ലോകത്തിലെ ഏറ്റവും വലിയ ജലസംഭരണികള്‍ ഖത്തറില്‍ നിര്‍മാണം പൂര്‍ത്തിയാവുന്നു
ദോഹ: ലോകത്തിലെ ഭീമന്‍ ജലസംഭരണികളുടെ നിര്‍മാണം ഖത്തറില്‍ പുരോഗമിക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ജലവിതരണത്തിന് സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ നിര്‍മിക്കുന്ന അഞ്ച് ഭീമന്‍ റിസര്‍വോയറുകളുടെ നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായതായി നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന ജലവിഭവ വകുപ്പായ കഹ്‌റമാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പണി പൂര്‍ത്തിയായാല്‍ ലോകത്തിലെ ഏറ്റവും വലിയ ജലസംഭരണികളായി അവ മാറും. 100 ദശലക്ഷം ഗാലന്‍ വീതം വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള അഞ്ച് റിസര്‍വോയറുകളാണ് നിര്‍മാണത്തിന്റെ അന്തിമഘട്ടത്തിലെത്തിനില്‍ക്കുന്നത്.

ഖത്തരിലെ ജനങ്ങള്‍ക്ക് 7 ദിവസത്തെ ശുദ്ധജല വിതരണത്തിന് ആവശ്യമായത്ര വെള്ളം സംഭരിക്കാന്‍ ഇതിലൂടെ സാധിക്കും. നിലവില്‍ രണ്ട് ദിവസത്തേക്കാവശ്യമായ വെള്ളം സൂക്ഷിച്ചുവയ്ക്കാനുള്ള ശേഷിയേ ഖത്തറിലെ ജലസംഭരണികള്‍ക്കുള്ളൂ. അനുദിനം കൂടിക്കൊണ്ടിരിക്കുന്ന ഖത്തറിലെ ജനസംഖ്യവച്ചുനോക്കുമ്പോള്‍ ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് പുതിയവ നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
4.7 ബില്യന്‍ ഡോളറിന്റെ വാട്ടര്‍ സെക്യൂരിറ്റി മെഗാ റിസര്‍വോയേഴ്‌സ് പദ്ധതി 2015ലാണ് ആരംഭിച്ചത്. അടുത്ത വര്‍ഷത്തോടെ ഇവ കമ്മീഷന്‍ ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. ഉംബറക, ഉംസലാല്‍, റൗദത്ത് റാഷിദ്, അബൂനഖ്‌ല, അല്‍ തുമാമ എന്നീ കേന്ദ്രങ്ങളിലാണ് റിസര്‍വോയറുകള്‍ നിര്‍മിക്കുന്നത്. സംഭരണിയുടെ 70 ശതമാനവും പൈപ്പിടല്‍ പ്രവൃത്തികളുടെ 95 ശതമാനവും പൂര്‍ത്തിയായതായി കഹ്‌റമാ അറിയിച്ചു. ഇവ പരിശോധനാ ഘട്ടത്തിലാണിപ്പോള്‍.
660 കിലോമീറ്റര്‍ നീളത്തില്‍ ഭീമന്‍ പൈപ്പുകളിട്ടാണ് ഈ റിസര്‍വോയര്‍ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നത്. ജപ്പാന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ് പൈപ്പുകള്‍. 2020നു ശേഷം കൂടുതല്‍ റിസര്‍വോയറുകള്‍ നിര്‍മിച്ച് രാജ്യത്തിന്റെ ജലസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കഹ്‌റമാ നേതൃത്വം നല്‍കുമെന്നും വക്താവ് അറിയിച്ചു.












Click it and Unblock the Notifications