മൂന്നുമാസം കൊണ്ട് കുവൈത്ത് നാടുകടത്തിയത് 9000 പ്രവാസികളെ: കൂടുതലും ഇന്ത്യക്കാർ, ഇനിയുമുണ്ടാവും
കുവൈത്ത് സിറ്റി: അടുത്തകാലത്തായി കുവൈത്തില്‍ നിന്നും പുറത്ത് വരുന്ന വാർത്തകള്‍ പ്രവസികളെ സംബന്ധിച്ച് അത്ര ആശ്വസകരമായിട്ടുള്ളതല്ല. ആ ആശങ്ക കൂടുതല്‍ ശക്തമാക്കുന്ന തരത്തിലാണ് കുവൈത്ത് ഈ വർഷം മാത്രം കയറ്റി അയകപ്പെട്ട പ്രവാസികളുടെ വിവരവും പുറത്ത് വരുന്നത്. 2023 ന്റെ ആദ്യ പാദത്തിൽ 9,000 പ്രവാസികളെ കുവൈത്ത് നാടുകടത്തിയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇവരില്‍ അധികവും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് എന്നതാണ് യാഥാർത്ഥ്യം. എന്ത് കാരണം കൊണ്ടാണെങ്കിലും ഒരോ ദിവസം 100 പേർ എന്ന നിരക്കിലാണ് ഈ വർഷം ഇതുവരെ കയറ്റി വിട്ടിരിക്കുന്നത്. നാടുകടത്തപ്പെട്ടവരില്‍ 4000 പേർ സ്ത്രീകളാണ്. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ളവരായിരുന്നുവെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ പ്രവാസികളും മലയാളികളും
കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികളില്‍ വലിയൊരു വിഭാഗം മലയാളികളായതിനാല്‍ തന്നെ കയറ്റി അയക്കപ്പെട്ടവരില്‍ അധികവും മലയാളി പ്രവാസികരായിരിക്കും.ഫിലിപ്പിനോ, ശ്രീലങ്കൻ, ഈജിപ്ഷ്യൻ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും വലിയ തോതില്‍ കയറ്റി അയക്കപ്പെട്ടിട്ടുണ്ട്. നിലവിൽ, 700 പുരുഷന്മാരും സ്ത്രീകളും നാടുകടത്തൽ വിധിക്കപ്പെട്ട് ജയിലിലുണ്ട്.
അടുത്ത 10 ദിവസത്തിനുള്ളിൽ അവരെ നാടുകടത്താനുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണ്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നവർക്ക് യാതൊരുവിധ ഇളവുകളും നല്‍കില്ലെന്നും ഇത്തരം പ്രതികളെ സ്വന്തം നാട്ടുകളിലേക്ക് കയറ്റി അയക്കുന്നത് തുടരുമെന്നുമാണ് കുവൈത്ത് അധികൃതർ വ്യക്തമാക്കുന്നത്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷനും പബ്ലിക് സെക്യൂരിറ്റി സെക്ടറുമാണ് നിയമലംഘനം നടത്തുന്ന പ്രവാസികളെ നാടുകടത്തുന്ന പ്രവർത്തികള്‍ ചെയ്ത് വരുന്നത്.
നടപടി കൂടുതല്‍ ശക്തമാക്കും
മയക്കുമരുന്ന് ദുരുപയോഗത്തിനും കച്ചവടത്തിലും ഉള്‍പ്പെട്ടവരെ നാടുകടത്തുന്നത് കഴിഞ്ഞ മൂന്ന് മാസമായി ഗണ്യമായി വർദ്ധിച്ചു. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ കർശന നിർദ്ദേശങ്ങളാണ് നാടുകടത്തലിന്റെ ദ്രുതഗതിയിലുള്ള കാരണം. നിയമലംഘകരെ അലംഭാവമോ കാലതാമസമോ കൂടാതെ ബന്ധപ്പെട്ട അധികാരികൾക്ക് ഉടൻ റഫർ ചെയ്ത് കയറ്റി അയക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ജയിലുകളിലെ തടവുകാരുടെ ബാഹുല്യം കുറക്കുക, ഇത് വഴിയുള്ള ചിലവ് ലാഭിക്കുക, ഉള്ള തടവുകാരുടെ അന്തസ്സ് സംരക്ഷിക്കുക, ജയിൽ തടവുകാർക്ക് ആരോഗ്യ ആവശ്യകതകൾ ബാധകമാക്കുക തുടങ്ങിയ കാര്യങ്ങളും പ്രധാനമാണെന്നാണ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് വ്യക്തമാക്കിയത്.












Click it and Unblock the Notifications