450 പേര്‍ക്ക് ആറ് ബാത്ത്‌റൂം; പ്രവാസികളെ ദൈവം രക്ഷിക്കട്ടെ, ഗള്‍ഫ് തകര്‍ന്നാല്‍ ഏഷ്യ സ്തംഭിക്കും
ദോഹ: കനത്ത പ്രതിസന്ധിയിലൂടെയാണ് ഗള്‍ഫ് മേഖല കടന്നുപോകുന്നത്. ലക്ഷക്കണക്കിന് കുടിയേറ്റ ജോലിക്കാരുള്ള ഗള്‍ഫിലെ ആറ് രാജ്യങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ വിദേശികളായ ജോലിക്കാര്‍ ഏറെ ആശങ്കയിലാണ്. ശമ്പളമില്ലാതെ താമസസ്ഥലത്ത് ദിവസം തള്ളി നീക്കുകയാണവര്‍. ലേബര്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തിങ്ങിഞെരുങ്ങിയാണ് താമസം. സാമൂഹിക അകലം പാലിക്കുക എന്ന നിബന്ധനകള്‍ ഒരിക്കലും ഗള്‍ഫിലെ പ്രവാസികള്‍ക്കിടയില്‍ സാധ്യമല്ല.
ഗള്‍ഫ് മേഖല കൂടുതല്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക് പോകുകയാണ്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ സ്തംഭിക്കും. ലേബര്‍ ക്യാമ്പുകളില്‍ രോഗം പടര്‍ന്നാല്‍ കാട്ടുതീ വ്യാപിക്കും പോലെയാകും. ഗള്‍ഫ് മേഖലയിലെ വിദേശ ജോലിക്കാരുടെ അവസ്ഥ സംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈംസ് നല്‍കിയ റിപ്പോര്‍ട്ട് ഇങ്ങനെ. വിശദാംശങ്ങള്‍...

പ്രതിരോധം എന്ന ലക്ഷ്യം
കൊറോണ വൈറസിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇത് പ്രവാസികള്‍ക്ക് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്ന്. പലരും ശമ്പളമില്ലാതെ താമസസ്ഥലത്ത് കഴിച്ചുകൂട്ടുകയാണ്.

നാട്ടിലേക്ക് വരാന്‍ പറ്റില്ല, ശമ്പളവുമില്ല
ഗതാഗത സംവിധാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് കാരണം നാട്ടിലേക്ക് തിരിക്കാന്‍ പ്രവാസികള്‍ക്ക് സാധിക്കില്ല. എന്നാല്‍ ജോലിയില്ലാത്തതിനാല്‍ ശമ്പളവും ലഭിക്കുന്നില്ല. കൈവശമുണ്ടായിരുന്ന അവശ്യ വസ്തുക്കള്‍ തീര്‍ന്നിരിക്കുന്നു. ചില സ്ഥലങ്ങളില്‍ മാത്രം സന്നദ്ധ സംഘടനകളുടെ സഹായം ലഭിക്കുന്നുണ്ട്.

കൂടുതലും ഈ രാജ്യക്കാര്‍
ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, നേപ്പാള്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഗള്‍ഫ് മേഖലയിലെ ജോലിക്കാരില്‍ കൂടുതല്‍. മിക്കവരും സാധാരണ ജോലിയാണ് ചെയ്യുന്നത്. വന്‍കിട കമ്പനികളിലും മറ്റും ജോലി ചെയ്യുന്നവര്‍ ചുരുക്കമാണ്. അതുകൊണ്ടുതന്നെ ഇവരുടെ താമസം തിങ്ങിനിറഞ്ഞ റൂമുകളിലാണ്.

ലേബര്‍ ക്യാമ്പുകളിലെ ജീവിതം
ഖത്തറിലടക്കമുള്ള ലേബര്‍ ക്യാമ്പുകളില്‍ ഒട്ടേറെ പേരാണ് ഒരുമിച്ച് താമസിക്കുന്നത്. വിദേശ ജോലിക്കാര്‍ വീട്ടിലിരിക്കണമെന്ന് സൗദി ആവശ്യപ്പെട്ടിട്ട് ആഴ്ചകളായി. ജോലിയില്ലാത്തതിനാല്‍ കമ്പനികള്‍ ശമ്പളം നല്‍കുന്നില്ല. മാത്രമല്ല, കടകളിലും മറ്റും ജോലിക്ക് നില്‍ക്കുന്നവരുടെ വരുമാനവും മുടങ്ങി.

കൂടുതലും വിദേശികളികള്‍ക്ക്
പകുതിയിലധികം കൊറോണ വൈറസ് കേസുകളും വിദേശികളിലാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഏപ്രില്‍ അഞ്ചിന് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി. ഇത് കൂടുതല്‍ ബാധിക്കുക വിദേശികളായ ജോലിക്കാരെയാണ്. കോടിക്കണക്കിന് ഡോളറാണ് ഇവര്‍ നാട്ടിലേക്ക് പ്രതിവര്‍ഷം അയക്കുന്ന പണത്തിന്റെ മൂല്യം.

