ഖത്തര്‍: നാടന്‍ അറബിയില്‍ സംസാരിക്കാന്‍ പുതിയ മൊബൈല്‍ ആപ്പുമായി വിദ്യാര്‍ഥികള്‍
ഖത്തര്‍: നാടന്‍ അറബിയില്‍ സംസാരിക്കാന്‍ പുതിയ മൊബൈല്‍ ആപ്പുമായി വിദ്യാര്‍ഥികള്‍
ദോഹ: പ്രവാസികളില്‍ അറബി ഭാഷ വശമുള്ളവരെ പോലും കുഴക്കുന്ന വിഷയമാണ് പ്രദേശിക സംസാരഭാഷ. ഓരോ അറബ് രാജ്യത്തും വ്യത്യസ്തമാണ് സംസാരരീതിയും ഉപയോഗിക്കുന്ന വാക്കുകളും. ഇതിന് പരിഹാരമായി ഖത്തറിലെ ജോര്‍ജ്ടൗണ്‍ യൂനിവേഴ്‌സിറ്റി അറബിക് വിഭാഗം വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷനാണ് ഖത്തരി ഫ്രെയ്‌സ്ബുക്ക് (Qatari Phrasebook).
ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കേണ്ടി വരുന്ന 1500 അറബി വാക്കുകളും പ്രയോഗങ്ങളുമാണ് അതിന്റെ ഖത്തരി ഡയലെക്ട് സഹിതം ഇതില്‍ നല്‍കിയിരിക്കുന്നത്. ഇവ വായിക്കാന്‍ മാത്രമല്ല, പ്രാദേശിക രീതിയുള്ള ഉച്ചാരണം കേള്‍ക്കാനും ഇതില്‍ സംവിധാനമുണ്ട്.

ഉപയോഗിക്കുന്നവരുടെ സൗകര്യത്തിനായി ട്രാവെല്‍, ഷോപ്പിംഗ്, ഫുഡ് & ഡ്രിങ്ക്, എമര്‍ജെന്‍സി, വെതര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് വാക്കുകള്‍ നല്‍കിയിരിക്കുന്നത്. ഇത് ഓഫ്‌ലൈനിലും പ്രവര്‍ത്തിക്കുമെന്നതിനാല്‍ ഇന്റര്‍നെറ്റ് ഇല്ലാത്തസമയത്തും ഉപയോഗിക്കാം. നമുക്ക് ആവശ്യമുള്ളതെന്ന് തോന്നുന്ന പ്രധാന വാക്കുകളും പ്രയോഗങ്ങളും പ്രത്യേകം അടയാളപ്പെടുത്തി പെട്ടെന്ന് ലഭ്യമാക്കാനുള്ള സംവിധാനവും ഇതിലുണ്ട്. ആവശ്യമുള്ള വാക്കുകള്‍ തെരഞ്ഞെടുക്കാനുള്ള സേര്‍ച്ച് ഓപ്ഷനും ആപ്പില്‍ ലഭ്യമാണ്.
യൂനിവേഴ്‌സിറ്റിയിലെ അറബി ഇന്‍സ്ട്രക്ടര്‍ ഹാനി ഫസയാണ് ആപ്പിന്റെ ശില്‍പി. അറബി ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ സമയം ലഭിക്കാത്ത പ്രവാസികളെ ലക്ഷ്യമിട്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നതെന്ന് ഹാനി പറയുന്നു. വാക്കുകളുടെ ശരിയായ ഉച്ചാരണം തന്നെ ലഭിക്കുന്നതിന് ഖത്തരികളായ അഞ്ച് കുട്ടികളുടെ ശബ്ദമാണ് ഉച്ചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അറബി ഭാഷ പഠിക്കാനുള്ള മൊബൈല്‍ ആപ്പുകള്‍ ധാരാളമുണ്ടെങ്കിലും അതിന്റെ പ്രാദേശിക വകഭേദം പഠിപ്പിക്കുന്നത് ആദ്യമാണെന്നാണ് ഹാനിയുടെ അവകാശവാദം. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗ്ള്‍ പ്ലേയില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഖത്തറിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാല തന്നെയാണ് ആപ്പ് വികസിപ്പിക്കാനുള്ള സാമ്പത്തിക സഹായവും നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications