സോറി സോറി ആളുമാറി! ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം അടിച്ചില്ലെന്ന് വ്യക്തമാക്കി പ്രവാസി യുവാവ്
സമ്മാനം കിട്ടിയ ആളുടെ പേര് ജോൺ വർഗീസ് എന്ന് മാത്രമായിരുന്നു കഴിഞ്ഞദിവസം ലഭിച്ച വിവരം.
ദുബായ്: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പെന്നാൽ മലയാളികൾക്കായുള്ള നറുക്കെടുപ്പെന്നാണ് ഇപ്പോൾ ഗൾഫിലെ സംസാരം. കാരണം മറ്റൊന്നുമല്ല, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അത്രയധികം മലയാളികൾക്കാണ് സമ്മാനമടിച്ചിരിക്കുന്നത്. ഓരോ നറുക്കെടുപ്പിലും സമ്മാനം നേടുന്നവരുടെ പട്ടികയിൽ ഒരു മലയാളിയെങ്കിലും ഉണ്ടാവുമെന്നാണ് സമീപകാലത്തെ നറുക്കെടുപ്പുകൾ നൽകുന്ന സൂചന.
ഓരോ മാസവും നറുക്കെടുക്കുന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കഴിഞ്ഞമാസത്തെ 21 കോടി രൂപയും മലയാളിക്കാണെന്നായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്ന വാർത്ത. സമ്മാനം കിട്ടിയ ആളുടെ പേര് ജോൺ വർഗീസ് എന്ന് മാത്രമായിരുന്നു കഴിഞ്ഞദിവസം ലഭിച്ച വിവരം. പക്ഷേ യഥാർഥ കോടിപതിയെ ആർക്കും കണ്ടെത്താനായില്ല.

പുതുപ്പള്ളി സ്വദേശി...
ഇന്ത്യക്കാരനായ ജോൺ വർഗീസിന് 21 കോടി രൂപ സമ്മാനമടിച്ചെന്ന വാർത്ത പ്രചരിച്ചതിന് പിന്നാലെയാണ് പുതുപ്പള്ളി സ്വദേശിയും അബുദാബി ഷെറാട്ടൺ ഹോട്ടലിലെ ഔട്ട് ലെറ്റ് മാനേജറുമായ ജോൺ വർഗീസിന് ഫോൺ കോളുകൾ വരുന്നത്. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സ്ഥിരമായി ടിക്കറ്റെടുക്കുന്ന പുതുപ്പള്ളിക്കാരൻ അച്ചായൻ തന്നെയാണ് 21 കോടിയടിച്ച ജോൺ വർഗീസ് എന്നായിരുന്നു അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വിചാരിച്ചത്. നറുക്കെടുപ്പ് ഫലമറിഞ്ഞ ഉടൻ തന്നെ സുഹൃത്തുക്കൾ ജോൺ വർഗീസിനെ വിളിച്ച് വിവരം പറയുകയും ചെയ്തു. എന്നാൽ കാർ ഡ്രൈവ് ചെയ്യുന്നതിനിടെ സുഹൃത്തിന്റെ ഭാഗ്യവാർത്ത കേട്ട് ജോൺ വർഗീസ് ആദ്യം ഞെട്ടി. അച്ചായാ അടിച്ചു മോനെ അടിച്ചു അടിച്ചു എന്നായിരുന്നു ഫോൺ എടുത്ത ഉടൻ സുഹൃത്ത് പറഞ്ഞത്.

സന്തോഷം കൊണ്ട് കരച്ചിൽ വന്നു...
സംഭവം എന്താണെന്ന് മനസിലാവാതിരുന്ന ജോൺ വർഗീസ് എന്താടാ കൂവേ കാര്യമെന്ന് ചോദിച്ചപ്പോഴാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 21 കോടി അടിച്ചതായി സുഹൃത്ത് പറഞ്ഞത്. ഇത് കേട്ട ഉടൻ കർത്താവിനെ വിളിച്ച ജോൺ വർഗീസിന് സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു. എന്ത് പറയണം, എന്ത് ചെയ്യണം എന്നറിയാതെ സെക്കൻഡുകൾ നിശ്ചലമായിപ്പോയ അവസ്ഥ. പക്ഷേ, അപ്പോഴാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനെ സംബന്ധിച്ച് പുതുപ്പള്ളിക്കാരന്റെ മനസിലേക്ക് ചില ചോദ്യങ്ങൾ കടന്നുവന്നത്. ഇനി സുഹത്ത് എങ്ങാനും പറ്റിക്കാൻ പറഞ്ഞതായിരിക്കുമോ എന്നതായിരുന്നു ജോൺ വർഗീസിന്റെ ആദ്യത്തെ സംശയം.

