നിമിഷ പ്രിയയുടെ മോചന ശ്രമങ്ങള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഏകോപിപ്പിക്കും
ന്യൂഡല്‍ഹി: യമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന പാലക്കാട് സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനുള്ള നടപടികള്‍ സുപ്രീംകോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ് ഏകോപിപ്പിക്കും. മോചനത്തിന് വേണ്ടി ശ്രമിക്കുന്ന ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം ചുക്കാന്‍ പിടിക്കുക. നിമിഷയെ കാണാന്‍ യമനിലേക്ക് പോകാനുള്ള ശ്രമത്തിലാണ് കുടംബം. ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളും യമനിലേക്ക് പോകാന്‍ സന്നദ്ധമായിട്ടുണ്ട്. കുര്യന്‍ ജോസഫിന്റെ നേതൃത്വം നടപടികള്‍ വേഗത്തിലാക്കിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു.ദിയാധനം നല്‍കി നിമിഷയുടെ മോചനം സാധ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുബവുമായി ചര്‍ച്ച നടത്താനും ആലോചനയുണ്ട്. ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാവുന്ന ശ്രമങ്ങള്‍ നടത്തുമെന്ന് കുര്യന്‍ ജോസഫ് പറഞ്ഞു.

നിമിഷ പ്രിയയെ കാണാന്‍ അമ്മയും മകളുമാണ് യമനിലേക്ക് പോകാന്‍ ശ്രമിക്കുന്നത്. അനുമതി തേടി ഇവര്‍ വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലിലെ നാല് അംഗങ്ങളും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട യമനി പൗരന്‍ തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പ് ചോദിക്കാനാണ് തീരുമാനം. നയതന്ത്ര ഇടപെടല്‍ ഇനി അസാധ്യമാണെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കുടുംബം നേരിട്ട് യമനിലേക്ക് പോകുന്നത്.
നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരിയും എട്ട് വയസുള്ള മകളുമാണ് യമനിലേക്ക് പോകുന്നത്. നിമിഷ പ്രിയയെ ജയിലിലെത്തി കാണാനും ആലോചിക്കുന്നുണ്ട്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ക്ഷമിക്കുമെന്നാണ് നിമിഷയുടെ കുടുംബത്തിന്റെ പ്രതീക്ഷ. കഴിഞ്ഞാഴ്ച അയച്ച കത്തില്‍ നിമിഷ പ്രിയ ഈ പ്രതീക്ഷ പങ്കുവച്ചിരുന്നു. യമന്‍ തലസ്ഥാനമായ സന്‍ആയിലെ ജയിലിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ. ജോലി ആവശ്യാര്‍ഥം യമനിലെത്തിയ തലാല്‍ അബ്ദു മഹ്ദിയെ വിവാഹം ചെയ്തിരുന്നു. നിമിഷ ചതിക്കപ്പെടുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.
തലാലിനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്. 2017 ജൂലൈയിലാണ് കേസിന് അസ്പദമായ സംഭവം. യമനില്‍ നഴ്‌സായിരുന്നു നിമിഷ. വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ മേല്‍കോടതികള്‍ തള്ളിയ സാഹചര്യത്തില്‍ ഏത് സമയവും വധശിക്ഷ നടപ്പാക്കിയേക്കാം. അവസാന ശ്രമം എന്ന നിലയിലാണ് കുടുംബത്തിന്റെ ഇടപെടല്‍. തലാലിന്റെ കുടുംബം നിമിഷയ്ക്ക് മാപ്പ് നല്‍കിയാല്‍ മാത്രമാണ് ശിക്ഷ നടപ്പാക്കുന്നതില്‍ നിന്ന് രക്ഷപ്പെടുക. നിമിഷയെ സഹായിച്ച കുറ്റത്തിന് സഹപ്രവര്‍ത്തകയായ നഴ്‌സ് ഹനാന് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.












Click it and Unblock the Notifications