സൗദി എയർലൈൻസില്‍ നിന്നും പുറത്തിറക്കിയവർക്ക് ഇതുവരേയും മടങ്ങാനായില്ല: പ്രതികരിച്ച് കമ്പനി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പുറത്തിറക്കിയ സൗദി എയർലൈൻസില്‍ യാത്ര ചെയ്യേണ്ടിയിരുന്നവരുടെ തുടർ യാത്ര അനിശ്ചിതത്വത്തില്‍. സാങ്കേതിക തകരാറിനെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു റിയാദിലേക്ക് പുറപ്പെടാനിരുന്ന യാത്രക്കാരില്‍ ഒരു വിഭാഗത്തെ ഇറക്കി വിട്ടത്. ഇവർ ഇപ്പോള്‍ കൊച്ചിയിലെ ഹോട്ടലില്‍ കഴിയുകയാണ്. രാത്രി 8.30 30ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്
റിയാദില്‍ മറ്റു രാജ്യങ്ങളിലേക്ക് പോകേണ്ട യാത്രക്കാരുമായി വിമാനം ഇന്നലെ രാത്രി തന്നെ മടങ്ങിയിരുന്നു. 120 പേരാണ് നെടുമ്പാശ്ശേരിയില്‍ കുടുങ്ങിയത്. തങ്ങള്‍ക്ക് എത്രയും പെട്ടെന്ന് യാത്ര സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യാത്ര മുടങ്ങിയവർ വിമാനത്താവളത്തിനുള്ളില്‍ പ്രതിഷേധിച്ചു. ഇന്ന് വൈകീട്ടും രാത്രിയുമുള്ള വിമാനങ്ങളില്‍ യാത്രക്കാരെ റിയാദിലേക്ക് എത്തിക്കാനാണ് സാധ്യത.

വാതിലിന് തകരാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു റിയാദിലേക്കുള്ള യാത്രക്കാരെ മാത്രം ഇറക്കിവിട്ടത്. യാത്രക്കാരെല്ലാം കയറിയതിന് ശേഷമായിരുന്നു തകരാർ കണ്ടത്. മുന്നറിയിപ്പില്ലാതെ യാത്രക്കാരെ പുറത്തിറക്കിയത് നേരിയ തോതിലുള്ള സംഘർഷത്തിനും ഇടയാക്കിയിരുന്നു.
അതേസമയം, യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ട സംഭവത്തില്‍ പ്രതികരണവുമായി സൗദി എയര്‍ലൈന്‍സും രംഗത്ത് വന്നു. യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഒരുക്കുമെന്ന് അധികൃതര്‍ പറയുന്നത്. ഇന്ന് വൈകുന്നേരത്തോടെ യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ വിമാനം പുറപ്പെട്ടേക്കും. സൗദി എയര്‍ലൈന്‍സിന്റെ ഇന്നത്തെ സര്‍വീസില്‍ മാറ്റമില്ലെവന്ന് അധികൃതര്‍ അറിയിച്ചു












Click it and Unblock the Notifications