പ്രവാസി വ്യവസായി ജോയി അറക്കലിന്റെ മരണം, വെളിപ്പെടുത്തലുമായി ദുബായ് പോലീസ്!
ദുബായ്: കൊവിഡ് കാലത്ത് യുഇഎയിലെ പ്രമുഖ വ്യവസായിയായ ജോയി അറക്കലിന്റെ മരണവാര്‍ത്ത അടുത്തിടെ പ്രവാസികളെയടക്കം ഞെട്ടിച്ചതാണ്. കപ്പല്‍ ജോയി എന്ന് വിളിപ്പേരുളള ജോയി ദുബായില്‍ വെച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് മരണപ്പെട്ടത്.
അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമം നടന്ന് വരികയായിരുന്നു. അതിനായി പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. അതിനിടെ ജോയ് അറക്കലിന്റെ മരണം സംബന്ധിച്ച് ദുബായ് പോലീസിന്റെ വെളിപ്പെടുത്തല്‍ ഗള്‍ഫ് ന്യൂസ് പുറത്ത് വിട്ടിരിക്കുകയാണ്.

കാത്തിരുന്ന് നാട്
വയനാട് മാനന്തവാടി സ്വദേശിയാണ് ജോയ് അറക്കല്‍. അദ്ദേഹത്തിന്റെ മാനന്തവാടിയിലുളള അറയ്ക്കല്‍ പാലസ് എന്ന കൊട്ടാരസദൃശ്യമായ വീട് നിരവധി തവണ വാര്‍ത്തകളില്‍ വന്നിരുന്നതാണ്. ജോയ് അറക്കലിന്റെ മൃതദേഹം നാട്ടിലെത്താന്‍ കാത്തിരിക്കുകയായിരുന്നു ബന്ധുക്കള്‍. അതിനിടെയാണ് വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

ആത്മഹത്യയെന്ന് പോലീസ്
അറക്കല്‍ ജോയിയുടെത് ആത്മഹത്യയാണ് എന്നാണ് ദുബായ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയാണ് ജോയിയുടെ മരണം എന്ന് ദുബായ് പോലീസിന്റെ വാക്കുകള്‍ അടിസ്ഥാനമാക്കി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മരണകാരണം എന്താണ് എന്ന് വ്യക്തമായിട്ടില്ല.

മറ്റ് ഇടപെടലുകളില്ല
സുഹൃത്തിന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തിന്റെ പതിനാലാമത്തെ നിലയില്‍ നിന്നാണ് അദ്ദേഹം ചാടി ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍ എന്നും റിപ്പോര്‍ട്ടുണ്ട്. ജോയ് അറക്കലിന്റെ മരണത്തിന് പിന്നില്‍ മറ്റ് ഇടപെടലുകളില്ല എന്നാണ് പോലീസ് കണ്ടെത്തല്‍.

വന്‍ ബിസ്സിനസ്സ് സാമ്രാജ്യം
ദുരിതം നിറഞ്ഞ ജീവിതത്തില്‍ നിന്നും കഠിനാദ്ധ്വാനം കൊണ്ടാണ് ജോയ് അറക്കല്‍ വന്‍ ബിസ്സിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തത്. കുടുംബസമേതം ദുബായില്‍ ആണ് താമസം. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് നാട്ടില്‍ വന്ന് പോയിരുന്നു. അരുണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടര്‍ ആണ്. നാട്ടില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു.

ജോയിയുടെ അറക്കല്‍ പാലസ്
കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടാണ് ജോയ് അറക്കലിന്റെ വീട്. 45000 സ്‌ക്വയര്‍ ഫീറ്റിലാണ് ജോയിയുടെ അറക്കല്‍ പാലസ്. പ്രളയകാലത്ത് ദുരിതബാധിതര്‍ക്കായി തന്റെ വീട് തുറന്ന് നല്‍കി ജോയ് അറക്കല്‍ മനുഷ്യത്വത്തിന്റെ മാതൃക കാണിച്ചിരുന്നു. സെലിനാണ് ജോയ് അറക്കലിന്റെ ഭാര്യ. അരുണ്‍, ആഷ്‌ലി എന്നിവരാണ് മക്കള്‍.












Click it and Unblock the Notifications