യുഎഇയിലെ കോണ്‍ഗ്രസിനെതിരെ ലീഗ് - സിപിഎം തിരഞ്ഞെടുപ്പ് സഖ്യം: കൂട്ടുകെട്ടിന് പിന്നിലെ കാരണം അറിയാം
യു ഡി എഫിന്റെ അഭിവാജ്യ ഘടമാണ് മുസ്ലിം ലീഗെങ്കിലും അവരെ തങ്ങളുടെ ചേരിയിലെത്തിക്കാനുള്ള ആഗ്രഹം സി പി എമ്മിന് വർഷങ്ങളായിട്ടുണ്ട്. നിരവധി തവണ നേതാക്കള്‍ ഇത് പരസ്യമായും രഹസ്യമായും വ്യക്തമാക്കി. എന്നാല്‍ യു ഡി എഫില്‍ തന്നെ അടിയുറച്ച് നില്‍ക്കാനായിരുന്നു ലീഗിന്റെ തീരുമാനം. പക്ഷെ ഇപ്പോഴിതാ കോണ്‍ഗ്രസിനെതിരെ സി പി എമ്മും ലീഗും ഒരുമിക്കുന്നുവെന്ന വാർത്തയാണ് വരുന്നത്. അതും അങ്ങ് യു എ ഇയില്‍ നിന്ന്.
വരാനിരിക്കുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിലാണ് സി പി എമ്മുമായി കൈകോർക്കാനുള്ള ലീഗ് സംഘടനയായ കെ എം സി സിയുടെ തീരുമാനം. കെ എം സി സി കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കുകയും സി പി എമ്മിന്റെ സാംസ്കാരിക വിഭാഗമായ എം എ എസിനെ ഒപ്പം നിർത്തി തിരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിക്കുകയുമായിരുന്നു.

15000-ത്തിലധികം അംഗങ്ങളുള്ള കേരളത്തിന് പുറത്തുള്ള ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിൽ ഒന്നാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ. അസോസിയേഷന് സ്വന്തമായി ഒരു സ്കൂളുണ്ട്. കൂടാതെ പ്രവാസികള്‍ക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ഇടപെടുന്നു. 20-ലധികം മലയാളി അസോസിയേഷനുകളും ഈ അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസുമായി ചേർന്ന് നില്‍ക്കുന്നതാണ്.
യു എ ഇ കോൺഗ്രസ് നേതൃത്വം കെ എം സി സി മുന്നോട്ട് വെച്ച ആവശ്യങ്ങൾ നിറവേറ്റാത്തതാണ് സഖ്യത്തിന്റെ പിളർപ്പിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് നേതൃത്വം പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചുള്ള അവകാശവാദം ഉപേക്ഷിക്കാൻ വിസമ്മതിക്കുകയും ജനറൽ സെക്രട്ടറി സ്ഥാനം കെ എം സി സിക്ക് വാഗ്ദാനം ചെയ്യുകയുമായിരുന്നു. എന്നാല്‍ ഇത്തവണയെങ്കിലും പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് വിട്ട് തരണമെന്നായിരുന്നു കെ എം സി സിയുടെ നിലപാട്.
അതേസമയം, ഇതാദ്യമായല്ല കെ എം സി സി കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കുന്നത്. 2009-11 കാലഘട്ടത്തിൽ ലീഗും സി പി എമ്മും കൈകോർത്തിരുന്നുവെങ്കിലും പിന്നീട് വേർപിരിയുകയായിരുന്നു. കേരളത്തിലെ ലീഗ്, കോൺഗ്രസ് നേതാക്കൾ ഇടപെട്ട് കെ എം സി സിയും കോൺഗ്രസും തമ്മിലുള്ള പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് വിജയം നേടിയില്ല.












Click it and Unblock the Notifications