വേള്‍ഡ് ട്രയാത്തലണ്‍: അബുദാബിയില്‍ രണ്ട് ദിവസത്തെ ഗതാഗത നിയന്ത്രണം
അബുദാബി: ഐടിയു വേള്‍ഡ് ട്രയാത്തലണിന്റെ ഭാഗമായി അബുദാബിയില്‍ രണ്ട് ദിവസത്തെ ഗതാഗത നിയന്ത്രണം. വെള്ളി(4-2-2016), ശനി (5-2-2016) ദിവസങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അബുദാബി മുന്‍സിപ്പാലിറ്റിയും പൊലീസും ഗതാഗത വിഭാഗവും അര്‍ബന്‍ പ്ളാനിംഗ് കൗണ്‍സിലും ട്രാഫിക് സൊല്യൂഷന്‍ കമ്മിറ്റിയും സംയുക്തമായിട്ടാണ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
മത്സരങ്ങള്‍ അരങ്ങേറുന്ന മറീന തീയേറ്റര്‍ റോഡിന്റെ ഭാഗം വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ അടച്ചിടും. കോര്‍ണിഷില്‍ നിന്ന് മറീനയിലേയ്ക്ക് വരുന്ന ഭാഗം രാവിലെ പത്തര മുതല്‍ 11 വരെ അടച്ചിടും. മറീനയിലേയ്ക്കുള്ള കോര്‍ണിഷ് റോഡിന്റെ ഒരു ഭാഗവും കോര്‍ണിഷ് റോഡ് മുതല്‍ പോര്‍ട്ട് വരെയുള്ള ഭാഗമാണ് അടച്ചിടുന്നത്. എമിറേറ്റ് പാലസിന് മുന്നിലെ സ്ട്രീറ്റ് -18 രണ്ട് വരി പാതയായി ഉപോഗിയ്ക്കും.

മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഇന്റര്‍നാഷണല്‍ ട്രയാലത്തണ്‍ യൂണിയന്‍ വേള്‍ഡ് സീരീസിന്റെ ഉദ്ഘാടനത്തോടെയാണ് അബുദാബിയില്‍ പരിപാടികള്‍ അരങ്ങേറുക. ഓട്ടവും, സൈക്ളിംഗും നീന്തലും അടങ്ങുന്നതാണ് ട്രയാത്തലണ്‍.
ദുബായില്‍ നിന്ന് അബുദാബിയിലേയ്ക്ക് സലാം സ്ട്രീറ്റ് വഴി യാത്ര ചെയ്യുന്നവര്‍ ഈസ്‌റ്റേണ്‍ റിങ് റോഡ് എക്‌സിറ്റ് എട്ടില്‍ വന്ന് ഹസ്സ ബിന്‍ സായീദ് സ്ട്രീറ്റ് (11 സ്ട്രീറ്റ്)വഴി വന്നാല്‍ കിംഗ് അബ്ദുള്ള ബിന്‍ സ്ട്രീറ്റില്‍ എത്തിച്ചേരാം. ടണലുകള്‍ വഴി മാത്രമേ കാല്‍നടയാത്രക്കാര്‍ക്കും കോര്‍ണിഷ് റോഡ് മുറിച്ച് കടക്കാന്‍ ഈ രണ്ട് ദിവസങ്ങളിലും അനുവാദമുള്ളൂ. ട്രയാലത്തണ്‍ അംഗീകൃത വാഹനങ്ങള്‍ക്ക് മാത്രമേ പാര്‍ക്കിംഗ് സൗകര്യം ലഭിയ്ക്കുകയുള്ളൂ.












Click it and Unblock the Notifications