കുവൈത്തിൽ മലയാളികൾ അടക്കമുള്ളവർക്ക് തിരിച്ചടി; വർക്ക് പെർമിറ്റ് ഫീസ് കുത്തനെ കൂട്ടി
കുവൈത്ത് സിറ്റി: കുവൈത്തിൽ വർക്ക് പെർമിറ്റ് ഫീസ് 150 ദിനാറായി (40,680 രൂപ) ഉയർത്തി. നേരത്തേ ഇത് 10 ദിനാർ (2712 രൂപ) ആയിരുന്നു. പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
പുതിയ നിയമം അനുസരിച്ച് ജോലി മാറുന്നതിന് 300 ദിനാർ (ഏകദേശം 81,360 രൂപ) ഈടാക്കുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. കുവൈത്തിൽ എത്തി 3 വർഷത്തിനകം ജോലി മാറുന്നവർക്കാണ് ഇത്.നിലവിലെ സ്പോൺസറുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ ജോലിമാറ്റം അനുവദിക്കൂ.

പുതിയ മാറ്റങ്ങൾ നടപ്പിലാക്കാൻ പൂർണ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. ഒന്നാം തീയതി മുതൽ കർശനമായ പരിശോധന ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. ഈ മാസം വിദേശ റിക്രൂട്മെന്റ് പുനരാരംഭിക്കാനിരിക്കെയാണ് കുവൈത്തിന്റെ തീരുമാനം എന്നത് ശ്രദ്ധേയമാണ്. മലയാളികളുടേത് ഉൾപ്പെടെ ചെറുകിട സ്ഥാപനങ്ങൾക്ക് പുതിയ ഉത്തരവ് വലിയ തിരിച്ചടിയായിരിക്കും.
അതിനിടെ കുവൈത്തിൽ അനധികൃത താമസം കണ്ടെത്തുന്നതിനായി ബാച്ചിലർമാർ താമസിക്കുന്ന സ്ഥലങ്ങളിൽ അധികൃതർ പരിശോധന ശക്തമാക്കി. കുവൈറ്റ് മുനിസിപ്പാലിറ്റിയുടെയും ആഭ്യന്തര, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അടങ്ങുന്ന ജോയിൻ്റ് കമ്മിറ്റിയാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഫർവാനിയ ഗവർണറേറ്റിലെ ഖൈത്താൻ ഏരിയയിൽ നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള 93 വീടുകൾ അധികൃതർ കണ്ടെത്തി.
നിയമലംഘനം കണ്ടെത്തിയ 13 താമസ് സ്ഥലങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചതായി അധികൃതർ അറിയിച്ചു. ഈ ഹൗസിംഗ് യൂണിറ്റുകളിലെ പല കെട്ടിടങ്ങളും നിയമപ്രകാരമല്ലെന്നും അധികൃതർ പറഞ്ഞു. നിയമലംഘനം നടത്തിയ സ്ഥലങ്ങളിലെ ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഇവയെല്ലാം പരിഹരിക്കുന്നതിന് ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പരിഹരിച്ചില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
അതിനിടെ സിവില്‍ ഐഡിയില്‍ തങ്ങളുടെ താമസ സ്ഥലത്തിന്റെ വിലാസം അപ്‌ഡേറ്റ് ചെയ്യാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 26 മുതൽ 30 ദിവസത്തെ സമയപരിധിക്കുള്ളിൽ ഇത് പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. വിവരങ്ങൾ ചെയ്തില്ലെങ്കില്‍ അവരുടെ കുവൈറ്റ് സിവില്‍ ഐഡി റദ്ദാക്കപ്പെടുമെന്നും നിയമലംഘകര്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള കർശന നടപടികൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.












Click it and Unblock the Notifications