ഫുട്‌ബോള്‍ ലോകകപ്പ് ഖത്തറില്‍; കോടികള്‍ മറിഞ്ഞത് പാലക്കാട്... റിഷാബിന്റെ കുടുംബം മൊത്തം കുടുങ്ങും
പാലക്കാട്: ഖത്തറില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പ് ഏറെ ആവേശത്തോടെ സ്വീകരിച്ചവരാണ് മലയാളികള്‍. മല്‍സരങ്ങളുടെ ആദ്യാവസാനം ഖത്തറില്‍ നിറഞ്ഞു നിന്നവരില്‍ മലയാളികളായിരുന്നു മുന്നില്‍. ആഹ്ലാദത്തിന് ഖത്തര്‍ ഭരണകൂടം ആവേശം പകരുകയും ചെയ്തു. ഒരു ഭാഗത്ത് മല്‍സരങ്ങളുടെ ആവേശം കൊടുമ്പിരി കൊള്ളുമ്പോള്‍ മറുഭാഗത്ത് ഫുട്‌ബോള്‍ ലോകകപ്പിന്റെ മറവില്‍ തട്ടിപ്പിന് കളമൊരുക്കി എന്ന വാര്‍ത്തയാണ് പാലക്കാട് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലോകകപ്പിന് വേണ്ടി ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ കിട്ടി എന്ന് പറഞ്ഞാണ് കോടികളുടെ തട്ടിപ്പ് നടന്നത്. കുടുങ്ങുമെന്ന് കണ്ടത്തോടെ സൂത്രധാരന്‍ ഖത്തറിലേക്ക് മുങ്ങി എന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

ആദ്യ മല്‍സരത്തില്‍ സൗദി അറേബ്യയോട് തോറ്റ അര്‍ജന്റീന മല്‍സരങ്ങളുടെ അന്ത്യത്തില്‍ കപ്പ് ഉയര്‍ത്തിയ ടൂര്‍ണമെന്റാണ് ഖത്തറില്‍ നടന്നത്. ഒട്ടേറെ പ്രത്യേകതകള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഖത്തര്‍ ലോകകപ്പ് പ്രമുഖരാല്‍ പ്രശംസിക്കപ്പെട്ടു. എന്നാല്‍ ഈ പേരിലും കേരളത്തില്‍ തട്ടിപ്പ് നടന്നു എന്നാണ് വാര്‍ത്ത. പാലക്കാട് ചന്തപ്പടി സ്വദേശിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കോടികളുടെ തിരിമറിയാണ് നടന്നത്.

ഖത്തര്‍ ലോകകപ്പ് മല്‍സരങ്ങള്‍ക്കായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ലഭിച്ചു എന്നായിരുന്നു ആരോപണ വിധേയനായ ചന്തപ്പടി സ്വദേശി റിഷാബ് സുഹൃത്തുക്കളെ ധരിപ്പിച്ചതത്രെ. ഇതിന് വേണ്ടിയാണ് പണപ്പിരിവ് നടത്തിയത്. കോടികള്‍ സ്വരൂപിച്ചു. അടുത്ത സുഹൃത്ത് കൂടിയായ ടിപി ഷെഫീറില്‍ നിന്ന് മാത്രം 10 കോടി വാങ്ങിയെന്നാണ് പറയപ്പെടുന്നത്.

ലാപ്പ് ടോപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ഖത്തര്‍ ലോകകപ്പിന് വേണ്ടി വിതരണം ചെയ്യാനുള്ള ടെന്‍ഡര്‍ കിട്ടി എന്നായിരുന്നുവത്രെ റിഷാബ് പറഞ്ഞത്. മണ്ണാര്‍ക്കാട് സ്വദേശിയാണ് ഷെഫീര്‍. പണം വാങ്ങിയ ശേഷം ചെറിയ തുക ലാഭവിഹിതമായി തിരിച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ വിശ്വാസ്യത വര്‍ധിച്ചു. എന്നാല്‍ എല്ലാം തട്ടിപ്പാണ് എന്നറിയാന്‍ വൈകിയെന്ന് പണം മുടക്കിയവര്‍ പറയുന്നു.

ഐടി കമ്പനി നടത്തുകയാണ് റിഷാബ്. അതുകൊണ്ടുതന്നെ ലാപ്‌ടോപ്പും ഇലക്ട്രോണിക് ഉപകരണങ്ങളും ഖത്തറിലേക്ക് അയക്കാന്‍ ടെന്‍ഡര്‍ കിട്ടിയെന്ന് പറഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ മല്‍സരങ്ങള്‍ കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും പണം തിരിച്ചുകിട്ടിയില്ല. ലാഭവുമില്ല, മുടക്കിയ പണവുമില്ല. ഇതോടെ പണം കൊടുത്തവര്‍ നിയമ നടപടി ആരംഭിച്ചു.

കോടതി നിര്‍ദേശ പ്രകാരമാണ് റിഷാബിനെതിരെ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ റിഷാബിന്റെ വീട്ടുകാരും പ്രതികളാണ്. റിഷാബിന്റെ ഭാര്യ, മാതാവ്, സഹോദരന്‍ എന്നിവരുള്‍പ്പെടെ ഏഴ് പേരാണ് കേസില്‍ പ്രതികള്‍. കേസ് രജിസ്റ്റര്‍ ചെയ്തതോടെ റിഷാബ് മുങ്ങിയെന്ന് പോലീസ് കരുതുന്നു. ഇയാള്‍ ഖത്തറിലുണ്ടെന്നാണ് സംശയം.

ടിപി ഷെഫീര്‍ പറയുന്നത് ഇങ്ങനെ- ഫിഫ ലോകകപ്പിന്റെ വലിയ ഓര്‍ഡര്‍ കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞാണ് റിഷാബ് പറ്റിക്കാന്‍ തുടങ്ങിയത്. പല കമ്പനികളുടെയും പേരുകള്‍ റിഷാബ് ഉപയോഗിച്ചിരുന്നു. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറിങ് ലഗസി എന്ന ഖത്തറിലെ കമ്പനിയുടെ പേരാണ് ഒടുവില്‍ റിഷാബ് പറഞ്ഞത്. ഇതിന് വേണ്ടി കള്ള ചെക്കുകളും കാണിച്ചു. എന്റെ അയല്‍വാസിയും പ്ലസ്ടു വരെ ഒരുമിച്ച് പഠിച്ചതുമാണ്. മൂന്നാല് വര്‍ഷത്തിനിടെയാണ് ഇത്രയും പണം കൊടുത്തത് എന്നും ഷഫീര്‍ പറയുന്നു.












Click it and Unblock the Notifications