ദുബായ്; ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം
ദുബായ്: ദുബായില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമത്തിന് അംഗീകാരം ലഭിച്ചു. 2014 മുതല്‍ ദുബായില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും, ദുബായ് പൗരന്മാര്‍, താമസക്കാര്‍, വിസിറ്റേഴ്‌സ് എന്നിവര്‍ക്കാണ് നിയമം നിര്‍ബന്ധമാക്കുന്നത്. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ആരോഗ്യ ഇന്‍ഷുറന്‍സ് ബില്ലിന് അംഗീകാരം നല്‍കിയത്.
ദുബായില്‍ എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായിരിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അവശ്യ ആരോഗ്യ സേനവങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എല്ലാവരും അംഗങ്ങളാകണമെന്ന് ഇതിനോടകം തന്നെ ഭരണാധികാരികള്‍ ആവശ്യപ്പെട്ടിരുന്നു. സന്ദര്‍ശകരെ കൂടി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധയമായി.

സുസ്ഥിര ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം പാസാക്കിയിരിയ്ക്കുന്നത്. പ്രാഥമിക ആരോഗ്യ സംവിധാനങ്ങള്‍ രാജ്യത്തുള്ളവര്‍ക്ക് നല്‍കുക, ശക്തവും സുസ്ഥിരവുമായ ഹെല്‍ത്ത് ഫിനാന്‍സിംഗ് സംവിധാനം വികസിപ്പിയ്ക്കുക എന്ന രണ്ട് സുപ്രധാനാ ഉദ്ദേശങ്ങള്‍ കൂടി പദ്ധതിയ്ക്കുണ്ട്.
ദുബായില്‍ താമസക്കാരായി എത്തിയ പ്രവാസികള്‍ക്ക് നിര്‍ബന്ധമായും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗണും ലഭ്യമാക്കണം. ഓരോ തൊഴിലുടമയ്ക്കുമാണ് ഇതിന്റെ ഉത്തരവാദിത്തം. നിലവിലെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇവര്‍ക്ക് അംഗങ്ങളാകാം.
ദുബായ് പൗരന്മാര്‍ക്ക് നിലവില്‍ അവര്‍ക്ക് ലഭ്യമാകുന്ന ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ഹെല്‍ത്ത് കാര്‍ഡിന്റെ സ്ഥാനത്താണ് ഇന്‍ഷുറന്‍സ് കാര്‍ഡ് ലഭിയ്ക്കുക. ഡിഎച്ച്എയുടേയും സ്വകാര്യ ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളുടേയും സേവനം ഇവര്‍ക്ക് പ്രയോജനപ്പെടുത്താം.
കുറഞ്ഞ കാലയളവിലേയ്ക്ക് രാജ്യത്ത് എത്തുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. വിസിറ്റിംഗ് വിസയില്‍ എത്തുന്ന ഇത്തരം സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സില്‍ അംഗമാകുന്നതിന് വളരെ കുറഞ്ഞ തുക നല്‍കിയാല്‍ മതി. പെട്ടന്നുണ്ടാകുന്ന അപകടങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ നേരിടുന്നതിന് ഈ ആരോഗ്യ പരിരക്ഷ സഹായിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് നിയമങ്ങള്‍ ലംഘിയ്ക്കുന്നവരില്‍ നിന്ന് 500 ദിര്‍ഹം മുതല്‍ 150,000 ദിര്‍ഹം വരെ പിഴ ഈടാക്കും












Click it and Unblock the Notifications