പ്രവാസികൾക്ക് വേണ്ടി കേന്ദ്രത്തിന് കത്തയച്ച് കേരളം: പ്രവാസികൾക്ക് മടങ്ങിപ്പോകോനാവാത്ത സാഹചര്യം
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ വിദേശത്തേക്ക് പോകേണ്ട പ്രവാസികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഖളയ്ക്ക് കേരളം കത്തയച്ചു. അവധിയ്ക്കായി നാട്ടിലെത്തി തിരിച്ചുപോകാനാവാതെ കേരളത്തിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് തൊഴിൽ സ്ഥലങ്ങളിലേക്ക് തിരിച്ചുപോകാനുള്ള അവസരമൊരുക്കണമെന്നാണ് കത്തിൽ ഉന്നയിച്ചിട്ടുള്ള ആവശ്യം. കേരള ചീഫ് സെക്രട്ടറി ഡോ. വിപി ജോയിയാണ് കത്തയച്ചിട്ടുള്ളത്.
ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഖത്തറും ബഹ്റൈനും ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ത്യക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ പ്രവാസികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയത്. നേരിട്ടുള്ള യാത്ര നടക്കാതായതോടെ ശ്രീലങ്കയും നേപ്പാളും പോലുള്ള അയൽ രാജ്യങ്ങൾ വഴിയാണ് വിദേശരാജ്യങ്ങൾ വഴിയാണ് പ്രവാസികൾ ബഹ്റൈനിലും ഖത്തറിലും എത്തുന്നത്. ഇവിടെ നിന്ന് സൌദിയിലേക്ക് പോകുന്നവർക്ക് 14 ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. അതിന് ശേഷം മാത്രമാണ് രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കുക.

കോവാക്സിനെ ലോകാരോഗ്യ സംഘടന അംഗീകരിക്കാത്തതിനാൽ കോവാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് ജിസിസി രാജ്യങ്ങൾ അനുമതി നൽകുന്നില്ല. ഇതാണ് പ്രവാസികൾക്ക് തിരിച്ചടിയായിട്ടുള്ള രണ്ടാമത്തെ ചട്ടം. കൂടാതെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ചൈനീസ് വാക്സിൻ സിനോഫോം, അമേരിക്കൻ വാക്സിൻ ഫൈസർ എന്നിവയുടെ ആദ്യത്തെ ഡോസ് സ്വീകരിച്ച് ഇന്ത്യയിലേക്ക് എത്തിയവർക്ക് രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കാനും കഴിയുന്നില്ല. ഇന്ത്യയിൽ ഈ രണ്ട് വാക്സിനുകളും ലഭ്യമല്ലാത്തതിനാൽ രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഇവർ. ഗൾഫ് രാജ്യങ്ങൾ ഇവർക്ക് പ്രവേശനനാനുമതി നൽകാത്ത സാഹചര്യവുമുണ്ട്.
ഇത്തരം പ്രശ്നങ്ങൾ ഗൾഫ് രാജ്യങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് പെട്ടെന്ന് വിദേശത്തേക്ക് തിരിച്ചെത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നാണ് കേരളം വിദേശകാര്യ സെക്രട്ടറിയ്ക്കുള്ള കത്തിൽ ഉന്നയിച്ചിട്ടുള്ള ആവശ്യം.












Click it and Unblock the Notifications