കാട്ടുതീ പോലെ വ്യാപിക്കും
ഗള്‍ഫ് മേഖലയില്‍ വിദേശി ജോലിക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ തിങ്ങിനിറഞ്ഞാണ് കഴിയുന്നത്. ഈ ക്യാമ്പുകളില്‍ കൊറോണ രോഗം ബാധിച്ചാല്‍ കാട്ടുതീ പോലെ വ്യാപിക്കും. അതുകൊണ്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ഗള്‍ഫ് റിസര്‍ച്ചര്‍ ഹിബ സയാദിന്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

ദൈവം രക്ഷിക്കട്ടെ
തിങ്ങിനിറഞ്ഞ് താമസിക്കുന്നതാണ് വലിയ പ്രതിസന്ധി. മാത്രമല്ല, സമ്പൂര്‍ണ ശുചിത്വം പാലിക്കലും മുഴുവനായി ക്യാമ്പുകളില്‍ സാധിക്കില്ലെന്ന് ഖത്തറിലെ കെനിയക്കാരനായ വ്യക്തി പറയുന്നു. ഓയില്‍ കമ്പനി ജീവനക്കാരനാണ് ഇയാള്‍. മറ്റു മൂന്ന് പേര്‍ക്കൊപ്പമാണ് ഇയാള്‍ താമസിക്കുന്നത്. ഇവരുടെ താമസസ്ഥലത്ത് 450 പേരുണ്ട്. ആകെയുള്ളത് ആറ് ബാത്ത് റൂമുകളാണ്. ഇവിടെ സാമൂഹിക അകലം പാലിക്കല്‍ സാധ്യമല്ല. ഇവിടെയുള്ളവരെ ദൈവം രക്ഷിക്കട്ടെ എന്നും ഇയാള്‍ പറയുന്നു.

വിദേശികള്‍ക്ക് ഉപകാരമില്ല
സാമ്പത്തിക മേഖല സംരക്ഷിക്കാന്‍ ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ഗള്‍ഫിലെ സര്‍ക്കാരുകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ പൗരന്‍മാരല്ലാത്ത ജോലിക്കാര്‍ക്ക് ഇത് കാര്യമായി ഉപകരിക്കില്ലെന്നാണ് സാമൂഹിക പ്രവര്‍ത്തക വാണി സരസ്വതി പറയുന്നത്. മൈഗ്രന്റ് റൈറ്റ്‌സ് ഓര്‍ഗിന്റെ അസോഷ്യേറ്റ് എഡിറ്ററാണ് ഇവര്‍.
Recommended Video

രോഗികളുടെ കണക്ക്
ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് രോഗം വ്യാപിച്ചിരിക്കുകയാണ്. സൗദിയില്‍ 5000ത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. യുഎഇയില്‍ 4500 ലധികം പേര്‍ക്കും. ഖത്തറില്‍ 3000ത്തിലധികം പേര്‍ക്കാണ് രോഗം. ബഹ്‌റൈനില്‍ 1367 രോഗികളാണുള്ളത്. ഒമാനില്‍ 727 പേര്‍ക്ക് രോഗമുണ്ടെന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

മരണം കൂടി
അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ചൊവ്വാഴ്ച മാത്രം പത്ത് പേര്‍ രോഗം ബാധിച്ച് മരിച്ചു. സൗദിയില്‍ എട്ട് പേരും കുവൈത്തിലും ബഹ്‌റൈനിലും ഒരാള്‍ വീതവുമാണ് മരിച്ചത്. സൗദിയില്‍ ഇന്ന് 435 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ രോഗികളുടെ എണ്ണം 5369 ആയി ഉയര്‍ന്നു. രാജ്യത്ത് മരണം 73 ആയി.

കുവൈത്തില്‍ വീണ്ടും മരണം
കുവൈത്തില്‍ ചൊവ്വാഴ്ച ഒരാള്‍ മരിച്ചു. ഇതോടെ മൂന്നാമത്തെ മരണമാണ് കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരക്കുന്നത്. 79കാരിയായ കുവൈത്തിയാണ് ഇന്ന് മരിച്ചത്. 55 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ ണ്ണം 1355 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ ഇന്ത്യക്കാരാണ്. കുവൈത്തില്‍ 753 ഇന്ത്യക്കാര്‍ക്കാണ് രോഗമുള്ളത്.

ബഹ്‌റൈനിലും മരണം
ബഹ്‌റൈനില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ബഹ്‌റൈന്‍ പൗരനാണ് മരിച്ചത്. ഇതോടെ ബഹ്‌റൈനില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഗള്‍ഫ് മേഖലയില്‍ കൊറോണ രോഗം ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ബഹ്‌റൈന്‍. 763 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. കൂടുതലും വിദേശികളാണ്. 135 പേര്‍ ഇന്ത്യക്കാരാണ്.

ഖത്തറിലും ഒമാനിലും രോഗികള്‍ കൂടി
ഖത്തറില്‍ ചൊവ്വാഴ്ച 197 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് 3428 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണ് ഇപ്പോള്‍ രോഗം ബാധിച്ചിരിക്കുന്നത്. ഒമാനില്‍ ചൊവ്വാഴ്ച 86 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ 813 പേരാണ് ഒമാനില്‍ രോഗബാധിതര്‍. നേരത്തെ മസ്‌ക്കത്തില്‍ നാല് രോഗികള്‍ മരിച്ചിരുന്നു.












Click it and Unblock the Notifications