കേരള പോലീസ് സൗദിയില്‍; ഹനീഫ പിടിയിലായത് ഖത്തര്‍ അതിര്‍ത്തിയില്‍ നിന്ന്... 17 വര്‍ഷം
17 വര്‍ഷം മുമ്പ് വയനാട്ടില്‍ നടന്ന കൊലപാതക കേസിലെ പ്രതിയെ സൗദി-ഖത്തര്‍ അതിര്‍ത്തിയില്‍ നിന്ന് പിടികൂടി

റിയാദ്: വയനാട്ടില്‍ നടന്ന സംഭവത്തില്‍ 17 വര്‍ഷമായി പിടികൂടാന്‍ സാധിക്കാത്ത പ്രതിയെ ഒടുവില്‍ പൊക്കിയത് സൗദി അറേബ്യന്‍ പോലീസ്. ഖത്തറില്‍ ഒളിച്ചുകഴിയുന്നുവെന്നാണ് കേരള പോലീസ് കരുതിയിരുന്നത്. ഇത് ശരിവെക്കുന്ന ചില നിര്‍ണായക വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇന്റര്‍പോളിന്റെ സഹായവും തേടിയിരുന്നു. ഇതിനിടെ പ്രതി നാട്ടില്‍ വന്ന് തിരിച്ചുപോയി എന്ന വിവരവും കിട്ടി. ഏറ്റവും ഒടുവില്‍ ഖത്തര്‍-സൗദി കരാതിര്‍ത്തിയായ സാല്‍വ ബോര്‍ഡറില്‍ വച്ച് സൗദി പോലീസിന് തോന്നിയ സംശയമാണ് മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയ്ക്ക് വിലങ്ങ് വീഴാന്‍ ഇടയാക്കിയത്.
വൈത്തിരിയിലെ റിസോര്‍ട്ട് ഉടമ അബ്ദുല്‍ കരീം 2006ലാണ് കൊല്ലപ്പെട്ടത്. താമരശേരി ചുരത്തിലൂടെ ജീപ്പില്‍ പോകവെ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം നടക്കുകയായിരുന്നു. റിസോര്‍ട്ട് നടത്തിപ്പ് കരീം തിരുവനന്തപുരം സ്വദേശിക്ക് നല്‍കിയിരുന്നു. ഇയാളുമായുണ്ടായ തര്‍ക്കമാണ് ക്വട്ടേഷന്‍ ആക്രമണത്തിലേക്ക് നയിച്ചത്. കേസില്‍ 11 പ്രതികളാണുണ്ടായിരുന്നത്. ഏഴ് പേരെ കോടതി ശിക്ഷിച്ചു. രണ്ടു പേരെ വെറുതെവിട്ടു. ഒരാള്‍ മരണപ്പെട്ടു. എന്നാല്‍ ഹനീഫയെ പിടിക്കാന്‍ സാധിച്ചിരുന്നില്ല. ഇയാള്‍ മുങ്ങുകയായിരുന്നു.
ഹനീഫയെ പോലീസ് തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. ഇതിനിടെ ഹനീഫ വിദേശത്തേക്ക് കടന്നിരുന്നു. ഏറെ കാലത്തിന് ശേഷം നേപ്പാള്‍ വഴി നാട്ടിലെത്തി തിരിച്ചുപോയിരുന്നു. ഈ വിവരം ലഭിച്ച പിന്നാലെ ഇന്റര്‍പോളിന്റെ സഹായത്തോടെ ഗള്‍ഫില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. ഇതിനിടെയാണ് പ്രതി കഴിഞ്ഞ നവംബറില്‍ ഖത്തറില്‍ നിന്ന് സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ചതും സൗദി പോലീസിന്റെ കസ്റ്റഡിയിലായതും.
പിന്നീട് സാല്‍വ ജയിലിലായി. ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം മുഖേന കേരള പോലീസിനെ ബന്ധപ്പെട്ട് സൗദി പോലീസ് വിവരം കൈമാറി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനാണ് സമയമെടുത്തത്.
മൂന്നംഗ പോലീസ് സംഘത്തെയാണ് ഡിജിപി അനില്‍കാന്ത് സൗദിയിലേക്ക് അയച്ചിരിക്കുന്നത്. എസ്പി മൊയ്തീന്‍ കുട്ടി, ഇന്‍സ്‌പെക്ടര്‍ ടി ബിനുകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ അജിത് പ്രഭാകര്‍ എന്നിവര്‍ റിയാദിലെത്തി. റിയാദിലെ ഡിപ്പോര്‍ട്ടേഷന്‍ കേന്ദ്രത്തിലാണ് ഇപ്പോള്‍ പ്രതിയുള്ളത്. ശനിയാഴ്ചയാണ് പ്രതിയുമായി പോലീസ് നാട്ടിലേക്ക് തിരിക്കുക. ഞായറാഴ്ച രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും.












Click it and Unblock the Notifications