അഭിനന്ദനങ്ങൾ...
പറ്റിക്കൽ ആയിരിക്കുമോ എന്നാലോചിച്ച് ഇരിക്കുമ്പോഴാണ് ജോൺ വർഗീസിന് അടുത്ത കോൾ വരുന്നത്. ലോട്ടറി അടിച്ചതിനുള്ള അഭിനന്ദനം അറിയിക്കാനായിരുന്നു ആ കോളും. പിന്നീട് തുടരെ തുടരെ നിരവധി സുഹൃത്തുക്കളുടെ അഭിനന്ദന കോളുകൾ. ഇതോടെ കാർ ഓടിച്ചിരുന്ന ജോൺ വർഗീസ് വണ്ടി ഒരിടത്ത് നിർത്തി വീട്ടിലുള്ള ഭാര്യയെ വിളിച്ചു. പക്ഷേ, ഭാര്യ ഫോൺ എടുത്തില്ല. ഇതോടെ ടെൻഷൻ കൂടി. കഴിഞ്ഞ അഞ്ച് മാസമായി സ്ഥിരം ബിഗ് ടിക്കറ്റ് എടുക്കുന്ന ജോൺ വർഗീസ് എല്ലാ നറുക്കെടുപ്പും തത്സമയം കാണാറുള്ളതാണ്. എന്നാൽ ഇത്തവണ മറ്റു തിരക്കുകൾ കൊണ്ട് അതിനു കഴിഞ്ഞതുമില്ല. ഇതോടെയാണ് സമ്മാനം കിട്ടിയോ എന്ന് ഉറപ്പിക്കാൻ വേണ്ടി ബിഗ് ടിക്കറ്റ് വെബ്സൈറ്റ് സന്ദർശിച്ചത്.

പേര് ഒന്ന്, പക്ഷേ...
ചങ്കിടിപ്പോടെ ബിഗ് ടിക്കറ്റ് വെബ്സൈറ്റിൽ കയറിയ ജോൺ വർഗീസ് ആ ഭാഗ്യവാന്റെ പേര് വായിച്ചപ്പോൾ ശരിക്കും ഞെട്ടി. 21 കോടി രൂപ നേടിയയാളുടെ പേര് ജോൺ വർഗീസ് എന്നുതന്നെ. ഇതോടെ കർത്താവിനെ വിളിച്ചു പ്രാർത്ഥിച്ചു. പേരിലെ അക്ഷരങ്ങൾ ശരിയാണോയെന്ന് ഒന്നുകൂടെ ഉറപ്പിച്ചു. പക്ഷേ, എന്നാലും മറ്റൊരു സംശയം പുതുപ്പള്ളിക്കാരൻ ജോണിനെ അലട്ടിക്കൊണ്ടിരുന്നു. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനമടിച്ചാൽ സാധാരണ ബിഗ് ടിക്കറ്റ് അധികൃതർ തന്നെയാണെല്ലോ വിളിച്ചറിയിക്കേണ്ടത്. തനിക്കാണ് സമ്മാനം ലഭിച്ചതെങ്കിൽ എന്തുകൊണ്ട് അവർ വിളിച്ചില്ല. ഈ സംശയം ബലപ്പെട്ടപ്പോൾ ജോൺ വർഗീസ് ബിഗ് ടിക്കറ്റ് ഓഫീസിലേക്ക് വിളിച്ചു കാര്യം തിരക്കി.

