും വാങ്ങും. കഴിഞ്ഞ ആറ് മാസത്തിനിടെ 350 പൈലറ്റുമാരെയും 550 വിമാന ജീവനക്കാരെയും നിയമിച്ചിരുന്നു. ഓരോ മാസവും 50 പൈലറ്റുമാര്‍, 200 ജീവനക്കാര്‍ എന്ന നിരക്കിലാണ് നിയമനം തുടരുന്നത്. 2024 അവസാനമാകുമ്പോഴേക്കും 450 പൈലറ്റുമാരെയും 800 ജീവനക്കാരെയും നിയമിക്കാനാണ് ആലോചന.












Click it and Unblock the Notifications