ഫുജൈറ: 40 വര്‍ഷമായി യുഎഇയില്‍ താമസമാക്കിയ മലയാളി ബിസിനസുകാരന്‍ മരിച്ച നിലയില്‍, കൊലപാതകം?
ഫുജൈറ: മലയാളി ബിസിനസുകാരനെ ഫുജൈറ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫുജൈറയിലെ ദിബ്ബയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ദുബായില്‍ ഹോള്‍ സെയില്‍ സ്‌റ്റേഷനറി ബിസിനസ് നടത്തി വരികയായിരുന്ന അയ്യപ്പനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ കാര്‍ ബീച്ചിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. യുഎഇയിലെ നാട്ടിക എസ്എം കൊളെജ് അലുംനിയുടെ ചെയര്‍മാന്‍ കൂടിയാണ് അയ്യപ്പന്‍. ജനവരി 13 മുതലാണ് ഇദ്ദേഹത്തെ കാണാതായത്. 14 ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

അപകടമരണമാണോ ആത്മഹത്യയാണോ എന്ന കാര്യം ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹത്തില്‍ നിന്നും കാറിന്റെ താക്കോലും എമിറേറ്റ്‌സ് ഐഡിയും കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന് സാമ്പത്തിക പ്രതിസന്ധികള്‍ ഒന്നും തന്നെ ഇല്ലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 40 വര്‍ഷത്തോളമായി ഇദ്ദേഹം യുഎഇയില്‍ ഉണ്ട്. ദുബായിലെ മുഹൈസിനയിലാണ് താമസം. ഭാര്യയും രണ്ട് മക്കളുമുണ്ട്.


Click it and Unblock the Notifications