ഡീസല്‍ വില കുറഞ്ഞ് 64 രൂപയില്‍ എത്തി: ബസ് ടിക്കറ്റ് നിരക്ക് കുറച്ചു, ഇവിടെങ്ങും അല്ല, അങ്ങ് യുഎഇയില്‍
ഷാർജയിൽ നിന്ന് ഇന്റർസിറ്റി ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്തയുമായി ട്രാന്‍സ്പോർട്ട് വകുപ്പ് അധികൃതർ. മെയ് 2 മുതൽ 3 ദിർഹം വരെയാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ധന നിരക്ക് കുറഞ്ഞതോടെയാണ് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) എല്ലാ ഇന്റർസിറ്റി റൂട്ടുകളിലും ബസ് നിരക്കുകൾ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്.
ഷാർജയിലെ റോളയിൽ നിന്ന് ദുബായിലെ മാൾ ഓഫ് എമിറേറ്റ്‌സിലേക്കുള്ള ബസ് നിരക്ക് ഇപ്പോൾ നേരത്തേതിനേക്കാള്‍ 3 ദിർഹത്തോളമാണ് കുറച്ചിരിക്കുന്നത്. നേരത്തെ ഈ റൂട്ടിലെ യാത്രക്ക് 20 ദിർഹമായിരുന്നു ഈടാക്കിയിരുന്നതെങ്കില്‍ പുതിയ തീരുമാനപ്രകാരം 17 ദിർഹമാണ്. റൂട്ട് 112-ലെ ബസ് ടിക്കറ്റ് നിരക്ക് 1 ദിർഹം കുറച്ചു, 7 ദിർഹം എന്നത് 6 ദിർഹമാക്കി. റൂട്ട് 114ല്‍ 8 ദിർഹത്തിൽ നിന്ന് 6 ദിർഹമായി കുറഞ്ഞു.

ചെറിയ റൂട്ടുകളില്‍ മുമ്പത്തെ 8 ദിർഹത്തിൽ നിന്ന് ഇപ്പോൾ 6 ദിർഹമാണ് ഈടാക്കുന്നത്. ദൈർഘ്യമേറിയ യാത്രകള്‍ക്ക് പഴയ 30 ദിർഹത്തിൽ നിന്ന് 27 ദിർഹമാണ് ഇനി മുതല്‍ ഈടാക്കുക. 116, 611, 616 എന്നീ റൂട്ടുകള്‍ക്കുള്ള നിരക്കുകളും 2 ദിർഹത്തിനും 3 ദിർഹത്തിനും ഇടയിൽ കുറച്ചിട്ടുണ്ട്. 113, 308, 309, 313, 117, 118, 811 റൂട്ടുകളിലെ യാത്രക്കാർക്ക് ഓരോ ട്രിപ്പിലും 2 ദിർഹം മുതൽ 3 ദിർഹം വരെ ലാഭിക്കാന്‍ സാധിക്കും.
അതേസമയം, റൂട്ട് 811 (ഷുവൈബിനും അൽ ഐനിനും ഇടയിൽ), യാത്രാ നിരക്ക് 10 ദിർഹം ആയി തുടരും. മാർച്ച് മുതൽ തുടർച്ചയായി മൂന്ന് മാസമായി യുഎഇയിൽ ഡീസൽ വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഏപ്രിലിലെ 3.03 ദിർഹത്തിൽ നിന്ന് 12 ഫിൽസ് കുറച്ച് മെയ് മാസത്തിൽ ഒരു ലിറ്റർ ഡീസലിന് 2.91 ദിർഹമാണ് ഈടാക്കുന്നത്. അതായത് 64 ഇന്ത്യന്‍ രൂപ.
മാർച്ചിൽ ഡീസൽ ലിറ്ററിന് 3.14 ദിർഹം വിലയിൽ നിന്ന് 11 ഫിൽസും കുറച്ചിരുന്നു. ഫെബ്രുവരിയിൽ ലിറ്ററിന് ഡീസൽ വില 3.38 ദിർഹമായിരുന്നു, കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏകദേശം അര ദിർഹം അല്ലെങ്കിൽ 47 ഫിൽസ് യു എ ഇയില്‍ ഡീസൽ വിലയിൽ കുറവുണ്ടായിട്ടുണ്ട്.
ഇന്ധന വില കുറഞ്ഞത്, ഇത് ബസ് നിരക്കുകൾ കുറയ്ക്കുന്നതിന് മാത്രമല്ല, ഉപഭോക്തൃ വസ്തുക്കളുടെ ഗതാഗത ചെലവ് കുറയ്ക്കുന്നതിനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മെയ് മാസത്തിൽ താമസക്കാർക്ക് പലചരക്ക് വില കുറയുന്നതിന് കാരണമാകും. അതേസമയം, 2023 മെയ് മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.16 ദിർഹമായിരിക്കും, അതുപോലെ, സ്പെഷ്യൽ 95 പെട്രോൾ വില ലിറ്ററിന് 2.90 ദിർഹത്തിൽ നിന്ന് 3.05 ദിർഹമായും ഇ-പ്ലസ് ലിറ്ററിന് 2.82 ദിർഹത്തിൽ നിന്ന് 2.97 ദിർഹമായും ഉയർത്തിയിട്ടുണ്ട്.












Click it and Unblock the Notifications