മാറിപ്പോയി മക്കളേ...
ബിഗ് ടിക്കറ്റ് ഓഫീസിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ ജോൺ വർഗീസിന് മനസിലായത്. സമ്മാനമടിച്ചയാളുടെ പേരും തന്റെ പേരും ഒന്നു തന്നെ. പക്ഷേ, സമ്മാനമടിച്ചത് തന്റെ കൈയിലെ ടിക്കറ്റിനല്ല. അത് മറ്റൊരു ജോൺ വർഗീസ് എടുത്ത ടിക്കറ്റിനാണ് 21 കോടി അടിച്ചത്. എന്നാൽ പുതുപ്പള്ളിക്കാരൻ ജോൺ വർഗീസിന് സമ്മാനമടിച്ചെന്ന വാർത്ത അതിനകം സുഹൃത്തുക്കൾക്കിടയിൽ പ്രചരിച്ചിരുന്നു. അഭിനന്ദനമറിയിച്ചുള്ള ഫോൺ കോളുകൾ പിന്നീടും വന്നു. എന്നാൽ അവരോടെല്ലാം സംഭവത്തിന്റെ സത്യാവസ്ഥ പറഞ്ഞിട്ടും ആർക്കും വിശ്വാസമായില്ല. ലോട്ടറി അടിച്ചപ്പോൾ നമ്മളെയെല്ലാം മറന്നോ എന്നായിരുന്നു അവരുടെ ചോദ്യമെന്ന് ജോൺ വർഗീസ് പറയുന്നു.

സഹായത്തിന്...
ഇതിനിടെ തനിക്കറിയാത്ത നിരവധിപേരും തന്നെ വിളിച്ചിരുന്നതായി ജോൺ വർഗീസ് പറഞ്ഞു. ബാങ്ക് ലോൺ, ക്രഡിറ്റ് കാർഡ്, അസുഖം, വീട് നിർമ്മാണം തുടങ്ങിയ പ്രതിസന്ധികൾ അനുഭവിക്കുന്നവരായിരുന്നു വിളിച്ചത്. എല്ലാവരെയും താൻ സഹായിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇവരോടെല്ലാം കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. ഈ സംഭവത്തോടെ ഇത്രയധികം പ്രശ്നങ്ങൾ അനുഭവിക്കുന്നവരും ഇവിടെയുണ്ടെന്ന് ജോൺ വർഗീസിന് മനസിലായി. അതേസമയം, തന്റെ ഫോൺ നമ്പർ ഇവർക്കെല്ലാം എങ്ങനെ കിട്ടിയെന്നാണ് ജോൺ വർഗീസിന്റെ പ്രധാന സംശയം.

സ്വന്തമാക്കിയത് പോലെ...
സംഭവബഹുലമായ നിമിഷങ്ങൾ പിന്നിട്ട് വീട്ടിലെത്തിയ ജോൺ വർഗീസ് സത്യാവസ്ഥ വിവരിച്ച് ഫേസ്ബുക്കിൽ ഒരു പോസ്റ്റുമിട്ടു. ''ബിഗ് ടിക്കറ്റ് ഞാനും എടുത്തിരുന്നു. അടിച്ചിരിക്കുന്നത് എനിക്കല്ല, നമ്പർ വ്യത്യസ്തമാണ്. ആശംകൾ അറിയിച്ചവർക്ക് നന്ദി. ദൈവത്തെ ഓർത്ത് ഇക്കാര്യം പറഞ്ഞ് ഇനിയാരും വിളിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു'' എന്നാണ് ജോൺ വർഗീസ് ഫേസ്ബുക്കിൽ കുറിച്ചത്. പക്ഷേ, ഫേസ്ബുക്ക് പോസ്റ്റ് കൊണ്ടൊന്നും ജോൺ വർഗീസിന് വരുന്ന ഫോൺ കോളുകളുടെ എണ്ണം കുറഞ്ഞിട്ടില്ല. മനോരമ ഓൺലൈനാണ് ജോൺ വർഗീസിന്റെ പ്രതികരണമടക്കം ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മറ്റൊരു ജോൺ വർഗീസാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 21 കോടി രൂപ കിട്ടിയ ഭാഗ്യശാലി.
-
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?












Click it and Unblock the Notifications