സൗദി ഡിജിറ്റല്‍ ബാങ്കില്‍ യൂസഫലിക്ക് ഓഹരി പങ്കാളിത്തം; ചരിത്രത്തില്‍ ആദ്യം; അഭിമാന നേട്ടം
സൗദിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബാങ്കിംഗ് മേഖലയില്‍ സ്വദേശിയല്ലാത്ത ഒരാള്‍ക്ക് ഓഹരി പങ്കാളിത്തം ലഭിക്കുന്നത്.

റിയാദ്: സൗദി അറേബ്യയിലെ ഡിജിറ്റല്‍ ബാങ്കിംഗ് മേഖലയില്‍ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് ഓഹരി പങ്കാളിത്തമെന്ന് റിപ്പോര്‍ട്ട്. സൗദിയില്‍ പുതുതായി രൂപീകരിച്ച വിഷന്‍ ബാങ്കിന്റെ പത്ത് ശതമാനം ഓഹരികളാണ് യൂസഫലി സ്വന്തമാക്കിയത്. ഇതാദ്യമായാണ് സൗദിയില്‍ സ്വദേശിയല്ലാത്ത വ്യക്തി ഓഹരി പങ്കാളിത്തം സ്വന്തമാക്കുന്നത്.
പ്രമുഖ സൗദി വ്യവസായിയായ ശൈഖ് സുലൈമാന്‍ അബ്ദുള്‍ റഹന്മാന്‍ അല്‍ റാഷിദ് ചെയര്‍മാനായ വിഷന്‍ ബാങ്കിലാണ് യൂസഫലിക്ക് പങ്കാളിത്തമുള്ളത്. യൂസഫലിയെ കൂടാതെ പ്രമുഖരായ സൗദി വ്യവസായികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ഓഹരി പങ്കാളിത്തമുള്ളത്.
സൗദിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബാങ്കിംഗ് മേഖലയില്‍ സ്വദേശിയല്ലാത്ത ഒരാള്‍ക്ക് ഓഹരി പങ്കാളിത്തം ലഭിക്കുന്നത്. 600 കോടി റിയാലാണ് ബാങ്കിന്റെ മൂലധനം. ഏകദേശം 12000 കോടി ഇന്ത്യന്‍ രൂപ. ലോകത്തെ മുന്‍നിര സാമ്പത്തിക കേന്ദ്രമാകുന്നതിന് വേണ്ടിയാണ് സൗദി അറേബ്യ ഡിജിറ്റല്‍ ബാങ്കിംഗ് മേഖലയില്‍ സാന്നിദ്ധ്യം ശക്തമാക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവിഷ്‌കരിച്ച ഏറ്റവും വലിയ പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030-ന്റെ നയങ്ങള്‍ക്കനുസരിച്ചായിരിക്കും ഡിജിറ്റല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.












Click it and Unblock the Notifications