യുഎഇ: കുട്ടികളെ തൊട്ടാല്‍ വിലങ്ങുവീഴും; പുതിയ നിയമം ജൂണ്‍ 15 മുതല്‍
ദുബായ്: കുട്ടികള്‍ക്കെതിരെയുള്ള ചൂഷണം തടയാന്‍ യുഎഇ നിയമം ശക്തിപ്പെടുത്തുന്നു. യുഎഇയില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിന്റെ ഭാഗമായാണിത്. ഓടുന്ന കാറില്‍ കുട്ടികള്‍ ഡ്രൈവറുടെ മടിയിലിരുന്നോ, കാറിന്റെ മുന്‍സീറ്റിലിരുന്നോ യാത്ര ചെയ്യുകയോ, തനിച്ച് കുട്ടികളെ ബാല്‍ക്കണിയിലോ, വീട്ടിലോ നിര്‍ത്തുന്നതും, മറ്റ് ഏതെങ്കിലും തരത്തിലുമുള്ള ഒഴിവാക്കലുകളോ ചൂഷണങ്ങളോ പൊലീസിനെ അറിയിക്കാനാണ് യുഎഇ നല്‍കുന്ന നിര്‍ദ്ദേശം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ അറിയുകയോ കാണുകയോ ചെയ്താല്‍ ഇവ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
യുഎഇയിലുള്ള എല്ലാ കുട്ടികളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. ജൂണ്‍ 15 ന് പ്രാബല്യത്തില്‍ വരുന്ന മൂന്നാം നമ്പര്‍ നിയമം യുഎഇയിലെ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ ബാധകമാണ്. നിയമം ലംഘിക്കുന്നവരില്‍ നിന്ന് കടുത്ത പിഴ ഈടാക്കുകയും ശിക്ഷ വിധിക്കുകയും ചെയ്യും. കുട്ടികളെ അശ്ലീല ചിത്രങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതടക്കമുള്ള കുറ്റങ്ങള്‍ക്ക് 10 വര്‍ഷം വരെയാണ് ശിക്ഷ ലഭിക്കുക.

ഒരുദിവസം മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ സുരക്ഷിതത്വത്തിന് വേണ്ടി ഈ വര്‍ഷം ആദ്യമാണ് നിയമം ഒപ്പുവച്ചത്. പിന്നീട് വുധീമ നിയമം എന്ന് പേരിടുകയും ചെയ്തു. പട്ടിണിയും ചൂഷണവും കാരണം ദുബായില്‍ മരണമടഞ്ഞ വുധീമ എന്ന എട്ട് വയസ്സുകാരി എമിറേറ്റി പെണ്‍കുട്ടിയുടെ സ്മരണാര്‍ത്ഥമാണ് നിമയത്തിന് ഇപ്രകാരം പേര് നല്‍കിയിട്ടുള്ളത്.
കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രസ്തുത നിയമം നടപ്പിലാക്കുക എന്നത് ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റേയോ മാത്രം കടമയല്ലെന്നും മുഴുവന്‍ സമൂഹത്തിന്റേയും ഉത്തരവാദിത്തമാണന്നും ദുബായ് ഡയറക്ടര്‍ ജനറല്‍ ഓഫ് കമ്യൂണിറ്റി ഡെവലപ്പ്മന്റ് അതോറിറ്റി ഖാലിദ് അല്‍ ഖംദ പറഞ്ഞു.
കുട്ടികള്‍ വാഹനങ്ങളുടെ മുന്‍സീറ്റില്‍ ഇരിക്കുന്നത് പ്രശ്‌നമല്ല, എന്നാല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇത് പ്രശ്‌നമായി മാറും. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നതോടെ ഫോട്ടോയെടുത്ത് പൊലീസിന് വിവരം കൈമാറണമെന്നും നിര്‍ദ്ദേശമുണ്ട്. കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് അതോറിറ്റിയും 24 സര്‍ക്കാര്‍ ഏജന്‍സികളും പങ്കെടുത്ത യോഗത്തിനൊടുവിലാണ് പൊതുജനങ്ങളോടും ഈ ഉദ്യമത്തില്‍ പങ്കാളികളാവാന്‍ യുഎഇ അധികാരികള്‍ ആഹ്വാനം ചെയ്തിട്ടുള്ളത്.
ശാരീരികമായോ മാനസികമായോ പീഡനങ്ങള്‍ക്കൊപ്പം മാതാപിതാക്കളില്‍ നിന്നുള്ള അവഗണനയും കുട്ടികള്‍ക്ക് മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദങ്ങളും ശിക്ഷ ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുന്നു. കുട്ടികളുടെ മുഖത്തടിക്കുന്നതും ശാരീരികമായി ഉപദ്രവിക്കുന്നതും, ജോലികള്‍ ചെയ്യിക്കുന്നതും മദ്യം, സിഗരറ്റ് എന്നിവയുടെ വില്‍പ്പനയ്ക്ക് പ്രേരിപ്പിക്കുന്നതും വുധീമ നിയമപ്രകാരം കുറ്റകരമാണ്.












Click it and Unblock the Notifications