കൈയ്യില്‍ പണം കുമിഞ്ഞുകൂടും; 2023 ഭാഗ്യ വര്‍ഷം, യുഎഇയില്‍ സുപ്രധാന തീരുമാനം വരുന്നു...
ദുബായ്: മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇവിടെ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഏറെ സന്തോഷമുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2023 ഗള്‍ഫ് പ്രവാസികള്‍ക്ക് സന്തോഷത്തിന്റെ വര്‍ഷമാകുമെന്ന് പുതിയ കണക്കുകളില്‍ നിന്ന് അനുമാനിക്കാം. അവരുടെ ജോലിക്ക് കൂടുതല്‍ വരുമാനം ലഭിക്കാന്‍ പോകുന്നു.
യുഎഇയിലെ കമ്പനികളിലെ പ്രധാന പദവികളില്‍ ഇരിക്കുന്നവരില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. എല്ലാ കമ്പനികളും ശമ്പളം കുത്തനെ കൂട്ടാന്‍ പോകുന്നു. ശമ്പളത്തില്‍ വലിയ സംഖ്യയാണ് ഉയരാന്‍ പോകുന്നത്. ഏറെ സന്തോഷം നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ...

2023ല്‍ പത്ത് ശതമാനം വരെ ശമ്പള വര്‍ധനവിനാണ് യുഎഇയിലെ പല കമ്പനികളും ഒരുങ്ങുന്നത്. റിക്രൂട്ട്‌മെന്റ് ആന്റ് എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയായ കൂപ്പര്‍ ഫിറ്റ്ച്ച് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് സന്തോഷം നല്‍കുന്ന പുതിയ വിവരം. സാലറി ഗൈഡ് യുഎഇ 2023 എന്ന പേരിലാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

യുഎഇയിലെ 57 ശതമാനം കമ്പനികളും ശമ്പളം വര്‍ധിപ്പിക്കണമെന്ന ധാരണയോടെയാണ് മുന്നോട്ട് പോകുന്നത്. ഇതില്‍ 45 ശതമാനം കമ്പനികള്‍ അഞ്ച് ശതമാനം ശമ്പള വര്‍ധനവാണ് ആലോചിക്കുന്നത്. ചില കമ്പനികള്‍ ഏഴ് ശതമാനം ഉയര്‍ത്തും. എന്നാല്‍ മറ്റുചില കമ്പനികള്‍ പത്ത് ശതമാനം ശമ്പളം വര്‍ധിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തെ പല കമ്പനികളും പ്രതിസന്ധിയിലാണ്. വൈകാതെ ആഗോള സാമ്പത്തിക മാന്ദ്യം വരുമെന്നാണ് കരുതുന്നത്. ഈ ഭയം കാരണം ശമ്പളം വെട്ടിക്കുറയ്ക്കുകയാണ് പല വന്‍കിട കമ്പനികളും. ട്വിറ്റര്‍, ആപ്പിള്‍, ഫേസ്ബുക്ക് പോലുള്ള കമ്പനികള്‍ നിരവധി ജീവനക്കാരെ വെട്ടിക്കുറച്ചു. ഈ സാഹചര്യത്തിലാണ് യുഎഇയില്‍ നിന്ന് മറിച്ചുള്ള വാര്‍ത്ത വന്നിരിക്കുന്നത്.

യുഎഇയിലെ മിക്ക കമ്പനികളും അടുത്ത വര്‍ഷം ശമ്പളം വര്‍ധിപ്പിക്കുമെന്ന് പറയുന്ന അതേ റിപ്പോര്‍ട്ടില്‍ അല്‍പ്പം ആശങ്കയുള്ള വിവരങ്ങളുമുണ്ട്. ഏതാനും ചില കമ്പനികള്‍ക്ക് അടുത്ത 12 മാസത്തേക്ക് ശമ്പള വര്‍ധനവ് സംബന്ധിച്ച് ആലോചിക്കാനേ പറ്റില്ല എന്നാണ് പറയുന്നത്. ഗള്‍ഫിലെ 300 കമ്പനികളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

2022ല്‍ യുഎഇയിലെ 49 ശതമാനം കമ്പനികള്‍ ശമ്പളം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം 57 ശതമാനം കമ്പനികളാണ് ശമ്പളം കൂട്ടാന്‍ പോകുന്നത്. വരുന്ന വര്‍ഷം കൂടുതല്‍ ശമ്പളം ഉയരുക റിയല്‍ എസ്റ്റേറ്റ് മേഖലയിലായിരിക്കും. നിയമം, ബാങ്കിങ്, ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ്, ഫിനാന്‍സ്, നിര്‍മാണം, സാങ്കേതികം, നികുതി സഹായം, ടെലി കമ്യൂണിക്കേഷന്‍, സെയില്‍ ആന്റ് മാര്‍ക്കറ്റിങ് തുടങ്ങിയ മേഖലകളിലെ കമ്പനികളിലും ശമ്പളം വര്‍ധിക്കും.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും മികച്ച വര്‍ഷമാണ് യുഎഇയിലെ തൊഴില്‍ മേഖലയില്‍ അനുഭവിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതു-സ്വകാര്യമേഖലയില്‍ ജോലി സാധ്യത പ്രവചിച്ചിരുന്നതിനേക്കാള്‍ അധികം പേര്‍ക്ക് ജോലി കിട്ടുകയും ശമ്പളം ഉയരുകയും ചെയ്തുവത്രെ. കോടികളുടെ പദ്ധതികളാണ് വിദേശ കമ്പനികള്‍ യുഎഇയില്‍ നടപ്പാക്കുന്നത്. ഇതിന്റെ ഗുണമാണ് ശമ്പളത്തിലും പ്രകടമാകുന്നത്.

ബോണസ് ലഭിക്കുന്നതിലും ഈ വര്‍ഷം വലിയ ഉയര്‍ച്ചയുണ്ടാകും. ഒരു മാസത്തെ ശമ്പളം, രണ്ടു മാസത്തെ ശമ്പളം എന്നിങ്ങിനെ ബോണസ് നല്‍കാന്‍ ചില കമ്പനികള്‍ നീക്കം നടത്തുണ്ട്. എന്നാല്‍ ഏതാനും ചില കമ്പനികള്‍ ആറ് മാസത്തെ ശമ്പളം ബോണസായി നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, 26 ശതമാനം കമ്പനികള്‍ ബോണസിനെ കുറിച്ച് ആലോചന തുടങ്ങിയിട്ടില്ല.












Click it and Unblock the Notifications