പ്രവാസികള്‍ സന്തോഷത്തില്‍; സൗദിയിലേക്ക് വിമാന സര്‍വീസ് തുടങ്ങി, യുഎഇ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചു
കൊച്ചി/ദുബായ്: ഏറെ കാലത്തിന് ശേഷം പ്രവാസ ലോകത്തേക്കുള്ള യാത്രകള്‍ വീണ്ടും സജീവമായി. സൗദിയിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു. യുഎഇ ടൂറിസ്റ്റ് വിസക്കാര്‍ക്കും നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. സൗദിയിലേക്ക് 20000 രൂപയ്ക്ക് മുകളില്‍ ടിക്കറ്റിന് നിരക്ക് വരുന്നു. യുഎഇയിലേക്ക് 11000-15000 രൂപയ്ക്ക് ഇടയിലാണ് നിരക്ക്.
സപ്തംബര്‍ മാസത്തോടെ സമ്പൂര്‍ണ തോതില്‍ യാത്രകള്‍ സാധ്യമാകുമെന്നാണ് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നത്. കൊച്ചിയില്‍ നിന്ന് 4000ത്തിലധികം പേരാണ് ഇന്ന് വിദേശത്തേക്ക് പോകുന്നത്. പ്രതിസന്ധിയുടെ നാളുകള്‍ കഴിഞ്ഞു എന്നാണ് ചില പ്രവാസികളുടെ പ്രതികരണം. വിശദാംശങ്ങള്‍ ഇങ്ങനെ....

കൊവിഡ് നിബന്ധനകളില്‍ സൗദി അറേബ്യ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് നേരിട്ടുള്ള വിമാന സര്‍വീസ് സാധ്യമായത്. ഇന്ന് സൗദിയ എയര്‍ലൈന്‍സ് ജിദ്ദയിലേക്ക് ആദ്യ സര്‍വീസ് നടത്തി. ഇന്ന് മാത്രം 4131 പേര്‍ കൊച്ചി വിമാനത്താവളം വഴി വിദേശത്ത് പോകുന്നുണ്ട്. സൗദിയ ഈ ആഴ്ച കൊച്ചിയില്‍ നിന്ന് മൂന്ന് സര്‍വീസുകളാണ് നടത്തുക.

സെപ്തംബര്‍ രണ്ട് മുതല്‍ ഇന്‍ഡിഗോ സൗദിയിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റു വിമാന കമ്പനികളും വൈകാതെ സര്‍വീസ് തുടങ്ങുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയെന്ന് സിയാല്‍ എംഡി സുഹാസ് ഐഎഎസ് അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും എല്ലാ വിമാന സര്‍വീസുകളും.

21 അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് ഇന്ന് കൊച്ചിയില്‍ നിന്നുണ്ടാകുക. ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് അഞ്ച് സര്‍വീസാണുള്ളത്. യുഎഇയിലെ ദുബായ്, ഷാര്‍ജ വിമാനത്താവളത്തിലേക്ക് നാല് വീതം സര്‍വീസുണ്ട്. ഒരു സര്‍വീസ് ലണ്ടനിലേക്കാണ്. ഇതോടെ വിമാനത്താവളങ്ങള്‍ വീണ്ടും സജീവമാകുകയാണ്. പ്രവാസികള്‍ ഇതുവരെ അനുഭവിച്ച പ്രതിസന്ധികള്‍ തീരുന്നു എന്ന് കരുതാം.

അതേസമയം, തിങ്കളാഴ്ച മുതല്‍ ടൂറിസ്റ്റ് വിസക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശനം നല്‍കും. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്റെ രണ്ടു ഡോസും എടുത്തവര്‍ക്കാണ് യാത്ര അനുമതി നല്‍കുക. സൗദിയിലേക്കും യുഎഇയിലേക്കും യാത്ര ചെയ്യണമെങ്കില്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്റെ രണ്ടു ഡോസും എടുത്തിരിക്കണം. ഇന്ത്യയില്‍ ലഭ്യമായതില്‍ കൊവിഷീല്‍ഡ് വാക്‌സിനാണ് വിദേശരാജ്യങ്ങളില്‍ അംഗീകരിച്ചിട്ടുള്ളത്.

ടൂറിസ്റ്റ് വിസക്കാര്‍ക്ക് നേരിട്ട് പ്രവേശം നല്‍കുന്നത് യുഎഇയുടെ ഐസിഎയും ദേശീയ ദുരന്ത നിവാരണ സമിതിയുമാണ് സംയുക്ത പ്രസ്താവനയില്‍ അറിയിച്ചത്. ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങള്‍ക്ക് യുഎഇ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യക്കാര്‍ക്കും പ്രവേശനം നല്‍കും. ഒട്ടേറെ പ്രവാസികളാണ് ഗള്‍ഫിലേക്ക് പോകാന്‍ കാത്തിരിക്കുന്നത്.

നേരത്തെ സന്ദര്‍ശക വിസയുണ്ടായിട്ടും വിലക്ക് കാരണം യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കാതെ പോയവരുണ്ട്. ഇവരുടെ കാര്യത്തില്‍ പ്രത്യേക തീരുമാനം ഇതുവരെ വന്നിട്ടില്ല. സന്ദര്‍ശക വിസാ കാലാവധി നീട്ടി നല്‍കാനുള്ള സാധ്യതയുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 15000 രൂപയില്‍ താഴെയാണ് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് വരുന്നതെന്നും സൗദിയിലേക്ക് 20000ത്തിന് മുകളിലാകുമെന്നും ട്രാവല്‍ ഏജന്‍സി ജീവനക്കാര്‍ പറഞ്ഞു.

സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ മലയാളികള്‍ കൂടുതലും മാലദ്വീപ് വഴിയും ഖത്തര്‍ വഴിയുമാണ് പോയിരുന്നത്. ഇങ്ങനെ യാത്ര പുറപ്പെട്ട നിരവധി പേര്‍ മാലിയിലും ഖത്തറിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇതിനിടെയാണ് പുതിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നത്. മാലദ്വീപ് വഴി ഒന്നര ലക്ഷത്തോളം രൂപയും ഖത്തര്‍ വഴി ഒരു ലക്ഷത്തോളം രൂപയുമാണ് ചെലവ് വന്നിരുന്നത്.

സെപ്തംബറില്‍ ഗള്‍ഫ് ഉള്‍പ്പെടെ എല്ലാ വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പഴയ പോലെ ആകുമെന്നാണ് ട്രാവല്‍ ഏജന്‍സികളിലുള്ളവര്‍ പറയുന്നത്. ആദ്യം ടിക്കറ്റുകള്‍ക്ക് വില അല്‍പ്പം ഉയരുമെങ്കിലും പിന്നീട് കുറയുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ മൂന്നാം രാജ്യത്ത് ക്വാറന്റൈനിലിരുന്ന് സൗദിയിലേക്ക് പോകുമ്പോഴുള്ള ചെലവിനേക്കാള്‍ കുറവാകും നേരിട്ടുള്ള യാത്രയ്ക്ക് എന്നതും സന്തോഷം നല്‍കുന്നതാണ്.












Click it and Unblock the Notifications