ഒടുവില്‍ നൂഹ് ഭാര്യയോട് പറഞ്ഞത് ഇതാണ്... കുവൈത്തില്‍ നിന്നുള്ള അവസാന വരവ്, താങ്ങാനാകാതെ നാട്
മലപ്പുറം: ബുധനാഴ്ചയുടെ പുലരി പ്രവാസ ലോകത്തിന് നല്‍കിയ ദുരന്ത വാര്‍ത്തയുടെ ഞെട്ടല്‍ മാറാതെ മലപ്പുറത്തെ ഒരു ഗ്രാമം. 20ലധികം മലയാളികള്‍ ഉള്‍പ്പെടെ 50ഓളം പേരാണ് കുവൈത്തിലെ ലേബര്‍ ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചത്. തിരൂര്‍ കൂട്ടായി കോതപ്പറമ്പ് സ്വദേശി കുപ്പന്റെ പുരക്കല്‍ നൂഹ് ദുരന്തത്തിന് ഇരയായി എന്ന വാര്‍ത്ത കുടുംബം അറിഞ്ഞത് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ്.
ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്ത് എത്തിയ വേളയില്‍ നൂഹ് ഭാര്യയെ ഫോണില്‍ വിളിച്ചിരുന്നു. സാധാരണയുള്ള സംസാര ശേഷം ഇനി നാളെ വിളിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ രാവിലെ നൂഹിന്റെ ഫോണ്‍ വന്നില്ല. ഇക്കാര്യം ഭാര്യ കുവൈത്തിലുള്ള നൂഹിന്റെ സഹോദരനെ അറിയിച്ചു. ദുരന്തമുണ്ടായി എന്ന വിവരം അറിഞ്ഞതോടെ ആധിയായി.

സഹോദരന്‍ നൂഹിന്റെ താമസസ്ഥലത്ത് എത്തി. പരിക്കേറ്റിരിക്കുമെന്ന് കരുതി ആശുപത്രികളിലും അന്വേഷിച്ചു. എവിടെയും കണ്ടില്ല. ഏറ്റവും ഒടുവിലാണ് മോര്‍ച്ചറികളില്‍ പരിശോധിച്ചത്. നൂഹിന്റെ ചേതനയറ്റ ശരീരം അവിടെ സൂക്ഷിച്ചിരുന്നു. 11 വര്‍ഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന നൂഹിന് അടുത്തിടെയാണ് പുതിയ കമ്പനിയില്‍ ജോലി കിട്ടിയത്. ഇതോടെയാണ് പുതിയ താമസ സ്ഥലത്തേക്ക് എത്തിയതെന്ന് സഹോദരീ ഭര്‍ത്താവ് അഷറഫ് വണ്‍ഇന്ത്യയോട് പറഞ്ഞു.
മൂന്ന് പെണ്‍മക്കളുള്ള നൂഹിന് ചില സാമ്പത്തിക ബാധ്യതകളുണ്ട്. രണ്ട് മാസം മുമ്പ് നാട്ടില്‍ വന്ന് മടങ്ങിയതാണ് അദ്ദേഹം. കുവൈത്തിലുള്ള സഹോദരന്മാര്‍ക്കും മറ്റും നൂഹിന്റെ ഭൗതിക ശരീരം നേരിട്ട് കാണാന്‍ സാധിച്ചിട്ടില്ലെന്നാണ് അഷറഫ് പറയുന്നത്. അവര്‍ മോര്‍ച്ചറിക്ക് മുമ്പിലുണ്ട്. രാത്രിയോടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ സഹോദരന്‍ പങ്കുവച്ചുവത്രെ. അതേസമയം, ഡല്‍ഹിയിലേക്കാണ് മൃതദേഹം എത്തിക്കുക എന്നും ശേഷം കരിപ്പൂര്‍ വഴി നാട്ടിലെത്തിക്കുമെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും അഷറഫ് പറഞ്ഞു.

മന്ത്രി വി അബ്ദുറഹ്മാന്‍ കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. കുവൈത്ത് ദുരന്തം ചര്‍ച്ച ചെയ്ത ശേഷം മന്ത്രിസഭ എടുത്ത തീരുമാനങ്ങള്‍ കുടുംബത്തെ മന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട എല്ലാ നടപടികളും ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അഷറഫ് പറഞ്ഞു. അതേസമയം, ദുരന്തത്തിന് ഇരയായവരില്‍ കൂടുതലും മലയാളികളാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ പുലാമന്തോള്‍ സ്വദേശിയും മരിച്ചിട്ടുണ്ട്.
കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കും. ആരോഗ്യ മന്ത്രി വീണ ജോര്‍ജും വിദഗ്ധ സംഘവും കുവൈത്തിലേക്ക് തിരിക്കും. മലയാളികളുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക സംഘത്തെ അയക്കുന്നത്.
വ്യവസായികളായ എംഎ യൂസഫലി അഞ്ച് ലക്ഷം രൂപയും രവി പിള്ള രണ്ട് ലക്ഷം വീതവും ധനസാഹയം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നേരത്തെ രണ്ട് ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചിരുന്നു. കുവൈത്തില്‍ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications