'ലീഗും സിപിഎമ്മും ഒന്നിച്ചു': ഷാർജയില്‍ 'കോണ്‍ഗ്രസിന്' ഞെട്ടിച്ച തോല്‍വി, അധികാരം നഷ്ടമായി
ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പില്‍ വർഷങ്ങള്‍ക്ക് ശേഷം പരാജയം നേരിട്ട് കോണ്‍ഗ്രസ് അനുകൂല സംഘടന. മുസ്ലിം ലീഗ് പോഷക സംഘടനയായ കേരള മുസ്ലിം കൾചറൽ സെന്ററും (KMCC)സി പി എം അനുകൂല സംഘടനയായ മാസും (MASS) ഒരുമിച്ചതോടെയാണ് കോൺഗ്രസ് അനുകൂല സംഘടനയായ ഇൻകാസ് നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ മുന്നണി പരാജയം നേരിട്ടത്.
തിരഞ്ഞെടുപ്പില്‍ ഒരു മാനേജിങ് കമ്മിറ്റി അംഗമൊഴിച്ച് ബാക്കിയെല്ലാ സീറ്റുകളും ലീഗ് - സി പി എം സഖ്യം നേടി. ജനാധിപത്യ മുന്നണിയുടെ നിസാർ തളങ്കര പ്രസിഡന്റ് (കെ എം സി സി) ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ശ്രീപ്രകാശ് പുരയത്ത് (മാസ്) ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മുൻ കേരള നിയമസഭാ സ്പീക്കർ പി രാമകൃഷ്ണന്റെ സഹോദരനാണ് ശ്രീപ്രകാശ്.

മതേതര ജനാധിപത്യ മുന്നണിക്ക് കീഴിൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മുൻ പ്രസിഡന്റ് ഇ പി ജോൺസണെയും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച നിലവിലെ പ്രസിഡന്റ് അഡ്വ.വൈ എ റഹീമിനും വലിയ പരാജയം നേരിടേണ്ടി വന്നു.
ഇൻകാസ്, പ്രിയദർശിനി, ഐഒസി തുടങ്ങിയവയുടെ പിന്തുണയിലായിരുന്നു മതേതര ജനാധിപത്യമുന്നണിയുടെ മത്സരം. കെഎംസിസി, മാസ്, യുവകലാസാഹിതി, എൻആർഐ ഫോറം, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം തുടങ്ങിയവർ ജനാധിപത്യ മുന്നണിക്കും പിന്തുണ നല്‍കി. ബി ജെ പി അനുകൂല സംഘടനയായ ഐ പി എഫ് (സമഗ്ര വികസന മുന്നണി) പ്രതിനിധികളും മത്സരിച്ചിരുന്നെങ്കിലും ആർക്കും വിജയിക്കാന്‍ സാധിച്ചില്ല.
പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു കെ എം സി സി കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കുകയും സി പി എമ്മിന്റെ സാംസ്കാരിക വിഭാഗമായ എം എ എസിനെ ഒപ്പം നിർത്തി തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിക്കുകയും ചെയ്തത്. കോൺഗ്രസ് നേതൃത്വം പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചുള്ള അവകാശവാദം ഉപേക്ഷിക്കാൻ വിസമ്മതിക്കുകയും ജനറൽ സെക്രട്ടറി സ്ഥാനം കെ എം സി സിക്ക് വാഗ്ദാനം ചെയ്യുകയുമായിരുന്നു. എന്നാല്‍ ഇത്തവണയെങ്കിലും പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് വിട്ട് തരണമെന്നായിരുന്നു കെ എം സി സിയുടെ നിലപാട്.
ഇതാദ്യമായല്ല കെ എം സി സി കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കുന്നത്. 2009-11 കാലഘട്ടത്തിൽ ലീഗും സി പി എമ്മും കൈകോർത്തിരുന്നുവെങ്കിലും പിന്നീട് വേർപിരിയുകയായിരുന്നു. 15000-ത്തിലധികം അംഗങ്ങളുള്ള കേരളത്തിന് പുറത്തുള്ള ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിൽ ഒന്നാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ.












Click it and Unblock the Notifications