പ്രവാസികള്‍ക്ക് തിരിച്ചടി; ഒമാന്‍ വിസ മാറ്റം നിര്‍ത്തി; പുതിയ നിബന്ധന... ഈ രാജ്യക്കാര്‍ക്ക് വിസയില്ല
മസ്‌ക്കത്ത്: നിരവധി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഗള്‍ഫ് അറബ് രാജ്യാണ് ഒമാന്‍. കേരളവുമായി പല കാര്യങ്ങളിലും സാമ്യമുള്ള നാട്. ഇന്ത്യയും ഒമാനും വ്യാപാര രംഗത്ത് ദശാബ്ദങ്ങളായി യോജിച്ചു പോകുന്നു. സൈനിക പരിശീലനത്തിനും ഇരു രാജ്യങ്ങളും ഒറ്റക്കെട്ടാണ്. ഈ ഗള്‍ഫ് രാജ്യത്ത് സംഭവിക്കുന്ന ഓരോ മാറ്റങ്ങളും ഇന്ത്യക്കാരെയും പ്രത്യേകിച്ച് മലയാളികളെയും ബാധിക്കും.
ഒമാനില്‍ പ്രവാസികളെ നേരിട്ട് ബാധിക്കുന്ന രണ്ട് തീരുമാനങ്ങളാണ് വന്നിരിക്കുന്നത്. ഒന്ന് നേരിട്ട് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ ബാധിക്കുന്നതും മറ്റൊന്ന് നമ്മുടെ അയല്‍ രാജ്യത്തെ ബാധിക്കുന്നതുമാണ്. ഒമാനില്‍ എത്തുന്ന വിദേശികള്‍ക്ക് ഇനി മുതല്‍ വിസാ മാറ്റം സാധിക്കില്ല എന്നതാണ് പ്രധാനപ്പെട്ട മാറ്റം. വിസ മാറ്റണമെങ്കില്‍ പുതിയ നിബന്ധനയുണ്ട്.

ടൂറിസ്റ്റ് വിസയിലും വിസിറ്റ് വിസയിലും ഒമാനിലെത്തുന്ന വിദേശികള്‍ നിരവധിയാണ്. ഈ വിസകളില്‍ വന്ന് ജോലി തിരക്കുകയും ജോലി ശരിയായാല്‍ വിസ മാറുന്നവരും ഒട്ടേറെ. എന്നാല്‍ ഇനി മുതല്‍ ഈ വിസാ മാറ്റം നടക്കില്ല. വിസിറ്റ് വിസയില്‍ വന്നവര്‍ക്ക് ആ വിസയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളേ ചെയ്യാനാകൂ. ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്കും അതുതന്നെ അവസ്ഥ.
വിസിറ്റ് വിസയില്‍ എത്തി ഫാമിലി വിസയിലേക്കോ ജോലി വിസയിലേക്കോ മാറണം എങ്കില്‍ രാജ്യത്തിന് പുറത്തുപോയി പുതിയ വിസയില്‍ എത്തണം. അല്ലാതെ ഒമാനില്‍ തുടര്‍ന്നുകൊണ്ട് വിസ തരം മാറ്റാനാകില്ല എന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. വിസാ നിയമത്തിലെ പുതിയ മാറ്റം എല്ലാ രാജ്യക്കാര്‍ക്കും ബാധകമാണ്.
താല്‍ക്കാലികമാണ് ഈ മാറ്റം എന്നാണ് അറിയുന്നത്. ചൊവ്വാഴ്ച മുതല്‍ പുതിയ തീരുമാനം നിലവില്‍ വന്നു. ഒമാന്‍ എടുത്ത മറ്റൊരു പുതിയ തീരുമാനം ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ക്ക് ഒരു തരത്തിലുള്ള വിസയും അനുവദിക്കില്ല എന്നതാണ്. എന്താണ് ഈ തീരുമാനത്തിന് കാരണം എന്ന് വ്യക്തമല്ല. നിലവില്‍ ഒമാനിലുള്ള ബംഗ്ലാദേശുകാര്‍ക്ക് പ്രയാസമുണ്ടാകില്ല. അവര്‍ക്ക് വിസ പുതുക്കി കിട്ടും.
വിസിറ്റ് വിസയിലും ടൂറിസ്റ്റ് വിസയിലും ഒമാനിലെത്തുന്നവര്‍ക്ക് 50 റിയാല്‍ നല്‍കി പുതിയ അപേക്ഷ സമര്‍പ്പിച്ചാല്‍ വിസ മാറ്റാന്‍ നേരത്തെ സാധിച്ചിരുന്നു. ഇനി വിസ മാറണമെങ്കില്‍ രാജ്യത്തിന് പുറത്തുപോയി അപേക്ഷ സമര്‍പ്പിക്കണം. പുതിയ തീരുമാനത്തിനുള്ള കാരണം അവ്യക്തമാണെന്ന് പ്രവാസി സംഘടനകള്‍ പറയുന്നു. വൈകാതെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു.












Click it and Unblock the Notifications