അമേരിക്കയിലെ പരിഭവം സൗദി തീര്‍ക്കുമോ? മുഖ്യമന്ത്രിയും മന്ത്രിമാരും സൗദി അറേബ്യയിലേക്ക്, പക്ഷേ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന കേരളത്തില്‍ നിന്നുള്ള വന്‍ സംഘം സൗദി അറേബ്യയിലേക്ക്. ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിന് വേണ്ടിയാണ് യാത്ര. ലോക കേരള സഭയുടെ മുന്‍ സമ്മേളനം അമേരിക്കയിലായിരുന്നു. ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു ഈ സമ്മേളനം. സൗദി സമ്മേളനം അന്ന് തന്നെ പ്രഖ്യാപിച്ചതാണെങ്കിലും തിയ്യതി തീരുമാനിച്ചത് ഇപ്പോഴാണ്.
അടുത്ത മാസം 19 മുതല്‍ 21 വരെയാണ് സൗദി അറേബ്യയിലെ സമ്മേളനം. സംസ്ഥാനത്തേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുക എന്നതുള്‍പ്പെടെയുള്ള ലക്ഷ്യത്തോടെയാണ് സമ്മേളനം. അമേരിക്കന്‍ സമ്മേളനം വേണ്ടത്ര ഉപകാരപ്പെട്ടില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. മാത്രമല്ല, കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുമ്പോള്‍ അനാവശ്യ ചെലവ് വരുത്തി വയ്ക്കുകയാണ് സര്‍ക്കാര്‍ എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഔദ്യോഗികമായ വിദേശ യാത്രയ്ക്ക് മുഖ്യമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും പോകണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. അമേരിക്കന്‍ യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏറെ വൈകിയാണ് അനുമതി നല്‍കിയത്. സൗദി യാത്രയ്ക്ക് കേന്ദ്രം അനുമതി നല്‍കുമോ എന്ന കാര്യം വ്യക്തമല്ല. ആറ് ദിവസത്തെ അനുമതി തേടി സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്.
അടുത്ത മാസം 17 മുതല്‍ 22 വരെയുള്ള അനുമതിയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമേ മുഖ്യമന്ത്രിയുടെ യാത്ര സാധ്യമാകൂ. മൂന്ന് ദിവമാണ് സൗദിയിലെ കേരള സഭ ചേരുന്നത്. എന്നാല്‍ രണ്ട് ദിവസം മുമ്പ് തന്നെ മുഖ്യമന്ത്രി പുറപ്പെടും. അമേരിക്കന്‍ യാത്രയിലെ നേട്ടങ്ങള്‍ ഈ വേളയില്‍ പ്രതിപക്ഷം ചോദിക്കാന്‍ സാധ്യതയുണ്ട്.
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളുമായി ബന്ധപ്പെട്ട് അമേരിക്കന്‍ യാത്രയ്ക്കിടെ ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പരിപാടിയില്‍ വിഐപികള്‍ക്കൊപ്പം വേദി പങ്കിടുന്നതിനും വിരുന്നില്‍ ചേരുന്നതിനും വലിയ തുക ആവശ്യപ്പെട്ട് കാര്‍ഡ് ഇറക്കിയതാണ് വിവാദമായത്. ഇതിനോട് വേണ്ടത്ര അനുകൂലമായ പ്രതികരണമുണ്ടായില്ലെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.
അതേസമയം, വിമര്‍ശനങ്ങള്‍ നേട്ടമാകുകയാണ് ചെയ്തതെന്ന് അമേരിക്കയിലെ ലോക കേരള സഭയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ പിന്നീട് പറഞ്ഞിരുന്നു. സമ്മേളനത്തിലെ മലയാളികളുടെ പങ്കാളിത്തമാണ് അവര്‍ ഉയര്‍ത്തിക്കാട്ടിയത്. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, എംപിമാരായ ജോസ് കെ മാണി, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ക്ക് പുറമെ ശ്രീരാമകൃഷ്ണനും അമേരിക്കന്‍ സഭയില്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications