പ്രവാസികള്‍ക്ക് ആഹ്ലാദം; വന്‍ ഇളവ് പ്രഖ്യാപിച്ച് കുവൈത്ത്, ഈ 14 ജോലിക്കാര്‍ക്ക് വെല്ലുവിളിയില്ല
കുവൈത്ത് സിറ്റി: കുവൈത്ത് ഭരണകൂടം പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് വീണ്ടും ഫാമിലി വിസ അനുവദിക്കാന്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള മാനദണ്ഡങ്ങള്‍ കടുത്തു പോയി എന്ന് പ്രവാസികള്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കെ, ഇളവുമായി ഭരണകൂടം. 14 തരം ജോലികള്‍ ചെയ്യുന്നവര്‍ക്കാണ് ഇക്കാര്യത്തില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രതിമാസ ശമ്പളം 800 ദിനാര്‍ വേണം, സര്‍വകലാശാല ബിരുദം വേണം, അതിനനുസരിച്ചുള്ള ജോലി വേണം എന്നിങ്ങനെയായിരുന്നു ഫാമിലി വിസ ആവശ്യപ്പെടുന്ന പ്രവാസികള്‍ക്ക് വേണ്ട യോഗ്യതകളായി കുവൈത്ത് ഭരണകൂടം മുന്നോട്ട് വച്ചിരുന്നത്. ഇത് പ്രവാസികളെ സംബന്ധിച്ചിടത്തോളം തിരിച്ചടിയായിരുന്നു. എന്നാല്‍ പുതിയ ഇളവ് ഒരുപരിധി വരെ ആശ്വാസം നല്‍കുന്നതാണ്. അവ വിശദീകരിക്കാം...

കുവൈത്തില്‍ താമസിക്കുന്ന രക്ഷിതാക്കളുടെ അഞ്ച് വയസില്‍ താഴെയുള്ള മക്കളെ കൊണ്ടുവരുന്നതിന് ശമ്പള പരിധി തടസമാകില്ല എന്നതാണ് പ്രധാന ഇളവ്. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റസിഡന്‍സ് അഫയേവ്‌സ് തയ്യാറാക്കിയ നിബന്ധനകള്‍ക്ക് വിധേയമായി ചില ജോലികള്‍ ചെയ്യുന്ന പ്രവാസികള്‍ക്കും ഫാമിലി വിസയ്ക്ക് ഇളവുണ്ട്. ആര്‍ട്ടിക്കിള്‍ 30 പ്രകാരം 14 തരം ജോലികളാണ് ഈ ഗണത്തിലുള്ളത്.
സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉപദേശകര്‍, ജഡ്ജിമാര്‍, പ്രോസിക്യൂട്ടര്‍, നിയമ വിദഗ്ധര്‍ എന്നിവര്‍ക്ക് സര്‍വകലാശാല ബിരുദം വേണമെന്ന നിബന്ധനയില്ല. ഡോക്ടര്‍, ഫാര്‍മസിസ്റ്റ് തുടങ്ങി മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, സര്‍വകലാശാല, കോളജ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പ്രൊഫസര്‍മാര്‍ക്കും ബിരുദം കാണിക്കണമെന്നില്ല.
സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, വൈസ് പ്രിന്‍സിപ്പല്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ലാബ് ജീവനക്കാര്‍ എന്നിവര്‍ക്കും ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. സര്‍വകലാശാലകളില്‍ സാമ്പത്തിക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചവര്‍, എഞ്ചിനിയര്‍മാര്‍, പള്ളി ഇമാം, പണ്ഡിതര്‍, പള്ളികളില്‍ ബാങ്ക് വിളിക്കുന്നവര്‍ എന്നിവര്‍ക്കും ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല.
സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശാലകളിലെ ലൈബ്രേറിയന്‍മാര്‍, ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, സര്‍ക്കാര്‍ മേഖലയിലെ മനശാസ്ത്ര വിദഗ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍, കായിക അധ്യാപകര്‍, പൈലറ്റ്, വിമാനത്തിലെ ജോലിക്കാര്‍, മരിച്ചവരുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കും ബിരുദ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും പുതിയ ഇളവില്‍ വിശദീകരിക്കുന്നു.












Click it and Unblock the Notifications