അക്ഷരനഗരിയില്‍ മമ്മൂട്ടിയെ കാണാന്‍ എത്തിയത് റെക്കോര്‍ഡ് ജനക്കൂട്ടം!!!
ഒരു സിനിമ നടന്‍ എന്നതിലുപരി അക്ഷരങ്ങളുടെ ഇഷ്ടക്കാരനായി കണക്കാക്കി പുസ്തകമേളയിലേക്കു തന്നെ ക്ഷണിച്ചതിന് സംഘാടകരോട് മമ്മൂട്ടി നന്ദി പറഞ്ഞു.
ഷാര്‍ജ: ആര്‍ത്തിരമ്പുന്ന ആരാധകര്‍ക്കിടയിലേക്കു മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടി എത്തിയപ്പോള്‍ പുസ്തകോത്സവ വേദി അക്ഷരാര്‍ത്ഥത്തില്‍ ഉണര്‍ന്നു. ഷാര്‍ജ അന്താരാഷ്ട പുസ്തകമേളയിലാണ് അതിഥിയായി മമ്മൂട്ടി എത്തിയത്. ഒരു സിനിമ നടന്‍ എന്നതിലുപരി അക്ഷരങ്ങളുടെ ഇഷ്ടക്കാരനായി കണക്കാക്കി പുസ്തകമേളയിലേക്കു തന്നെ ക്ഷണിച്ചതിന് സംഘാടകരോട് മമ്മൂട്ടി നന്ദി പറഞ്ഞു. പല കഥാകാരന്മാരുടെയും സ്വപ്നമായ അക്ഷരോത്സവ വേദിയില്‍ എത്താനായത് ഭാഗ്യമായി കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ഭാഷ മരിക്കുന്നു യുവതലമുറ വായിക്കുന്നില്ല എന്നെല്ലാം ആവലാതികള്‍ ഉണ്ടെങ്കിലും എല്ലാ ഭാഷകളും വാസ്തവത്തില്‍ വളരുകയാണ്. ഭാഷയില്‍ പുതിയ വാക്കുകള്‍ ഉണ്ടാകുന്നു, വാക്കുകള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 3 പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ മമ്മൂട്ടി സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോള്‍ കൈയ്യടിയോടെയാണ് കാണികള്‍ സന്തോഷം പങ്കിട്ടത്. തുടര്‍ന്ന് നടന്ന ചോദ്യോത്തര വേളയില്‍ ഹിറ്റ് 96 .7 എഫ് എം ആര്‍ജെ മിഥുന്റെ ചോദ്യങ്ങള്‍ക്ക് മമ്മുട്ടി മറുപടി പറഞ്ഞു. സിനിമാ നടനാവണമെന്ന തീരുമാനം എന്നെടുത്തു എന്ന ചോദ്യത്തിന് ആദ്യമായി ഒരു സിനിമ കണ്ട ദിവസം തന്നെ എന്ന മറുപടി സിനിമയോടുള്ള അദ്ദേഹത്തിന്റെ വികാരം വെളിപ്പെടുത്തുന്നതായിരുന്നു.

മൂന്ന് കോളേജുകളില്‍ നിന്നായാണ് പഠനം പൂര്‍ത്തിയാക്കിയതെങ്കിലും മഹാരാജാസില്‍ നിന്നാണ് തന്റെ യാത്രയുടെ ആരംഭം. കലാകാരന്മാര്‍ക്ക് വളരാന്‍ പറ്റിയ അന്തരീക്ഷമായിരുന്നു മഹാരാജാസില്‍ എം ലീലാവതി, എംകെ സാനു, എം അച്യുതന്‍ തുടങ്ങിയ പ്രഗത്ഭര്‍ പഠിപ്പിച്ചിട്ടും താന്‍ ഇത്രയേ നന്നായുള്ളു എന്നതാണ് അദ്ഭുതമെന്നു മഹാരാജാസ് കാലഘട്ടത്തെക്കുറിച്ച് ഗൃഹാതുരയോടെ ഓര്‍ത്തു.

അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പഠിച്ചപ്പോള്‍ മുതല്‍ വായന തുടങ്ങി വായന തന്നിലെ നടനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. കഥാപാത്രങ്ങളായി സ്വയം സങ്കല്‍പ്പിച്ചു, സംഭാഷണങ്ങള്‍ ഉറക്കെ പറയുക ഒരു ശീലമായിരുന്നു. എം.ടി തന്റെ ഇഷ്ട കഥാകാരനാണ്. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളിലെയും കഥാപാത്രങ്ങള്‍ താനാണെന്ന് തോന്നിയിട്ടുണ്ട്. സിനിമയാക്കിയ സാഹിത്യകൃതികളിലധികവും മമ്മൂട്ടി നായകന്‍ ആയതിനെക്കുറിച്ചു ചോദിച്ചപ്പോളാണ് അദ്ദേഹം ഇത് പറഞ്ഞത്.

മമ്മൂട്ടിയെന്ന വ്യക്തിയുടെ അധികം ആരും അറിയാത്ത സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍, അത്ര വലിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നില്ലെന്നും, കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ പലപ്പോഴും ബുദ്ധിമുട്ടു തോന്നാറുണ്ടെന്നും 'ഷെയര്‍ ആന്‍ഡ് കെയര്‍ ', 'വാട്ടര്‍ എടിഎം' തുടങ്ങി പല പദ്ധതികളുടേയും അമരക്കാരനായ മമ്മൂട്ടി വിനയാന്വിതനായി.

ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ബാള്‍റൂമില്‍ നടന്ന പരിപാടിയില്‍ പ്രിയ നടനെ കാണാന്‍ ആയിരങ്ങളാണ് എത്തിയത്. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് അല്‍ അമരി, എക്‌സറ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യുട്ടീവ് മോഹന്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഹിറ്റ് 96 .7 എംഫ് എം ആര്‍ജെ നൈല ഉഷ അവതാരകയായിരുന്നു. മമ്മൂട്ടിയുടെ സൗന്ദര്യത്തെക്കുറിച്ചും, മകന്‍ ദുല്‍കറുമൊരുമിച്ചുള്ള സിനിമ എന്ന് പ്രതീക്ഷിക്കാം തുടങ്ങിയ ചോദ്യങ്ങളുമായി ആരാധകരും പങ്കു ചേര്‍ന്നു . സരസമായി മറുപടികള്‍ നല്‍കി, ട്രാഫിക് മൂലം വൈകി എത്തിയതിനു ക്ഷമ ചോദിച്ചുമാണ് മമ്മൂട്ടി വേദി വിട്ടത്.












Click it and Unblock the Notifications