മധുരമെന്‍ മലയാളം: ഓണ്‍ലൈന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ദുബൈ: പ്രവാസി വിദ്യാര്‍ഥികളില്‍ മലയാള ഭാഷാഭിരുചി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ‘ഗള്‍ഫ് മാധ്യമം’ കേരള സര്‍ക്കാരിന്‍െറ സഹകരണത്തോടെ ‘മധുരമെന്‍ മലയാളം’ പദ്ധതിയുടെ ഭാഗമായി വെള്ളിയാഴ്ച നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. ഈ മാസം 17ന് വിവിധ രാജ്യങ്ങളിലെ 10 കേന്ദ്രങ്ങളിലായി നടക്കുന്ന എഴുത്തുപരീക്ഷക്ക് ജൂനിയര്‍,സീനിയര്‍ വിഭാഗങ്ങളിലായി 440 വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു.
അതേസമയം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും ഗള്‍ഫ് മാധ്യമവും ചേര്‍ന്നു നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് 5797 വിദ്യാര്‍ഥികള്‍ അര്‍ഹരായി. ഓണ്‍ലൈന്‍ പരീക്ഷയിലെ ആദ്യ 20 ചോദ്യങ്ങളില്‍ ചുരുങ്ങിയത് 12 ശരിയുത്തരം രേഖപ്പെടുത്തിയവര്‍ക്കാണ് ഈ സര്‍ട്ടിഫിഫിക്കറ്റ് ലഭിക്കുക. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഇ മെയിലായി അയക്കും.

17ന് ഉച്ച 2.30 മുതല്‍ നാലു മണിവരെയായിരിക്കും എഴുത്തുപരീക്ഷ. സലാല, മസ്ക്കത്ത്, ജിദ്ദ, ദമ്മാം, റിയാദ്, അബൂദബി, ദുബൈ, കുവൈത്ത്, ദോഹ, മനാമ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍. ജൂനിയര്‍,സീനിയര്‍ വിഭാഗങ്ങളില്‍ അബൂദബി,ദുബൈ കേന്ദ്രങ്ങളിലേക്ക് 30 വീതം വിദ്യാര്‍ഥികളെയും മറ്റു കേന്ദ്രങ്ങളിലേക്ക് 20 വീതം വിദ്യാര്‍ഥികളെയുമാണ് എഴുത്തുപരീക്ഷക്ക് തെരഞ്ഞെടുത്തത്. കേന്ദ്രങ്ങളും മറ്റു വിശദാംശങ്ങളും പരീക്ഷാര്‍ഥികളെ നേരിട്ട് അറിയിക്കുന്നതാണ്.
വെള്ളിയാഴ്ച നടന്ന പ്രാഥമിക ഓണ്‍ലൈന്‍ പരീക്ഷയില്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഗള്‍ഫ് മാധ്യമവും കേരള സാംസ്കാരിക വകുപ്പും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും മലയാളം മിഷനും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും കൈകോര്‍ത്ത് നടത്തുന്ന ഈ നൂതന ഉദ്യമത്തില്‍ ഓണ്‍ലൈന്‍, എഴുത്തുപരീക്ഷ, ഗ്രാന്‍ഡ് ഫിനാലെ എന്നിങ്ങനെയാണ് പരീക്ഷാക്രമം.
17ലെ എഴുത്തു പരീക്ഷയില്‍ നിന്ന് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 14 പേരാണ് ഗ്രാന്‍ഡ് ഫിനാലേയിലേക്ക് അര്‍ഹത നേടുക. ഈ മാസം 24ന് രാവിലെ ദുബൈയിലാണ് പ്രമുഖരടങ്ങുന്ന ജൂറി വിധി നിര്‍ണയിക്കുന്ന ഗ്രാന്‍ഡ് ഫിനാലെ നടക്കുക. അന്ന് വൈകിട്ട് ദുബൈ മൈദാനില്‍ നടക്കുന്ന കലാ,സംഗീത,സാംസ്കാരിക സന്ധ്യയില്‍ സമ്മാനദാനം നടക്കും.












Click it and Unblock the Notifications