ഇന്ത്യക്കാർക്കുള്ള പ്രവേശന വിലക്ക് നീക്കി ഒമാൻ: രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനം
മസ്കറ്റ്: ഇന്ത്യൻ പ്രവാസികൾക്ക് സുപ്രധാന പ്രഖ്യാപനവുമായി ഒമാൻ. കൊവിഡ് വ്യാപനത്തോടെ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്കാണ് ഒമാൻ നീക്കിയിട്ടുള്ളത്. ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് നീങ്ങിയതോടെ രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ച ആളുകൾക്ക് സെപ്തംബർ ഒന്ന് മുതൽ രാജ്യത്തേക്ക് തിരിച്ചെത്താൻ സാധിക്കും. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസമെങ്കിലും പിന്നിട്ടിരിക്കണം എന്നാണ് ചട്ടം. ഇത്തരക്കാർക്ക് മാത്രമാണ് രാജ്യത്തേക്ക് മടങ്ങിയെത്താൻ സാധിക്കുക. ഒമാൻ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഇന്ത്യയടക്കം 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇതോടെ വിലക്ക് നീങ്ങിയിട്ടുള്ളത്.
Recommended Video

ഒമാന്‍ അംഗീകരിച്ച വാക്‌സിനുകളായ ഓക്സ്ഫഡ് ആസ്ട്രാസെനക്ക, ഫൈസർ, സ്പുട്നിക്ക്, സിനോവാക്ക് എന്നിവ സ്വീകരിച്ചവർക്ക് മാത്രമാണ് തിരിച്ചെത്താൻ സാധിക്കുക. കര, കടൽ, വ്യോമ അതിർത്തികൾ വഴി ഒമാനിലേക്ക് വരുന്നവർക്കെല്ലാം ഇത് ബാധകമായിരിക്കുമെന്നും ഒമാൻ ഭരണകൂടം അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നാലുമാസക്കാലമായി ഒമാനിലേക്ക് യാത്രാവിലക്ക് നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ ആശ്വാസപ്രഖ്യാപനം പുറത്തുവരുന്നത്.

ഒമാൻ ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ആയിരങ്ങളാണ് ഇന്ത്യയിലടക്കം കുടുങ്ങിക്കിടക്കുന്നത്. ഇത്തരക്കാർക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. അറിയിപ്പ് പുറത്തുവന്നതോടെ വിവിധ വിമാന കമ്പനികള്‍ ഇന്ന് വൈകുന്നേരത്തോടെ തന്നെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഒമാൻ റെസിഡന്റ് വിസയുള്ളവർ, ഓൺ അറൈവൽ വിസ ലഭിക്കുന്നവർ, യാത്രയ്ക്ക് വിസ ആവശ്യമില്ലാത്തവർ എന്നീ വിഭാഗത്തിലുള്ളവർക്കാണ് യാത്രാനുമതി ലഭിക്കുക. അതേ സമയം ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് പിൻവലിക്കാത്ത സാഹചര്യച്ചിൽ കഴിഞ്ഞ നവംബറിൽ പ്രാബല്യത്തിൽ വന്ന എയർ ബബിൾ കരാർ അടിസ്ഥാനത്തിലായിരിക്കും വിമാന സർവീസ് തുടങ്ങുക.

യാത്ര പുറപ്പെടുന്നതിന് മുമ്പ് എടുത്തിട്ടുള്ള ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം കൈവശമുള്ളവര്‍ക്ക് ഒമാനിലെത്തിയ ശേഷം ക്വാറന്റൈനിൽ കഴിയേണ്ടതില്ല. പരിശോധനാ ഫലത്തിൽ ക്യുആര്‍ കോഡ് ഉണ്ടായിരിക്കണമെന്ന് നിർബന്ധമാണ്. ട്രാന്‍സിറ്റ് ഉള്‍പ്പെടെ എട്ട് മണിക്കൂറിലധികം യാത്രാ സമയമുള്ള അന്താരാഷ്‍ട്ര വിമാനങ്ങളില്‍ വരുന്നവര്‍ യാത്ര പുറപ്പെടുന്ന സമയത്തിന് 96 മണിക്കൂറിനുള്ളിലുള്ള കൊവിഡ് പരിശോധനാ ഫലമാണ് പരിശോധനയ്ക്കായി സമർപ്പിക്കേണ്ടത്. എട്ട് മണിക്കൂറില്‍ കുറഞ്ഞ യാത്രാ ദൂരമുള്ളവര്‍ 72 മണിക്കൂറിനിടെയുള്ള പരിശോധനാഫലവും ഹാജരാക്കണം.

നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലമില്ലാതെ എത്തുന്നവരാണെങ്കിൽ ഇത്തരക്കാർ ഒമാനില്‍ എത്തിയ ശേഷം പിസിആര്‍ പരിശോധനക്ക് വിധേയമാകുകയും ശേഷം പരിശോധനാ ഫലം വരുന്നത് വരെ ഇലക്ട്രോണിക് ട്രാക്കിങ് ഉപകരണം ധരിച്ച് ക്വാറന്റൈനിൽ കഴിയുകയും വേണം. പിസിആര്‍ പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കില്‍ പരിശോധന നടത്തിയ ദിവസം മുതല്‍ അടുത്ത 10 ദിവസം വരെ ഐസൊലേഷനില്‍ കഴിയണമെന്നാണ് ചട്ടം.

നേരത്തെ രാജ്യത്തിന് പുറത്തുവെച്ച് കൊവിഡ് പോസിറ്റീവാകുകയും പിന്നീട് കൊവിഡ് ഭേദമാവുകയും ചെയ്തിട്ടുള്ളവര്‍ ഒമാനിലെത്തിയ ശേഷം നടത്തുന്ന പിസിആര്‍ പരിശോധനയില്‍ പോസിറ്റീവ് ആയാലും അവര്‍ക്ക് ഐസൊലേഷനിൽ കഴിയേണ്ടതില്ല. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്ന സമയത്ത് ആ രാജ്യത്ത് ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ ഇളവ് ലഭിക്കൂ.
പുത്തന്‍ മേക്കോവറില്‍ കിയാര അദ്വാനി; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications