അബുദാബി;അല്‍ ഐനില്‍ വന്‍ വാഹനാപകടം
അബുദാബി: അബുദാബി അല്‍ ഐന്‍ റോഡില്‍ വന്‍ വാഹനാപകടം. 57 വാഹനങ്ങള്‍ കൂട്ടിയിടിച്ചതായാണ് റിപ്പോര്‍ട്ട്. 14 പേര്‍ക്ക് പരുക്കേറ്റു. നാല് പേര്‍ മരിച്ചതായി സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുണ്ട്. മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് കാഴ്ച കുറഞ്ഞതാണ് അപകട കാരണം. അപകടത്തെ തുടര്‍ന്ന് വാഹന ഗതാഗതം മുടങ്ങി. അല്‍ ഐനില്‍ നിന്നും 40 കിലോമീറ്റര്‍ ദൂരെ അബു സാമ്രയിലാണ് അപകടം.
അല്‍ സാദ്, അല്‍ റാമ ഹൈവേകളിലെ ഗതാഗതം അപകടത്തെത്തുടര്‍ന്ന് തടസ്സപ്പെട്ടതായി ദൃക്‌സാക്ഷികള്‍. അപകടത്തിന്റെ പൂര്‍ണ വിവരം വൈകാതെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

ഹൈവേയിലൂടെ യാത്ര ചെയ്യുന്ന വലിയൊരു വിഭാഗം യാത്രക്കാരെയും അപകടം ബാധിച്ചതായും സൂചന. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് നൂറ് മീറ്ററിലധികമുള്ള കാഴ്ചകള്‍ അവ്യക്തമാണെന്നാണ് യാത്രക്കാര്‍ പറയുന്നത്.
ഒട്ടേറെ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടമാണ് അല്‍ ഐനില്‍ നടന്നത്. ഹൈവേയിലെ ഗതാഗതം പുനസ്ഥാപിയ്ക്കുന്നതിന് പൊലീസ്, ട്രാഫിക് വിഭാഗങ്ങള്‍ ശ്രമിയ്ക്കുകയാണ്.ഇതിന് മുന്‍പും അബുദാബിയില്‍ മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications