ഭാഗ്യം ഇന്ത്യക്കാരുടെ പിന്നാലെയുണ്ട്; മഹ്‌സസൂസിന്റെ ബംബര്‍ പ്രവാസി വനിതയ്ക്ക്, കോടികള്‍
ഭാഗ്യം ആരെ എപ്പോള്‍ തേടിവരുമെന്ന് നമുക്ക് ഒരിക്കലും പറയാന്‍ സാധിക്കില്ല. എപ്പോഴെങ്കിലും ഭാഗ്യം തേടിയെത്തുമെന്ന വിശ്വാസത്തിലാണ് നമ്മള്‍ ലോട്ടറി എടുക്കുന്നതും. കോടികളുടെ രൂപത്തില്‍ പലരെയുിം ഭാഗ്യം തേടിയെത്തിയ വാര്‍ത്തകള്‍ നമ്മള്‍ അറിയുന്നുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ യു എ ഇ മഹ്‌സൂസ് ഗ്യാരണ്ടീസ് മില്യണര്‍ നറുക്കെടുപ്പില്‍ പത്ത് ലക്ഷം ദിര്‍ഹം സ്വന്തമാക്കിയ ഇന്ത്യന്‍ പ്രവാസി വനിതയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഏപ്രില്‍ ഒന്നിന് നടന്ന 122ാം മഹ്‌സൂസ് നറുക്കെടുപ്പിലാണ് 38 വയസുകാരിയായ പ്രവാസി വനിത ഹമേദയെ തേടി സമ്മാനം എത്തിയത്. നാല് മക്കളുടെ അമ്മയായ ഹമേദ വര്‍ഷങ്ങളായി യു എ ഇയില്‍ മെഡിക്കല്‍ കോഡിംഗ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. ഹമേദയെ തേടി ഭാഗ്യമെത്തിയപ്പോള്‍ മറ്റൊരു ചരിത്രം കൂടിയാണ് കുറിച്ചിരിക്കുന്നത്. മഹസൂസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഗ്യാരണ്ടീഡ് മില്യണറാകുന്നത്.

എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഹമേദ മഹ്‌സൂസ് ഭാഗ്യം പരീക്ഷിക്കാന്‍ തുടങ്ങിയത്. എപ്രില്‍ ഒന്നിലെ നറുക്കെടുപ്പ് കാണാന്‍ ഹമേദയ്ക്ക് സാധിച്ചിരുന്നില്ല. കാരണം, കുട്ടിയുടെ ഫുട്‌ബോള്‍ മത്സരമുണ്ടായിരുന്നു. ഇത് കാണാന്‍ പോയതായിരുന്നു. തൊട്ടടുത്ത ദിവസം മഹ്‌സൂസ് ടീം ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് തന്നെ തേടി വലിയ ഭാഗ്യം എത്തിയ കാര്യം ഹമേദ അറിയുന്നത്.
നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് കുറവായിരുന്നു എന്നാണ് ഹമേദ പറയുന്നത്. ഇതുവരെ ഒന്നും വിജയിച്ചിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ വലിയ സന്തോഷം തോന്നുന്നു. ഇക്കാര്യം എനിക്ക് വിശ്വസിക്കാനേ സാധിക്കുന്നില്ലെന്ന് ഹമേദ പറയുന്നു. തനിക്ക് ലഭിച്ച തുക എങ്ങനെ ചെലവഴിക്കുമെന്നതിനെ കുറിച്ചും ഹമേദ പറയുന്നുണ്ട്.
മക്കള്‍ക്ക് മെഡിസിന്‍ പഠിക്കണമെന്നാണ് ആഗ്രഹം. കൂടാകെ സ്‌കൂള്‍ പ്രായത്തിലുള്ള രണ്ട് മക്കളുമുണ്ട്. അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടി തുക ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഹമേദ പറയുന്നു. ഇതോടൊപ്പം തന്റെ കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി പണം ചെലവഴിക്കുമെന്നും ഹമേദ പറയുന്നു.
ഒരു മാസം മുമ്പാണ് മഹ്‌സൂസ് ഗ്യരന്റീഡ് മില്യണര്‍ സമ്മാനം നടപ്പിലാക്കിയത്. ഈ സമ്മാനം ലഭിക്കുന്ന നാലാമത്തെ കോടീശ്വരിയാണ് ഹമേദ. ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പാണ് മഹ്‌സൂസ്. മഹ്‌സൂസില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളാണ്. അതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുമാണ്. മഹ്‌സൂസ് സമ്മാനം ലഭിക്കുന്നതോടെ ആളുകളുടെ ജീവിതം വലിയ രീതിയിലാണ് മാറിമറിയുന്നത്.












Click it and Unblock the Notifications