പ്രവാസികളുടെ ലൈസന്‍സുകളില്‍ കുവൈത്തിന്റെ പരിശോധന; അർഹരല്ലെങ്കില്‍ റദ്ദാക്കും
കുവൈത്ത് സിറ്റി: ഡ്രൈവിങ് ലൈസന്‍സിനായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ പ്രവാസികള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന പരിശോധനയുമായി കുവൈത്ത് സർക്കാർ. ഇതുമായി ബന്ധപ്പെട്ട പരിശോധന ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് കുവൈത്ത് മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ നേരത്തെ തന്നെ കുവൈത്ത് ഭരണ കൂടം ശക്തമായ നിബന്ധനകള്‍ ഏർപ്പെടുത്തിയിരുന്നു.
സര്‍വകലാശാല ബിരുദവും, കുറഞ്ഞ ശമ്പള പരിധി 600 കുവൈത്ത് ദിനാറും ഉണ്ടെങ്കില്‍ മാത്രമേ പുതിയ നിബന്ധന പ്രകാരം വിദേശികള്‍ക്ക് രാജ്യത്ത് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചിരുന്നുള്ളു. ഇതിന് പുറമെ കുവൈത്തില്‍ രണ്ട് വർഷം പൂർത്തിയാക്കുകയും വേണം.

സ്വദേശി വത്കരണത്തിന്റെയും രാജ്യത്ത് വര്‍ധിച്ചു വരുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. വിദേശികള്‍ക്കു ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതോടെ ഭാവിയില്‍ ഗതാഗത കുരുക്ക് വർധിക്കുന്നത് കുറയ്ക്കുമെന്ന വിദഗ്ധോപദേശവും സർക്കാറിന് ലഭിച്ചിരുന്നു.
കൂടുതല്‍ കൂടുതല്‍ സുന്ദരിയാവുന്ന ശോഭന: വൈറലായി പുതിയ ചിത്രങ്ങള്‍

എന്നാല്‍ പുതിയ ചട്ടങ്ങള്‍ ഏർപ്പെടുത്തിയിട്ടും ചിലർ അനർഹമായ രീതിയില്‍ ഡ്രൈവിങ് ലൈസന്‍സ് നേടുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നതോടെയാണ് പരിശോധന നടത്താന്‍ സർക്കാർ തീരുമാനിച്ചത്. ഡ്രൈവിങ് ലൈസന്‍സിനായി 600 കുവൈത്ത് ദിനാർ ശമ്പളമുണ്ടെന്ന രേഖ കാണിക്കുകയും പിന്നീട് കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ചിലരേയും കണ്ടെത്തിയിട്ടുണ്ട്.

അദ്യഘട്ടത്തില്‍ പരിശോധന നടത്തി ഇത്തരത്തില്‍ അനർഹമായ രീതിയില്‍ ലൈസന്‍സ് നേടിയവരുടെ റദ്ദാക്കും. ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയവരാണെങ്കില്‍ പിഴ വിധിക്കുകയും ചെയ്യും. 'നിബന്ധനകള്‍ പാലിക്കുന്നില്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കില്ല, അങ്ങനെ ചെയ്തില്ലെങ്കിൽ അവ അസാധുവാകും," ശ്രോതസ്സുകളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു

ആഭ്യന്തര മന്ത്രാലയം പബ്ലിക് അതോറിറ്റി ഓഫ് മാൻപവറുമായി ഏകോപിപ്പിച്ചായിരിക്കും പുതിയ സംവിധാനം നടപ്പിലാക്കുക. ഇതിലൂടെ പ്രവാസികളുടെ ഡാറ്റ സൂക്ഷിക്കുകയും പുതിയ ജോലികളിലേക്ക് മാറുന്നതോടെ ഡ്രൈവിംഗ് ലൈസൻസിന് യോഗ്യതയില്ലാതാവുന്നവരുമായി വിദേശികളുടെ വിവരങ്ങൾ യഥാസമയം നൽകുകയും ചെയ്യും.

ഇതേ കാരണങ്ങളാൽ തന്നെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ അപേക്ഷിച്ചപ്പോൾ സമീപ മാസങ്ങളിൽ വലിയൊരു വിഭാഗം പ്രവാസികളുടെ ലൈസൻസ് റദ്ദാക്കിയതായും റിപ്പോർട്ടില്‍ പറയുന്നു. "ട്രാഫിക് ഡിപ്പാർട്ട്‌മെന്റുകളിലെ തിരക്ക് ഒഴിവാക്കുന്നതിന് പുതിയ നടപടികൾ പ്രയോഗിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം മതിയായ ഗ്രേസ് പിരീഡ് നൽകും,"- റിപ്പോർട്ട് പറയുന്നു. കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തിൽ 3.4 ദശലക്ഷവും വിദേശികളാണ്.

കുവൈത്തില്‍ ഈ വര്‍ഷം നവംബർ വരെ 32,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചിരുന്നു. ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയവരുടെയും അനധികൃതമായും വ്യാജ രേഖകള്‍ നല്‍കിയും സമ്പാദിച്ച ലൈസന്‍സുകളുമാണ് റദ്ദാക്കിയത്. 2400 കുവൈത്ത് സ്വദേശികളുടെ ഡ്രൈവിങ് ലൈസന്‍സുകളും റദ്ദാക്കിയിട്ടുണ്ട്.

ഈ വര്‍ഷം ഒക്ടോബര്‍ അവസാനം വരെ അനുവദിച്ച പുതിയ ലൈസന്‍സുകളുടെ എണ്ണത്തില്‍ 43 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. 41,000 ഡ്രൈവിങ് ലൈസന്‍സുകളാണ് കുവൈത്തില്‍ ഈ വര്‍ഷം അനുവദിച്ചത്. അതേസമയം കൃത്യമായി മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആരുടേയും ലൈസന്‍സ് റദ്ദാക്കില്ലെന്നും എല്ലാവരുമായി സർക്കാരുമായി സഹകരിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു.












Click it and Unblock the Notifications