ജോലി തേടി സന്ദര്‍ശക വിസയിലെത്തിയ മലയാളി ദുബായില്‍ ഗുരുതരാവസ്ഥയില്‍!!!
ദുബായ്: സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ മലയാളി ഗുരുതര അസുഖത്തില്‍ ദുബായ് റാഷിദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നു. മലപ്പുറം പൊന്നാനി പാലപ്പെട്ടി അജ്മീര്‍ നഗര്‍ സ്വദേശി കട്ടിലിക്കായില്‍ കുഞ്ഞുമുഹമ്മദ് (46) ആണ് രോഗ ദുരിതത്തില്‍ ഉഴലുന്നത്. കഷ്ടപ്പാടില്‍ നിന്ന് കുടുംബത്തെ കര കയറ്റാന്‍ മൂന്നു മാസത്തെ സന്ദര്‍ശക വിസയില്‍ ജോലി തേടി എത്തിയപ്പോഴായിരുന്നു രോഗം ഈ ഹതഭാഗ്യനെ പിടികൂടിയത്.
തലയിലെ രക്തസ്രാവം മൂലം ജൂലൈ 28ന് റാഷിദ് ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സങ്കീര്‍ണമായ ശസ്ത്രക്രിയ ഇതിനകം നടന്നു കഴിഞ്ഞു. ദിവസങ്ങള്‍ പിന്നിട്ടിട്ടും ആരോഗ്യ നിലയില്‍ പുരോഗതി കൈവരിക്കാനായിട്ടില്ല. കട്ടിലിക്കായില്‍ പരേതനായ മൊയ്തുവിന്റെ മകനായ കുഞ്ഞുമുഹമ്മദ് ഏഴ് വര്‍ഷമായി ചങ്ങരംകുളം കല്ലൂര്‍മ്മ പെരുമ്പാള്‍ മഹല്ലിലാണ് താമസിക്കുന്നത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത കുഞ്ഞുമുഹമ്മദിന്റെ കുടുംബം വാടക ക്വാര്‍ട്ടേഴ്സിലാണ് കഴിയുന്നത്.

ഭാര്യയും മൂന്നു ആണ്‍കുട്ടികളുമടങ്ങുന്നതാണ് കുടുംബം. രണ്ട് കുട്ടികള്‍ ഹൃദയ വാല്‍വിന്റെ വളര്‍ച്ചക്കുറവും സുഷിരവും മൂലമുള്ള രോഗത്തിന് ചികില്‍സയിലാണ്. ഇവരുടെ ചികിത്സയിപ്പോള്‍ പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. അഞ്ച് സഹോദരിമാരുടെ മുഴുവന്‍ ബാധ്യതയും ചുമലിലേറ്റിയ കുഞ്ഞിമുഹമ്മദിന് കഷ്ടപ്പാടുകള്‍ എന്നും കൂടപ്പിറപ്പായിരുന്നു. എങ്കിലും, സ്വന്തം ആരോഗ്യം വക വെക്കാതെ കഠിനാധ്വാനം ചെയ്ത് കുടുംബത്തെ താങ്ങി നിര്‍ത്തിയ ഈ മനുഷ്യന്‍ കിടപ്പിലായതോടെ ഒരു നേരത്തെ ഭക്ഷണത്തിന് പോലും വഴിയില്ലാതെ നരക യാതനയിലാണ് ഈ പാവങ്ങള്‍. ഇതിനിടക്ക് കുഞ്ഞിമുഹമ്മദിന് ഭീമമായ ആശുപത്രി ചെലവ് വന്നിരിക്കുന്നു.

യുഎഇയിലുള്ള പ്രദേശവാസികളെക്കൊണ്ടും നിവര്‍ത്തിക്കാന്‍ പറ്റാത്തത്ര കനത്തതാണ് റാഷിദ് ആശുപത്രിയിലെ ചികിത്സാ ചെലവ്. ഈ സാഹചര്യത്തില്‍ മൊയ്തീന്‍ പൊന്നാനി, സലാം പാലപ്പെട്ടി എന്നിവരുടെ നേതൃത്വത്തില്‍ സുമനസ്സുകളില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിക്കാന്‍ സംവിധാനമുണ്ടാക്കിയിട്ടുണ്ട്. അനസ് മാസ്റ്റര്‍ ചങ്ങരംകുളം, നൗഷാദ് ചങ്ങരംകുളം എന്നിവരുടെ നേതൃത്വത്തില്‍ നാട്ടിലും സഹായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ചങ്ങരംകുളം ഫെഡറല്‍ ബാങ്ക് ശാഖയില്‍ ജോയിന്റ് ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. വിലാസം: ഹയറുന്നീസ, അക്കൗണ്ട് നമ്പര്‍ 15560100083696, ഫെഡറല്‍ ബാങ്ക്, ബ്രാഞ്ച് ചങ്ങരംകുളം, മലപ്പുറം ജില്ല. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്
052 9833289 (മൊയ്തീന്‍), 050 7470151 (സലാം) നമ്പറുകളില്‍ ബന്ധപ്പെടാം.












Click it and Unblock the Notifications