കുവൈത്തില്‍ നിന്ന് മലയാളി നഴ്‌സിനെ നാടുകടത്തി; ഇതാണ് കാരണം... ജീവപര്യന്തം ലഭിക്കുന്ന കേസ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് മലയാളി നഴ്‌സിനെ നാടുകടത്തി. അടുത്തിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. അല്‍ സബാഹ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നഴ്‌സിനെയാണ് നാടുകടത്തിയത്. നേരത്തെ പത്തനംതിട്ട സ്വദേശിയായ നഴ്‌സിനെ നാടുകടത്തിയിരുന്നു. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചതാണ് കാരണമായി പറയുന്നത്.
ഇസ്രായേല്‍ പലസ്തീന്‍ വിഷയത്തില്‍ ഇസ്രായേലിന് അനുകൂലമായി പ്രതികരിച്ചതാണ് കഴിഞ്ഞ ദിവസം നഴ്‌സിനെ നാടുകടത്താന്‍ കാരണമായത്. ഇസ്രായേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇവര്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസ് വെക്കുകയായിരുന്നു. പലസ്തീന്‍കാരെ ഭീകരവാദികള്‍ എന്ന് വിശേഷിപ്പിച്ചുവെന്നും ആരോപണമുണ്ട്.

പലസ്തീന്‍ ഇസ്രായേല്‍ യുദ്ധത്തില്‍ പലസ്തീനൊപ്പം നില്‍ക്കുന്ന ജിസിസി രാജ്യമാണ് കുവൈത്ത്. അറബ് രാജ്യങ്ങള്‍ പലസ്തീനൊപ്പമാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പലസ്തീന്‍കാരെ പിന്തുണച്ച് പ്രകടനങ്ങള്‍ നടന്ന രാജ്യം കൂടിയാണ് കുവൈത്ത്. പലസ്തീനെതിരായ ആക്രമണവും അധിനിവേശവും അവസാനിപ്പിക്കുംവരെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ല എന്നാണ് കുവൈത്തിന്റെ നിലപാട്.
മലയാളി നഴ്‌സിനെ നാടുകടത്തിയ കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് അറബ് പത്രമാണ്. വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ഇസ്രായേലിന്റെ പതാക നഴ്‌സ് വെച്ചിരുന്നുവത്രെ. കുവൈത്തി അഭിഭാഷകനായ ബന്തര്‍ അല്‍ മുതൈരി ക്രിമിനല്‍ അന്വേഷണ വിഭാഗത്തില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് നഴ്‌സിനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.
ഇസ്രായേല്‍ അനുകൂലമായ നിലപാട് ചോദ്യം ചെയ്യല്‍ വേളയിലും നഴ്‌സ് ആവര്‍ത്തിച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ വാര്‍ത്തകള്‍. തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം നഴ്‌സിനെ നാടുകടത്താന്‍ തീരുമാനിച്ചത്. നേരത്തെ പത്തനംതിട്ട സ്വദേശിയായ നഴ്‌സിനെ കുവൈത്ത് നാടുകടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിക്കും മുമ്പാണ് പുതിയ സംഭവം.
കുവൈത്തില്‍ പലസ്തീന്‍കാര്‍ക്ക് അനുകൂലമായ തരംഗം ശക്തമാണ്. പത്തനംതിട്ട സ്വദേശിയായ നഴ്‌സിനെതിരെ അഭിഭാഷകന്‍ അലി ഹബാബ് അല്‍ ദുവൈഖ് ആണ് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയ വഴിയോ പരസ്യമായോ ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് കുവൈത്തില്‍ കുറ്റകരമാണ്. ജീവപര്യന്തം ശിക്ഷയോ അഞ്ച് വര്‍ഷം തടവോ ലഭിക്കാവുന്ന കുറ്റമാണിത്.












Click it and Unblock the Notifications