എന്‍ആര്‍ഐ കമ്മീഷന്‍ നിയമനം പ്രവാസികള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കും; ഡോ. ഷംഷീര്‍ വയലില്‍
ദുബായ്: പ്രവാസി മലയാളികളുടെ പരാതികള്‍ പരിഹരിക്കാനുള്ള ഏകീകൃത സംവിധാനമായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രവാസി കമ്മീഷന്‍ വലിയ ഉത്തരവാദിത്വമായി ഏറ്റെടുക്കുകയാണെന്ന്, കമ്മീഷന്‍ അംഗമായി നിയമിതനായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ ഒരു സംസ്ഥാന ഗവണ്‍മെന്റ് ഇത് ആദ്യമായാണ് പ്രവാസികള്‍ക്കായി ഇത്തരത്തില്‍ അര്‍ധ ജൂഡീഷ്യല്‍ അധികാരത്തോടു കൂടിയ പ്രവാസി കമ്മീഷന്‍ നടപ്പിലാക്കുന്നത്.
കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ അവകാശങ്ങളും താത്പര്യങ്ങളും വസ്തുവകകളും സംരക്ഷിക്കാനും അവരുടെ നിക്ഷേപങ്ങള്‍ക്കു സംരക്ഷണം നല്‍കാനുമുളള കമ്മീഷന്റെ ഉത്തരവാദിത്വം നടപ്പാക്കാന്‍ പ്രവാസികള്‍ക്കൊപ്പം നിന്ന് പരിശ്രമിക്കുമെന്നും ഡോ. ഷംഷീര്‍ പറഞ്ഞു. പ്രവാസികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുമായി ഇടപെടുമെന്നും, വ്യാജ റിക്രൂട്ട്‌മെന്റുകള്‍ തടയാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള പൊതു സംവിധാനമായി പ്രവാസി കമ്മീഷനെ മാറ്റാന്‍ ആത്മാര്‍ഥമായി ശ്രമിക്കുമെന്നും ഡോ.ഷംഷീര്‍ വയലില്‍ കൂട്ടിച്ചേര്‍ത്തു.

പ്രവാസികളുടെ വോട്ടവകാശത്തിനായി ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയില്‍ ഏറെ നാളായി നിയമ പോരാട്ടം നടത്തുന്ന യുവ വ്യവസായി കൂടിയാണ് ഡോ. ഷംഷീര്‍. ഗള്‍ഫിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ കമ്പനിയായ വി പി എസ് ഹെല്‍ത്ത് കെയറിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമാണ്. 2014 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ എന്ന ബഹുമതി നേടി. ജീവകാരുണ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക്, 2015 ല്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ഡോ. ഷംഷീറിനെ 'ഗ്‌ളോബല്‍ ഹ്യുമാനറ്റെറീന്‍ ' എന്ന രാജ്യാന്തര ബഹുമതി നല്‍കി ആദരിച്ചിരുന്നു.












Click it and Unblock the Notifications