കുറഞ്ഞ ശമ്പളമുള്ള പ്രവാസിയാണോ? സന്തോഷ വാര്‍ത്ത; സുപ്രധാന തീരുമാനവുമായി യുഎഇ
ദുബായ്: ഗള്‍ഫ് പ്രവാസികളില്‍ കൂടുതല്‍ പേരും കുറഞ്ഞ ശമ്പളം വാങ്ങുന്നവരാണ്. 1500 ദിര്‍ഹമില്‍ താഴെയാണ് 60 ശതമാനം പ്രവാസികളുടെയും ശമ്പളം. എന്നാല്‍ ഇതിനേക്കാള്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരുമുണ്ട്. കുറഞ്ഞ ശമ്പളം വാങ്ങുന്നവര്‍ക്ക് ആശ്വാസകരമായ പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയം.
കുറഞ്ഞ കൂലി വാങ്ങുന്നവര്‍ക്ക് താമസ സൗകര്യം നിര്‍ബന്ധമായും ഒരുക്കണം എന്നാണ് പുതിയ നിര്‍ദേശം. 50ല്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ 1500 ദിര്‍ഹത്തില്‍ താഴെ കൂലി വാങ്ങുന്നവര്‍ക്കാണ് താമസ സൗകര്യം നിര്‍ബന്ധമായും ഒരുക്കേണ്ടത്. അവര്‍ക്ക് ഒരുക്കുന്ന താമസ സൗകര്യം എങ്ങനെ ആയിരിക്കണം എന്നും വിശദീകരിച്ചിട്ടുണ്ട്.

മൂന്ന് ചതുരശ്ര മീറ്ററില്‍ കുറയാന്‍ പാടില്ലാത്ത ക്വാര്‍ട്ടേഴ്‌സ് ആണ് നല്‍കേണ്ടത്. 10 പേരില്‍ കൂടുതല്‍ ഒരു കിടപ്പുമുറിയില്‍ ഉണ്ടാകരുത്. നല്ല വായുവും വെളിച്ചവും താമസ സ്ഥലത്തുണ്ടായിരിക്കണം. വൈദ്യ സഹായം ലഭിക്കുന്ന മുറിയിലേക്ക് വേഗത്തില്‍ എത്താന്‍ സാധിക്കണം. പ്രാര്‍ഥനാ സൗകര്യവും അലക്കാനുള്ള സ്ഥലവും ഉണ്ടായിരിക്കണം എന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.
പൊതു നിലവാര മാര്‍ഗ രേഖ തൊഴിലാളികളുടെ താമസസ്ഥലത്തിനും ബാധകമാണ്. തൊഴിലുടമയുടെ ഉത്തരവാദിത്തങ്ങളും ചുമതലയും വ്യക്തമാക്കി കഴിഞ്ഞ വര്‍ഷം മാനവ വിഭവ ശേഷി മന്ത്രാലയം ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു. ഈ പ്രമേയത്തില്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കണം എന്നാണ് പുതിയ നിര്‍ദേശം.
മന്ത്രാലയം കൈകാര്യം ചെയ്യുന്ന തൊഴിലാളിയുടെ താമസ സൗകര്യവുമായി ബന്ധപ്പെട്ട രജിസ്റ്ററില്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യണം. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും തൊഴിലിടത്തും താമസ സ്ഥലത്തും ഉറപ്പാക്കാന്‍ വേണ്ടിയാണിത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൊഴില്‍ ചെയ്യുന്ന സ്ഥലത്തിന് അടുത്ത് തന്നെ താമസ സൗകര്യം ഒരുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
റോഡ്, വെള്ളം എന്നിവ വേഗത്തില്‍ ലഭ്യമാകുന്ന പ്രദേശമാകണം താമസസ്ഥലം. 100 ജോലിക്കാരില്‍ അധികമുള്ള കമ്പനികള്‍ സുരക്ഷാ-ആരോഗ്യ ഉദ്യോഗസ്ഥനെ നിയമിക്കണം. ഇതിന് ആവശ്യമായ കിറ്റ് കമ്പനികള്‍ ലഭ്യമാക്കണം. തൊഴിലാളികള്‍ സുരക്ഷാ നടപടികള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കുകയും വേണമെന്നും പുതിയ തൊഴില്‍ ചട്ടത്തില്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications