യുഎഇ പ്രവാസികള്‍ ശ്രദ്ധിക്കണം; ന്യൂ ഇയര്‍ ആഘോഷം പരിധി വിട്ടാല്‍ പെടും, നിര്‍ദേശവുമായി ഷാര്‍ജ
ദുബായ്: പുതുവര്‍ഷ ദിനത്തിലേക്ക് അടുക്കുകയാണ് ലോകം. 2024നെ വരവേല്‍ക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. പടക്കം പൊട്ടിച്ചും ആഹ്ലാദിച്ചും നിശാപാര്‍ട്ടികള്‍ ഒരുക്കിയുമെല്ലാമാണ് പല രാജ്യങ്ങളിലും ആഘോഷം. എന്നാല്‍ ചില രാജ്യങ്ങളില്‍ ആഘോഷത്തിന് നിയന്ത്രണമുണ്ട്. ഗള്‍ഫില്‍ ന്യുഇയര്‍ ആഘോഷം കെങ്കേമമാകുന്ന രാജ്യമാണ് യുഎഇ. ഇവിടെ എല്ലായിടത്തും ഇത്തവണ ആഘോഷം അനുവദിക്കില്ല.
യുഎഇയില്‍ ന്യൂഇയര്‍ ആഘോഷം വലിയ തോതില്‍ നടക്കുന്നത് ദുബായിലാണ്. എന്നാല്‍ യുഎഇയിലെ പ്രധാന എമിറേറ്റ് ആയ ഷാര്‍ജയില്‍ ഇത്തവണ പടക്കം പൊട്ടിച്ചുള്ള ആഘോഷത്തിന് വിലക്കുണ്ട്. ഇക്കാര്യം ഷാര്‍ജ പോലീസ് അറിയിക്കുകയും ചെയ്തു. എന്താണ് പുതുവര്‍ഷ തലേന്ന് രാത്രി പടക്കം പൊട്ടിച്ചുള്ള ആഘോഷത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ കാരണം എന്നും ഷാര്‍ജ പോലീസ് അറിയിച്ചു.

ഇസ്രായേല്‍ ആക്രമണം നേരിടുന്ന ഗാസയിലെ പലസ്തീന്‍കാരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പടക്കം പൊട്ടിച്ചുള്ള ആഘോഷം ഒഴിവാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. ഷാര്‍ജ പോലീസ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അറിയിച്ചത്. നിയന്ത്രണം ലംഘിച്ച് ആഘോഷം നടത്തിയാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
യുഎഇയിലെ മൂന്നാമത്തെ പ്രധാന എമിറേറ്റ് ആണ് ഷാര്‍ജ. അബുദാബിയും ദുബായിയും കഴിഞ്ഞാല്‍ ഷാര്‍ജയിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ളത്. എന്നാല്‍ യുഎഇയിലെ മറ്റു ആറ് എമിറേറ്റുകളിലും ഇതുവരെ ആഘോഷത്തിന് നിരോധനം പ്രഖ്യാപിച്ചിട്ടില്ല. ദുബായില്‍ ആഘോഷത്തിന് തടസമുണ്ടാകില്ല എന്നുതന്നെയാണ് കരുതുന്നത്.
ഇസ്രായേലുമായി നയതന്ത്ര ബന്ധമുള്ള ഏതാനും ചില അറബ് രാജ്യങ്ങളിലൊന്നാണ് യുഎഇ. 2020ലാണ് യുഎഇയും ഇസ്രായേലും അമേരിക്കയുടെ മധ്യസ്ഥതയില്‍ അബ്രഹാം കരാര്‍ ഒപ്പുവച്ചത്. തുടര്‍ന്ന് ബന്ധം കൂടുതല്‍ ദൃഢമാകവെയാണ് പലസ്തീന്‍ ഇസ്രായേല്‍ യുദ്ധമുണ്ടായത്. ഇതോടെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തില്‍ നിന്ന് പല അറബ് രാജ്യങ്ങളും പിന്മാറി.
ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെടുന്ന പലസ്തീന്‍കാരുടെ എണ്ണം 21000 കടന്നിട്ടുണ്ട്. ആശുപത്രികളും അഭയാര്‍ഥി ക്യാംപുകളും സ്‌കൂളുകളുമെല്ലാം ഇസ്രായേല്‍ ആക്രമിച്ചു. ചര്‍ച്ചുകളും പള്ളികളും ആക്രമിക്കപ്പെട്ടു. രോഗികളും സ്ത്രീകളും കുട്ടികളുമടക്കമാണ് കൊല്ലപ്പെട്ടത്. ഗാസയിലുള്ളവര്‍ക്ക് യുഎഇ വലിയ തോതില്‍ മാനുഷിക സഹായം ചെയ്യുന്നുണ്ട്. പരിക്കേറ്റ കുട്ടികളെ ചികില്‍സിക്കാന്‍ യുഎഇയിലെത്തിച്ചിരുന്നു.
അതേസമയം, യുദ്ധത്തില്‍ നിന്ന് പിന്മാറില്ല എന്നാണ് ഇസ്രായേലും ഹമാസും പറയുന്നത്. ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സമാധാന ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഗള്‍ഫ് രാജ്യങ്ങൡ നിന്ന് ഒട്ടേറെ സഹായ വസ്തുക്കളാണ് ഗാസയിലേക്ക് അയച്ചിട്ടുള്ളത്. ഈജിപ്തിന്റെ സഹായത്തോടെയാണ് ഇവ ഗാസയിലെത്തിക്കാന്‍ ശ്രമിക്കുന്നത്.












Click it and Unblock the Notifications