ജാസിമിന്റെ ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല; രക്തദാനത്തിലൂടെ മലയാളത്തിന്റെ ആദരം
ദുബായ്: തിരുവനന്തപുരത്ത് നിന്ന് മലയാളികള്‍ അടക്കമുള്ള യാത്രക്കാരുമായി ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങവേ തീ പിടിച്ച വിമാനത്തില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിനിടയില്‍ ജീവന്‍ നഷ്ടമായ സിവില്‍ ഡിഫെന്‍സ് ഉദ്യോഗസ്ഥന്‍ ഇസ മുഹമ്മദ് അല്‍ ബലൂഷിക്ക് പ്രവാസിമലയാളികള്‍ രക്ത ദാനത്തിലൂടെ ആദരം അര്‍പ്പിക്കുന്നു.
യു.എ.ഇ പ്രവാസികളുടെ ഇടയില്‍ രക്ത ദാന മേഖലയില്‍ സജീവ സാന്നിധ്യമായ ബ്ലഡ് ഡോണേഴ്സ് കേരള ഈ വരുന്ന വെള്ളിയാഴ്ച ജാസിമിന്റെ ജന്മ നാടായ റാസ് അല്‍ ഖൈമയിലെ അല്‍ സഖര്‍ ആശുപത്രിയില്‍ വെച് ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ ആണ് ധീര രക്തസാക്ഷിയുടെ സ്മരണാര്‍ത്ഥം രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.ജാസിമിന്റെ സഹോദരന്മാര്‍ അടക്കമുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ ക്യാമ്പില്‍ പങ്കെടുക്കുന്നതാണ്.ആഗസ്റ്റ് മൂന്നിന് ദുബായ് വിമാനത്താവളത്തില്‍ എമിറേറ്റ്സ് വിമാനത്തിന് തീപിടിച്ചപ്പോള്‍ 300ഓളം യാത്രക്കാരെ അതി സാഹസികമായി രക്ഷപ്പെടുത്തിയത് ജാസിം ഉള്‍പ്പെടെയുള്ള അഗ്നിശമന സേനാ ഉദ്യോഗസ്ഥരായിരുന്നു. മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തി വിമാനത്തിന്റെ തീയണക്കാനുള്ള ശ്രമത്തിനിടെയുണ്ടായ പൊട്ടിത്തെറിയിലാണ് ജാസിം രക്തസാക്ഷിയായത്.

സമൂഹത്തിലെ സാധാരണക്കാരെ സഹായിക്കാന്‍ ചെറുപ്പം മുതല്‍ തല്‍പരനായിരുന്ന ജാസിമിനെ കൂട്ടുകാര്‍ 'ജാസിമുല്‍ ഖൈര്‍' എന്നാണ് സ്നേഹത്തോടെ വിളിച്ചിരുന്നത്. താഴ്ന്ന വരുമാനമുള്ള പ്രവാസി തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ സഹായങ്ങളുമായി ജാസിം എത്തുമായിരുന്നു. റമദാന്റെ നാളുകളില്‍ വഴിയാത്രക്കാര്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തിരുന്ന ജാസിമിന്റെ പ്രവൃത്തി ആയിരങ്ങള്‍ക്കാണ് ആശ്വാസമേകിയിരുന്നത്. ഈ സേവനത്തിനുള്ള അംഗീകാരം കൂടി ആയി ആണ് പ്രവാസ സമൂഹം ഈ ക്യാമ്പിനെ കാണുന്നത്.
ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബ്ലഡ് ഡോനോര്‍സ് കേരള യു. എ. ഇ കോര്‍ഡിനേറ്റര്‍ മാരുമായി ബന്ധപെടുക. 0508678844, 0552010373, 0558839449.












Click it and Unblock the Notifications