കുവൈത്ത് വിസകളിലെ ട്രിക് ഇതാണ്; അറിഞ്ഞില്ലെങ്കില്‍ ആജീവനാന്ത വിലക്ക് വരെ നേരിടാം
കുവൈത്ത് സിറ്റി: ഏറെ നാള്‍ക്ക് ശേഷം കുവൈത്ത് ഭരണകൂടം വിസയില്‍ ഇളവ് പ്രഖ്യാപിച്ചത് ദിവസങ്ങള്‍ക്ക് മുമ്പാണ്. നിര്‍ത്തിച്ചിരുന്ന ചില വിസകള്‍ പുനഃസ്ഥാപിച്ചു. ഫാമിലി വിസ, ടൂറിസ്റ്റ് വിസ എന്നിവയെല്ലാം ഇതില്‍പ്പെടും. എന്നാല്‍ വിസയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ കടുത്തതാണ്. മാത്രമല്ല, ഓരോ വിസകള്‍ക്കും വ്യത്യസ്തമായ കാല പരിധിയുമുണ്ട്.
കുടുംബത്തെ കുവൈത്തിലേക്ക് കൊണ്ടുവരുന്ന പ്രവാസിക്ക് ഉയര്‍ന്ന ശമ്പളം വേണം. മാത്രമല്ല, വിദ്യാഭ്യാസ യോഗ്യതയും ആവശ്യമാണ്. ആ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയും വേണം. 14 തരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇളവുണ്ട്. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞാഴ്ച വാര്‍ത്തയായതാണ്. എന്നാല്‍ പുതിയ ചില വിവരങ്ങള്‍ മറ്റൊന്നാണ്. അവ വിശദീകരിക്കാം...

പുനഃസ്ഥാപിച്ച വിസകളുടെ കാലാവധിയാണ് ഭരണകൂടം പുറത്തുവിട്ടിരിക്കുന്നത്. ഫാമിലി വിസിറ്റര്‍ വിസകളുടെ കാലാവധി ഒരു മാസം മാത്രമാണ്. ഈ വിസയില്‍ എത്തുന്നവര്‍ക്ക് ഒരു മാസമേ കുവൈത്തില്‍ തങ്ങാന്‍ സാധിക്കൂ എന്ന് ചുരുക്കം. അതേസമയം, ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് മൂന്ന് മാസം വരെ കാലാവധിയുണ്ടാകുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിസകളുടെ കാലാവധി കഴിഞ്ഞിട്ടും കുവൈത്തില്‍ തുടര്‍ന്നാണ് ശക്തമായ നടപടിയുണ്ടാകും. പിഴ ഈടാക്കാം, നിയമ നടപടി നേരിട്ടേക്കാം. കുവൈത്തില്‍ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്ക് വരെ നേരിടാം. ഫാമിലി വിസയ്ക്ക് ഒരു മാസം മാത്രം സമയം നല്‍കുന്നത് പ്രവാസികളില്‍ നിരാശയ്ക്ക് കാരണമായിട്ടുണ്ട്. വന്‍തുക ചെലവാക്കിയാണ് കുടുംബത്തെ കുവൈത്തിലെത്തിക്കുന്നത്. സമയ പരിധി കൂട്ടിയാല്‍ നേട്ടമാകുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
ഫാമിലി വിസയ്ക്ക് മൂന്ന് മാസം വരെ സമയ പരിധി കിട്ടേണ്ടിയിരുന്നു എന്ന് പ്രവാസികള്‍ അല്‍ അന്‍ബ പത്രത്തോട് പ്രതികരിച്ചു. വിസയ്ക്ക് വലിയ ചെലവ് വരുന്നുണ്ട്, താമസിക്കാന്‍ സൗകര്യം ഒരുക്കേണ്ടതുണ്ട്. എല്ലാം ഒരു മാസത്തേക്ക് മാത്രമാകുന്നത് വലിയ നഷ്ടമാകുമെന്ന് പ്രവാസികള്‍ അഭിപ്രായപ്പെടുന്നു. ഫാമിലി, കൊമേഷ്യല്‍, ടൂറിസ്റ്റ് വിസിറ്റ് വിസകള്‍ ഫെബ്രുവരി 7 മുതല്‍ കുവൈത്ത് ആരംഭിച്ചിട്ടുണ്ട്.
വിസകള്‍ പുനഃസ്ഥാപിച്ചത് മുതല്‍ കുവൈത്തിലെ ആറ് ഗവര്‍ണറേറ്റുകളിലും നിരവധി പ്രവാസികളാണ് അപേക്ഷ നല്‍കുന്നത്. സര്‍ക്കാര്‍ നിര്‍ദേശിച്ച മത്താ പ്ലാറ്റ് ഫോം വഴിയാണ് അപേക്ഷകര്‍ അപ്പോയിന്റ്‌മെന്റ് ഷെഡ്യൂള്‍ ചെയ്യേണ്ടത്.
രാജ്യത്തേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈത്ത് വിസകള്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്. കുറഞ്ഞ കാലാവധി നല്‍കുന്നതിലൂടെ സന്ദര്‍ശകര്‍ മടങ്ങുന്നു എന്ന് ഉറപ്പാക്കാം. മാത്രമല്ല, കൂടുതല്‍ ആളുകള്‍ കുവൈത്തില്‍ എത്തുന്നതിലൂടെ രാജ്യത്തെ വിപണി സജീവമാകുമെന്നും ഭരണകൂടം കണക്കുകൂട്ടുന്നു.












Click it and Unblock the Notifications