പ്രവാസികള്‍ക്ക് അതുല്യ അവസരം; നിരക്ക് കുറച്ച് ഒമാന്‍ എയര്‍... അറിയണം ചില നിബന്ധനകള്‍
മസ്‌ക്കത്ത്: സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കെ, വലിയ ഓഫറുമായി ഒമാന്‍ എയര്‍. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടിക്കറ്റ് നിരക്കില്‍ ഇളവുമായി ഒമാന്റെ ഔദ്യോഗിക വിമാന കമ്പനി രംഗത്തുവന്നിട്ടുള്ളത്. എന്നാല്‍ ഈ ഓഫര്‍ ഏതാനും ദിവസങ്ങള്‍ക്കകം തീരുമെന്നത് എടുത്തു പറയണം.
ഇക്കോണമി ക്ലാസ് യാത്രയ്ക്കുള്ള ടിക്കറ്റിന് 20 ശതമാനം ഇളവാണ് ഒമാന്‍ എയര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അവധി കാലത്ത് കൂടുതല്‍ യാത്രക്കാരെ പ്രതീക്ഷിച്ചാണ് ഈ ഓഫര്‍. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 15 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് അവസരം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

2024 മാര്‍ച്ച് 15 വരെയുള്ള യാത്രയ്ക്ക് ഇളവ് ലഭിക്കും. എന്നാല്‍ മടക്ക യാത്ര കൂടി ഉള്‍പ്പെട്ടാല്‍ മാത്രമേ ഇളവ് ലഭിക്കൂ എന്ന നിബന്ധനയുമുണ്ട്. ഒമാന്‍ എയറിന്റെ വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും ട്രാവര്‍ ഏജന്റുമാര്‍ മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം. നിബന്ധനകള്‍ ട്രാവല്‍ ഏജന്റുമാരില്‍ നിന്ന് വിശദമായി ചോദിച്ചറിഞ്ഞ ശേഷമേ ബുക്ക് ചെയ്യാവൂ.
കേരള സെക്ടറിലേക്ക് സര്‍വീസ് വിപുലീകരിക്കാന്‍ ഒമാന്‍ എയര്‍ അടുത്തിടെ തീരുമാനിച്ചുരുന്നു. തിരുവനന്തപുരത്തേക്ക് കൂടി സര്‍വീസ് നീട്ടാനാണ് തീരുമാനം. ഒക്ടോബര്‍ ഒന്ന് മുതല്‍ മസ്‌ക്കത്ത് തിരുവനന്തപുരം റൂട്ടില്‍ പ്രതിദിന സര്‍വീസ് ആരംഭിക്കും. നിലവില്‍ ഈ റൂട്ടില്‍ കണക്ഷന്‍ സര്‍വീസ് ആണ് ഒമാന്‍ എയര്‍ നടത്തുന്നത്. നേരിട്ട് തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിച്ചാല്‍ ടിക്കറ്റ് നിരക്കില്‍ കുറവ് വരും.
കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ഒമാന്‍ എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരത്തേക്ക് കണക്ഷന്‍ വിമാനത്തിന് 152 റിയാല്‍ വരെ നിരക്ക് വരാറുണ്ട്. നേരിട്ട് സര്‍വീസ് ആരംഭിച്ചാല്‍ ഇത് പകുതിയായി കുറയുമെന്നാണ് പ്രതീക്ഷ. സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തിവച്ച സാഹചര്യത്തില്‍ ഒമാന്‍ എയറിന്റെ തീരുമാനം പ്രവാസികള്‍ക്ക് ഗുണം ചെയ്യും.
ഒമാനിലെ വിമാന കമ്പനികളാണ് ഒമാന്‍ എയറും സലാം എയറും. സലാം എയര്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ കൂടുതല്‍ സര്‍വീസ് കേരളത്തിലേക്ക് ആരംഭിക്കുമെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെയാണ് ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി കമ്പനി നിര്‍ത്തുന്നു എന്ന വാര്‍ത്ത വന്നത്. വിമാനങ്ങളുടെ ലഭ്യത കുറവാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.
ഫുജൈറയില്‍ നിന്ന് മസ്‌കത്ത് വഴി കണക്ഷന്‍ വിമാനവും സലാം എയര്‍ ആഴ്ചകള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. സര്‍വീസ് നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം ഫുജൈറ സര്‍വീസിനെയും ബാധിക്കുമെന്നാണ് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഒമാന്‍ എയര്‍ തിരുവനന്തപുരം സെക്ടറില്‍ നേരിട്ട് സര്‍വീസ് ആരംഭിക്കുന്നത് നേട്ടമാണ്. നിരക്ക് കുറച്ചുള്ള ഓഫറും പ്രവാസികള്‍ക്ക് അതുല്യ അവസരമാകും.












Click it and Unblock the Notifications