എങ്ങനേയും നാട്ടിലെത്തണം; കെഎംസിസി പട്ടികയിൽ പതിനായിരങ്ങൾ, ഗർഭിണികളും!
ഫുജൈറ: പ്രവാസികളെ തിരികെ നാട്ടിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ച് കൂടി സമയം ആവശ്യമുണ്ട് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. പ്രാഥമിക നടപടികള്‍ തുടങ്ങി വെക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരിക്കുകയാണ്. ലക്ഷക്കണക്കിന് പ്രവാസികളാണ് വിദേശത്ത് കഴിയുന്നത്. തിരിച്ച് എത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം തയ്യാറാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരിക്കുന്നത്.
കേരള സര്‍ക്കാര്‍ തയ്യാറാക്കിയ പ്രവാസികള്‍ക്കുളള മാര്‍ഗരേഖയില്‍ മുന്‍ഗണനാ പട്ടികയും തയ്യാറാക്കിയിരുന്നു. ഗര്‍ഭിണികളും പ്രായമായവരും അടക്കമുളളവര്‍ക്കാണ് നാട്ടിലേക്ക് എത്തിക്കുന്നതിന് മുന്‍ഗണന നല്‍കുക. പ്രത്യേക പരിഗണന ആവശ്യമുളളവരെ കണ്ടെത്താന്‍ കെഎംസിസി പട്ടിക തയ്യാറാക്കിയിട്ടുണ്ട്. യുഎഇയില്‍ പതിനായിരങ്ങളാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നാല് ദിവസം കണ്ട് 30,000ല്‍ കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഗര്‍ഭിണികള്‍ അഞ്ച് ശതമാനത്തോളം വരും. ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലാത്തവരാണ് ഇവരില്‍ കൂടുതലും. മാത്രമല്ല പലരും സന്ദര്‍ശക വിസയിലാണ് യുഎഇയില്‍ എത്തിയിട്ടുളളത്. അതേസമയം കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ വിസ പുതുക്കാതെ രാജ്യത്ത് തങ്ങാന്‍ യുഎഇ അനുവദിച്ചിട്ടുണ്ട്. ഡിസംബര്‍ വരെ ഇത്തരത്തില്‍ തങ്ങാവുന്നതാണ്. എന്നാല്‍ പ്രസവത്തിന് അവിടെ വേണ്ടി വരുന്ന ചിലവ് കാരണമാണ് പലരും നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നത്.
മൂന്ന് മുതല്‍ അഞ്ചര ലക്ഷം വരെ പ്രവാസികള്‍ മടങ്ങി എത്തിയേക്കും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. നാട്ടിലേക്ക് മടങ്ങി എത്തുന്ന പ്രവാസികള്‍ക്ക് വേണ്ടി 15 ഇന മാര്‍ഗനിര്‍ദേശങ്ങൾ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം എന്നതാണ്. കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയവരാണ് www.norkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇവര്‍ക്ക് സംസ്ഥാനത്ത് ക്വാറന്റൈന്‍ സൗകര്യം ഒരുക്കാനാണിത്.
മടങ്ങി വരുന്ന പ്രവാസികളില്‍ മുന്‍ഗണന ലഭിക്കുന്നവരെയും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗര്‍ഭിണികള്‍, വയോജനങ്ങള്‍, കുട്ടികള്‍, രോഗികള്‍, വിസാ കാലാവധി കഴിഞ്ഞവര്‍, ജയില്‍ മോചിതരായവര്‍, കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ സ്റ്റുഡന്റ് വിസയില്‍ വിദേശത്തുളളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക.












Click it and Unblock the Notifications