സ്‌പോണ്‍സറുടെ മകന്റെ പീഡനം; ഇന്ത്യക്കാരനായ വ്യാപാരി തെരുവില്‍ അലയുന്നു
മനാമ: രസിക് കുമാറിന്റെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു സ്വന്തമായൊരു ബിസിനസ്സ് ആരംഭിക്കുക എന്നത്. കെമിക്കല്‍ എഞ്ചിനീയറിംങ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഇയാള്‍ സ്വപ്‌നവും പേറി ബഹറിനിലെത്തിയത്. തുടര്‍ന്നു ഒരു കമ്പനിയില്‍ പെയിന്റിംങ് സൂപ്പര്‍വൈസറായി ജോലിയില്‍ പ്രവേശിച്ചു. ജോലിക്കിടയിലും സ്വന്തമായൊരു സ്ഥാപനം എന്ന മോഹം മനസ്സിലിട്ടു നടന്നിരുന്ന രസിക് കുമാറിന് കാത്ത് കാത്തിരുന്നു പറ്റിയ സ്‌പോണ്‍സറെ കണ്ടെത്താന്‍ സാധിച്ചു.
അങ്ങനെയാണ് ഇയാള്‍ ബഹറിനില്‍ പെയിന്റിംങ് സ്ഥാപനം ആരംഭിച്ചത്. കടം വാങ്ങിയും നാട്ടില്‍ നിന്ന് പണം സംഘടിപ്പിച്ചും ഇയാള്‍ സ്ഥാപനത്തെ വളര്‍ത്തി. ബിസിനസ്സ് മെല്ലെ പച്ചപിടിച്ചു. ഏതാണ്ട് 2000 ദിനാറിന് മുകളില്‍ മാസവരുമാനം ലഭിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കടന്നു. സ്‌പോണ്‍സറാകട്ടെ അദ്ദേഹത്തിനു കഴിയും വിധം രസിക് കുമാറിനെ സഹായിക്കുകയും ചെയ്തു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി മരണം സ്‌പോണ്‍സറെ തട്ടിയെടുത്തത്.

പിന്നീട് അങ്ങോട്ട് രസിക് കുമാറിന്റെ ജീവിതത്തിലും കാര്യങ്ങള്‍ തകിടം മറിഞ്ഞു. സ്‌പോണ്‍സറുടെ മരണത്തിനു ശേഷം കടയിലെത്തിയ മകന്‍ ആദ്യം ആവശ്യപ്പെട്ടത് കടയുടെ ലൈസന്‍സ് തന്റെ പേരില്‍ മാറ്റണം എന്നായിരുന്നു. ഇതിനെ എതിര്‍ത്ത രസിക് കുമാറിനെ ഇയാള്‍ ഒരു മുറിയില്‍ രണ്ടു മാസത്തോളം പൂട്ടിയിട്ടു. അതിനു ശേഷമാകട്ടെ സ്ഥാപനത്തിന്റെ പൂര്‍ണ്ണ അധികാരം കൈക്കലാക്കിയ മകന്‍ ഇയാളെ സ്ഥാപനത്തിന്റെ പടി ചവിട്ടാന്‍ പോലും അനുവദിച്ചുമില്ല.
നിത്യവ്യത്തിക്കു പോലും പണമില്ലാത്ത ഇയാള്‍ ഇപ്പോള്‍ തെരുവില്‍ പിച്ച തെണ്ടിയാണ് ജീവിക്കുന്നത്. സംഭവിച്ച കാര്യങ്ങള്‍ നാട്ടിലുള്ള കുടുംബത്തിനെ ഇതുവരെ അറിയിച്ചിട്ടില്ല. സ്‌പോണ്‍സറുടെ കൈയ്യില്‍ നിന്നും പാസ്‌പോര്‍ട്ട് തിരിച്ചു വാങ്ങി നാട്ടിലേക്ക് എത്തിയാല്‍ മതിയെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. പ്രവാസി സംഘടനകളും വ്യക്തികളും തന്റെ പ്രശ്‌നത്തില്‍ ഗൗരവമായി ഇടപെടും എന്ന വിശ്വാസത്തില്‍ തെരുവില്‍ ദിവസങ്ങള്‍ തള്ളി നീക്കുകയാണ് രസിക് കുമാര്‍.












Click it and Unblock the Notifications