ഒഎന്‍വി കവിതാലാപന മത്സരം 'ചൊല്ലരങ്ങിന്റെ വളപ്പൊട്ടുകള്‍' വെള്ളിയാഴ്ച
ദുബായ്: യുഎഇ എക്‌സ്‌ചേഞ്ച്, എന്‍.എം.സി ഹെല്‍ത്ത് കെയര്‍, എക്‌സ്പ്രസ് മണി എന്നിവയുടെ സഹകരണത്തോടെ ഒ.എന്‍.വി ഫൗണ്ടേഷന്‍ നടത്തുന്ന ഒ.എന്‍.വി അന്തര്‍ദ്ദേശീയ പുരസ്‌കാര ദാനത്തോടനുബന്ധിച്ച്, യുഎഇയിലെ സ്‌ക്കൂള്‍ കുട്ടികള്‍ക്കായുള്ള കാവ്യാലാപന മത്സരം 'ചൊല്ലരങ്ങിന്റെ വളപ്പൊട്ടുകള്‍' രണ്ടാം ഘട്ടം നാളെ (ഫെബ്രുവരി മൂന്നിന് വെള്ളി) നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന പരിപാടി യുഎഇ എക്‌സ്‌ചേഞ്ച് മീഡിയ വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ കെ.കെ. മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്യും.
ഒ.എന്‍.വി ഫൗണ്ടേഷന്‍ സെക്രട്ടറി മോഹന്‍ ശ്രീധരന്‍ അധ്യക്ഷത വഹിക്കും. പരിപാടിയില്‍ വിവിധ എമിറേറ്റുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിനാല് കുട്ടികള്‍ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആലാപന മികവ് തെളിയിക്കുന്ന അഞ്ച് കുട്ടികള്‍ ഫെബ്രുവരി 17 ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ നടക്കുന്ന ഹരിത മാനസം സാംസ്‌കാരികോത്സവത്തില്‍ മാറ്റുരയ്ക്കും. അഞ്ച് പേര്‍ക്കും ഓണ്‍ലൈന്‍ സാഹിത്യ പോര്‍ട്ടലായ തസ്രാക്.കോം, ഒ.എന്‍.വി സമ്പൂര്‍ണ്ണ കവിതാ സമാഹാരം സമ്മാനിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ വിശിഷ്ടാതിഥികളില്‍ നിന്നും സമ്മാനങ്ങള്‍ സ്വീകരിക്കും. വിവിധ എമിറേറ്റുകളില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും ഒ.എന്‍.വി ഫൗണ്ടേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.

രാവിലെ ഒമ്പതരയ്ക്ക് പ്രശസ്ത അറബ് കവി ഡോ.ശിഹാബ് ഘാനം സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്യും. പ്രശസ്ത ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രൊഫ: വി. മധുസൂദനന്‍നായര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രമുഖ നോവലിസ്റ്റ് ഡോ.ജോര്‍ജ്ജ്ഓണക്കൂര്‍, രാജീവ് ഒ. എന്‍. വി, എഴുത്തുകാരന്‍ ബഷീര്‍ തിക്കോടി തുടങ്ങി കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഒ. എന്‍. വിയുടെ സുന്ദരഗാനങ്ങളും കവിതകളും കോര്‍ത്തിണക്കിയ 'മാണിക്യവീണ' സംഗീതവിരുന്നും, നൃത്തശില്പങ്ങളും അരങ്ങേറും. പ്രശസ്ത പിന്നണി ഗായിക ഗായത്രി അശോകന്‍, അപര്‍ണ്ണരാജീവ്, മീനാക്ഷി, അപ്‌സര ശിവപ്രസാദ്, സായിബാലന്‍, രാജീവ് ഒ.എന്‍.വി, ശരത്ത് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും. അനുപമ പിള്ള, അഞ്ജു രഞ്ജിത്, വിധുന വിശ്വനാഥന്‍ എന്നിവര്‍ നയിക്കുന്ന നൃത്തശില്പങ്ങളും അരങ്ങേറും.
മലയാളത്തിന്റെ പ്രമുഖ സാംസ്‌കാരികമുഖങ്ങളായ സുഗതകുമാരി, ഡോ: കെ. ജയകുമാര്‍, ഡോ: ജോര്‍ജ്ജ്ഓണക്കൂര്‍, പ്രൊഫ: വി. മധുസൂദനന്‍നായര്‍, രാജീവ് ഒ. എന്‍. വി. എന്നിവരാണ് ഫൗണ്ടേഷന്റെ ഉപദേശകസമിതി അംഗങ്ങള്‍. ഒ. എന്‍. വി.കവിതകളുടെ സാമൂഹ്യപാരിസ്ഥിതികമാനുഷികമൂല്യങ്ങള്‍ കൂടുതല്‍ ആസ്വാദകരിലേക്ക് എത്തിക്കുകയാണ് സാംസ്‌കാരികോത്സവത്തിന്റെ ലക്ഷ്യം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 050 7592711,050 8972580












Click it and Unblock the Notifications