2001 ന് മുന്പുള്ള പാസ്പോര്‍ട്ടുകള്‍ തിരിച്ചേല്‍പ്പിച്ച് പുതിയത് കൈപ്പറ്റണം
തിരുവനന്തപുരം: 2001 ന് മുമ്പ് നല്‍കിയതും യന്ത്രസഹായത്തോടെ വായിക്കാന്‍ കഴിയാത്തതുമായ പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ അവ തിരിച്ചേല്‍പ്പിച്ച് പുതിയത് കൈപ്പറ്റണമെന്ന് തിരുവവന്തപുരം മേഖല പാസ്‌പോര്‍ട്ട് ഓഫീസര്‍. ഇത്തരം പാസ്‌പോര്‍ട്ടുകള്‍ക്ക് 2015 നവംബര്‍ 24 ന് ശേഷം നിയമസാധുതയുണ്ടാകില്ല. രാജ്യാന്തര സിവില്‍ വ്യോമയാന സംഘടനയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോര്‍ട്ടുകള്‍ തിരിച്ചേല്‍പ്പിയ്ക്കാനും പുതിയവ കൈപ്പറ്റാനും ആവശ്യപ്പെട്ടത്.
2001 മുതലാണ് യന്ത്രസഹായത്തോടെ വായിക്കാന്‍ കഴിയുന്ന പാസ്‌പോര്‍ട്ടുകള്‍ നല്‍കി തുടങ്ങിയത്. എന്നാല്‍ അതിന് മുമ്പ് നല്‍കിത്തുടങ്ങിയ പാസ്‌പോര്‍ട്ടുകള്‍ മുഴുവനും യന്ത്രസഹായത്തോടെ വായിക്കാന്‍ കഴിയാത്താവയാണ്. കൈകൊണ്ട് എഴുതിയവയും അസല്‍ ഫോട്ടോ ഒട്ടിച്ച പാസ്‌പോര്‍ട്ടുകളും യന്ത്രസഹായത്തോടെ വായിക്കാന്‍ കഴിയാത്തവയാണ്.

ഇത്തരത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ പുതിയ പാസ്‌പോര്‍ട്ടിനായി മുന്‍കൂട്ടി അപേക്ഷ നല്‍കണം. രാജ്യാന്തരയാത്രയ്ക്കും വീസയും മറ്റും ലഭിയ്ക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനുമാണ് മുന്‍കൂട്ടി അപേക്ഷ സ്വീകരിയ്ക്കുന്നത്. 2014 നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം യന്ത്രസഹായത്തോടെ വായിക്കാന്‍ കഴിയാത്ത തരത്തിലുള്ള 2,86,000 പാസ്‌പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.passportindia.gov.in ലോ ദേശീയ തലത്തിലുള്ള കോള്‍സെന്‍ററിന്റെ ടോള്‍ഫ്രീ നമ്പരായ 18002581800 ലോ ബന്ധപ്പെടാവുന്നതാണ്. ഇന്ത്യയ്ക്ക് പുറത്ത് താമസിയ്ക്കുന്നവര്‍ക്ക് അതാത് ഇന്ത്യന്‍ മിഷനുകളുമായി ബന്ധപ്പെടാം.












Click it and Unblock the Notifications