ജപ്പാനിലേക്ക് പോയാലോ? 90 ദിന വിസ റെഡി, 2300 രൂപയുണ്ടെങ്കില്‍ പ്രവാസിക്ക് അവസരം
ദുബായ്: ഏതൊരാളും ഒരുതവണ കാണണം എന്ന് കൊതിക്കുന്ന രാജ്യമാണ് ജപ്പാന്‍. ചരിത്രങ്ങളുറങ്ങുന്ന ഒട്ടേറെ പ്രദേശങ്ങളും മന്ദിരങ്ങളും സംഭവങ്ങളുമെല്ലാം പറയാനുണ്ട് ജപ്പാന്. രണ്ടാം ലോക യുദ്ധകാലത്തെ വന്‍ ദുരന്തത്തില്‍ നിന്ന് ആ ജനത എങ്ങനെ ഉയര്‍ന്നുവന്നുവെന്ന് മനസിലാക്കാന്‍ യാത്ര സഹായിക്കും. അതിനെല്ലാം പുറമെയാണ് അവരുടെ വൃത്തിയുള്ള ജീവിത ശൈലി.
യുഎഇയിലെ പ്രവാസികള്‍ക്ക് ജപ്പാനിലേക്ക് യാത്ര പോകാന്‍ പുതിയ അവസരം വന്നിരിക്കുന്നു. യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് ജപ്പാനിലേക്കുള്ള വിസയ്ക്ക് അപേക്ഷിക്കാന്‍ എളുപ്പവഴിയുണ്ട്. 90 ദിവസത്തേക്ക് ടൂറിസ്റ്റ് വിസ നല്‍കുകയാണ് ജപ്പാന്‍. കഴിഞ്ഞ മാര്‍ച്ച് 27 മുതല്‍ ജപ്പാന്‍ ഓണ്‍ലൈന്‍ വിസ നല്‍കുന്നുണ്ട്. യുഎഇയില്‍ മാത്രമല്ല, സൗദിയില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും ഈ അവസരം ഉപയോഗിക്കാം.

ഹൃസ്വകാല ടൂറിസ്റ്റ് വിസയ്ക്ക് ജപ്പാന്റെ ഔദ്യോഗിക ഇ-വിസ പ്ലാറ്റ്‌ഫോം വഴി അപേക്ഷ സമര്‍പ്പിക്കാം. യുഎഇയില്‍ താമസിക്കുന്നര്‍ക്ക് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 9718000321271 എന്ന നമ്പറില്‍ ബന്ധപ്പെടാം. മുഴുവന്‍ സമയം ഈ നമ്പറില്‍ വിവരങ്ങള്‍ ലഭിക്കും. കാലാവധിയുടെ പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി, യുഎഇ റസിഡന്‍സ് വിസ എന്നിവ നിര്‍ബന്ധമാണ്.
ഏതൊക്കെ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വിസ കിട്ടും
കാനഡ, സൗദി, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, തായ്‌വാന്‍, യുഎഇ, ബ്രിട്ടന്‍, അമേരിക്ക, ബ്രസീല്‍, കംപോഡിയ, മംഗോളിയ എന്നീ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കെല്ലാം ഇ-വിസയ്ക്ക് അപേക്ഷിക്കാമെന്ന് ജപ്പാന്‍ അറിയിക്കുന്നു. ചില രാജ്യങ്ങള്‍ക്ക് ജപ്പാനിലേക്ക് പോകുന്നതിന് വിസ ആവശ്യമില്ല. അത്തരക്കാര്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതുമില്ല. 90 ദിവസത്തെ ടൂറിസ്റ്റ് വിസയാണ് ഇപ്പോള്‍ അനുവദിക്കുന്നത്.
.
വിസ അനുവദിച്ചത് മുതല്‍ 90 ദിവസമാണ് വിസയുടെ കാലാവധി. അപേക്ഷ സമര്‍പ്പിച്ച് അഞ്ച് പ്രവൃത്തി ദിവസത്തിനകം വിസ ലഭിക്കും. 80 ദിര്‍ഹമാണ് പൊതുവായ ചെലവ്. ഇന്ത്യക്കാര്‍ക്ക് 20 ദിര്‍ഹം കൂടി വരും. ഇതോടെ 100 ദിര്‍ഹം മതിയാകും. ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ ദുബായിലെ ജപ്പാന്‍ കോണ്‍സുലേറ്റിലാണ് പണം അടയ്‌ക്കേണ്ടത്. അബുദാബിയിലുള്ളവര്‍ ജപ്പാന്റെ എംബസിയിലും.

ആവശ്യമുള്ള രേഖകള്‍ ഇവയാണ്
പാസ്‌പോര്‍ട്ട് കോപ്പി, ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് ഫോട്ടോ, എമിറേറ്റ്‌സ് ഐഡി, വിമാന വിവരങ്ങള്‍, യാത്ര, മടക്കം, താമസം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, താമസിക്കുന്ന ഹോട്ടലിന്റെ പേര്, തൊഴില്‍ വിവരങ്ങള്‍, മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവ വിസയ്ക്ക് അപേക്ഷിക്കുന്ന വേളയില്‍ ആവശ്യമാണ്. രേഖകള്‍ നഷ്ടപ്പെട്ടാല്‍ അപേക്ഷ നിരസിക്കപ്പെടും.
ജപ്പാനില്‍ നിലവില്‍ കൊവിഡ് നിയന്ത്രണങ്ങളുണ്ട്. അടുത്ത മാസം എട്ട് മുതല്‍ എല്ലാ നിയന്ത്രണങ്ങള്‍ മാറ്റുമെന്ന് ജപ്പാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ് സാധാരണ അസുഖം എന്ന ഗണത്തിലേക്ക് മാറ്റിയിരിക്കുകയാണിപ്പോള്‍. അതായത്, രോഗവുമായി ബന്ധപ്പെട് രേഖകള്‍ യാത്രയ്ക്ക് ആവശ്യമില്ലെന്ന് ചുരുക്കം.












Click it and Unblock the Notifications