സൗദിയിലേക്ക് ആര്‍ക്കെല്ലാം യാത്ര ചെയ്യാം; ശനിയാഴ്ച മുതല്‍ നേരിട്ട് വിമാനം, വ്യവസ്ഥകള്‍
റിയാദ്/ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി അറേബ്യയിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച എയര്‍ ബബിള്‍ കരാര്‍ പ്രകാരം ജനുവരി ഒന്ന് മുതലാണ് സര്‍വീസ് ആരംഭിക്കുക. ശനിയാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുമ്പോള്‍ മലബാറിലേക്ക് വിമാനങ്ങള്‍ വരുമോ എന്ന് വ്യക്തമല്ല.
കേരളത്തില്‍ പ്രധാനമായും നെടുമ്പാശേരി വിമാനത്താവളത്തിലേക്കാകും സര്‍വീസ്. സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയുമാകും സര്‍വീസ് നടത്തുക. എത്ര സര്‍വീസ് ഓരോ ദിവസവുമുണ്ടാകുമെന്ന് വ്യക്തമല്ല. 30 ലക്ഷം ഇന്ത്യന്‍ പ്രവാസികളുള്ള സൗദിയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നത് വലിയ ആശ്വാസമാണ്. യാത്രയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ...

കഴിഞ്ഞാഴ്ചയാണ് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ എയര്‍ ബബിള്‍ കരാര്‍ ഒപ്പുവച്ചത്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കുണ്ടാകുമ്പോള്‍ ഈ കരാര്‍ ഒപ്പുവച്ചാല്‍ യാത്ര സാധ്യമാകുമെന്നതാണ് പ്രത്യേകത. ഇന്ത്യ ഇതുവരെ 35 രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ 10 രാജ്യങ്ങളുമായി കരാര്‍ ഒപ്പുവയ്ക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് സൗദിയുമായി കരാറുണ്ടാക്കിയത്.

ഗള്‍ഫിലെ ആറ് രാജ്യങ്ങളുമായും ഇന്ത്യ എയര്‍ ബബിള്‍ കരാറുണ്ടാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കരാറിലെത്തിയത് സൗദിയുമായിട്ടാണ്. സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തത് കാരണം യുഎഇ, ഖത്തര്‍, മാലദ്വീപ് വഴിയായിരുന്നു ഇതുവരെ പ്രവാസികള്‍ യാത്ര ചെയ്തിരുന്നത്. ഇതാകട്ടെ, വലിയ ചെലവേറിയതുമാണ്. നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്ന സാഹചര്യത്തില്‍ ഇനി ടിക്കറ്റ് നിരക്ക് കുറയും.

ഒമൈക്രോണ്‍ ഭീതി ശക്തമായിരിക്കെ എയര്‍ ബബിള്‍ കരാര്‍ പ്രവാസികള്‍ക്ക് നേട്ടമാകും. 10 രാജ്യങ്ങളുമായിട്ടാണ് ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നത്. ഇതില്‍ സൗദി അറേബ്യ, കസാഖിസ്താന്‍, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളുമായി കരാറിലെത്തി. ഇനി ന്യൂസിലാന്റ്, ദക്ഷിണ കൊറിയ, ഇറ്റലി, ഇസ്രായേല്‍, ഫിലിപ്പീന്‍സ്, തായ്‌ലാന്റ്, സ്വിറ്റ്‌സര്‍ലാന്റ് എന്നി രാജ്യങ്ങളുമായി ചര്‍ച്ച തുടരുകയാണ്.

എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നവര്‍ ആരെല്ലാമെന്ന് വിശദീകരിക്കാം. സൗദിയുടെ പൗരന്‍മാര്‍ക്കും അവിടെ താമസ വിസയുള്ളവര്‍ക്കും യാത്ര ചെയ്യാം. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ വിസയുള്ളവര്‍ക്കും യാത്ര അനുവദിക്കും. സൗദിയിലേക്ക് മാത്രമേ യാത്ര അനുവദിക്കൂ. ട്രാന്‍സിഷന്‍ യാത്ര അനുവദിക്കില്ല.

സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നവര്‍- സൗദിയിലുള്ള ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ പൗരന്‍മാര്‍, ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുള്ളവര്‍, പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ) കാര്‍ഡുള്ളവര്‍ എന്നിവര്‍ക്കെല്ലാം യാത്ര ചെയ്യാം. കൂടാതെ ഇരുരാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ക്കും യാത്ര അനുവദിക്കും.

അതേസമയം, സൗദിയിലും ഇന്ത്യയിലും കൊവിഡ് രോഗം വീണ്ടും വ്യാപിക്കുകയാണ്. മക്കയിലെയും മദീനയിലെയും ഹറമുകളില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നാണ് പുതിയ നിര്‍ദേശം. വ്യാഴാഴ്ച രാവിലെ മുതല്‍ പുതിയ നിയന്ത്രണം നിലവില്‍ വന്നു. തീര്‍ഥാടകരുടെ ആരോഗ്യ രക്ഷ ഉറപ്പാക്കുന്നതിനാണിത്. ഉംറ തീര്‍ഥാടകര്‍ എല്ലാ ഘട്ടങ്ങളിലും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം.

സൗദിയില്‍ കഴിഞ്ഞ ദിവസം 744 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 231 പേര്‍ക്ക് ഭേദമായി. 43 പേര്‍ ഗുരുതരാവസ്ഥയിലാണ്. റിയാദിലാണ് കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ 187 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. സൗദി ഓഹരി വിപണി കൂപ്പുകുത്തുകയാണ്. അതേസമയം, ഇന്ത്യയിലും രോഗികളുടെ എണ്ണം ഉയരുകയാണ്. മുംബൈയിലാണ് വലിയ ആശങ്ക. ഇന്ത്യയില്‍ ജനുവരി 31 വരെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കുണ്ട്.












Click it and Unblock the Notifications