ജിദ്ദയില്‍ നീന്തല്‍ കുളത്തില്‍ വീണ് മലയാളി വിദ്യാര്‍ഥി മരിച്ചു
റിയാദ്: ജിദ്ദയില്‍ നീന്തല്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ മലയാളി വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു. കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ മകള്‍ ഫിദ അബ്ദുല്‍ ലത്തീഫ് (14) ആണ് മരിച്ചത്. ജിദ്ദ അല്‍ മാവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. വ്യവസായിയായ ലത്തീഫിന്റെ കുടുംബം വര്‍ഷങ്ങളായി സൗദിയിലാണ് താമസം.
പിതാവ് ലത്തീഫ് കെ എം സി സി കൊടുവള്ളി മണ്ഢലം പ്രസിഡണ്ടും അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ മാനേജിംഗ് ഡയറക്ടറുമാണ്. ജിദ്ദയിലെ റിഹേലിയില്‍ ശനിയാഴ്ച രാത്രി നടന്ന കൊടുവള്ളി കെ.എം.സി.സി കുടുംബ സംഗമത്തിനിടെയാണ് ദാരുണമായ സംഭവം.

കുടുംബ സംഗമം നടക്കുന്നതിനിടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിംഗ് പൂളില്‍ നീന്താനിറങ്ങിയതായിരുന്നു ഫിദ. എന്നാല്‍ മറ്റു കുട്ടികളൊക്കെ നീന്തിക്കയറിയിട്ടും ഫിദയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ കുട്ടികള്‍ ഒന്നിച്ച് കുളിക്കാനിറങ്ങിയതിനാല്‍ ഫിദയുടെ അഭാവം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. മൃതദേഹം സുലൈമാനിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാതെ പുണ്യനഗരമായ മക്കയില്‍ ഖബറടക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications